|    Apr 25 Wed, 2018 6:31 am
FLASH NEWS

വായിക്കുന്ന കാര്യങ്ങള്‍ സ്വയം വിലയിരുത്തണം: മന്ത്രി

Published : 26th June 2016 | Posted By: SMR

തിരുവല്ല: വായിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ സ്വയം വിലയിരുത്തണമെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് -വിദ്യാഭ്യാസ വകുപ്പുകളുടെയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനദിന-വാരാഘോഷത്തിന്റെ ജില്ലാതല സമാപനം തിരുവല്ല എസ്‌സിഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായിക്കുന്ന കാര്യങ്ങള്‍ അതേപോലെ ഉള്‍ക്കൊള്ളുന്നത് ദോഷകരമാവും. പ്രസാധകരുടെയും എഴുത്തുകാരുടെയും ലക്ഷ്യം മനസ്സിലാക്കി വിമര്‍ശന ബുദ്ധിയോടെ വായന നടത്തണം. മനസ്സിനെ വിപുലപ്പെടുത്തുന്നതിനും പ്രതിഭയെ വളര്‍ത്തിയെടുക്കുന്നതിനും ഭാഷയുടെ പ്രയോഗം സമ്പുഷ്ടമാക്കുന്നതിനും വായന വഴിയൊരുക്കും. വായിച്ച് സംഗ്രഹിച്ച് മനസ്സിലാക്കുന്ന സൂഷ്മത മറ്റൊന്നിലൂടെയും ലഭിക്കില്ല. വായിക്കുന്നതിന് വലിയ ഏകാഗ്രത ആവശ്യമാണ്. വായനയിലൂടെ നാമറിയാതെ മസ്തിഷ്‌കത്തെ സൂഷ്മമായ നിരീക്ഷണ പ്രാപ്തിയുള്ള ആയുധമാക്കി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു പുസ്തകത്തിലെ അന്തസ്സത്ത ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ണമായി ഗ്രഹിക്കാന്‍ ശേഷിയുള്ള വ്യക്തിയായിരുന്നു ഡോ. നൈനാന്‍ കോശി. സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി ഇ.എം.എസും പുസ്തക വായനയില്‍ ഒന്നാമതായിരുന്നു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തെ ഊടും പാവും നല്‍കി വളര്‍ത്തിയെടുത്തത് പി.എന്‍. പണിക്കരാണ്. കഴിഞ്ഞ തവണ എംഎല്‍എയായിരിക്കുമ്പോള്‍ തിരുവല്ല മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ഓരോ സ്മാര്‍ട്ട് ക്ലാസ് സ്ഥാപിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ എല്ലാ ക്ലാസും ഡിജിറ്റല്‍ ക്ലാസാക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ലെയ്‌സമ്മ വി കോരയെയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി ജി ഗോപിനാഥപിള്ളയെയും മന്ത്രി ആദരിച്ചു. ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പി.എന്‍. പണിക്കര്‍ സ്മാരക പുരസ്‌കാരം പന്തളം കുളനട കൈപ്പുഴ കേരള വര്‍മ്മ സ്മാരക ഗ്രന്ഥശാല- വായനശാലയ്ക്ക് മന്ത്രി സമ്മാനിച്ചു.
വിദ്യാര്‍ഥികള്‍ നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.എസ്‌സിഎസ് എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ വായനവാരത്തോടനുബന്ധിച്ച് തയാറാക്കിയ അക്ഷരമരം പ്രദര്‍ശനം നഗരസഭ ഉപാധ്യക്ഷ ഏലിയാമ്മ തോമസും കൈയെഴുത്ത് മാസികകളുടെ പ്രദര്‍ശനം ബിജു ലങ്കാഗിരിയും ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss