|    Jun 22 Fri, 2018 10:46 pm
FLASH NEWS

വായനാശീലം ഇല്ലാതാക്കിയതില്‍ മനംനൊന്ത് സെയ്ദു മുഹമ്മദ്

Published : 9th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: വായനാശീലം ഏറെയുണ്ടായിരുന്ന കേരളത്തിലെ ജനങ്ങളെ അതില്‍ നിന്നു പിന്തിരിപ്പിച്ചത് ടിവി സീരിയലുകളാണെന്ന് സൈയ്ദു മുഹമ്മദ്. മധ്യ കേരളത്തിലെ ഒട്ടനവധി എഴുത്തുകാരെ വായിക്കാനും എഴുതാനും പ്രേരിപ്പിച്ച ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപം പുതുപ്പറമ്പില്‍ എന്ന ഫാത്തിമാ മന്‍സിലില്‍ സെയ്ദു മുഹമ്മദ് ഇതുപറയുമ്പോള്‍ മുഖത്ത് കടുത്ത നിരാശ. ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസിക്കു സമീപം ആറു പതിറ്റാണ്ടായി ബുക് സ്റ്റാള്‍ നടത്തിവന്നിരുന്ന അദ്ദേഹത്തിനു പറയാന്‍ ഒത്തിരികാര്യങ്ങള്‍. അക്കാലത്ത് സിപിഐ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ കാസീംകണ്ണ്് വിതരണം കഴിഞ്ഞ ജനയുഗം പത്രം വില്‍പ്പനയ്ക്കായി തന്റെ ഫ്രൂട്ട് സ്റ്റാളില്‍ കൊണ്ടുവയ്ക്കുക പതിവായിരുന്നു. കൂട്ടത്തില്‍ പഴയ വാരികകളും മാസികകളും കൊണ്ടുവരും. 60കളില്‍ അതെല്ലാം വാങ്ങാന്‍ ഏറെ ആളുകളുണ്ടായിരുന്നു. തുടര്‍ന്ന് ഓരോ പത്രത്തിന്റെയും വാരികകളുടേയും മാസികകളുടേയും ഏജന്‍സിയായി. ചുരുക്കത്തില്‍ മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ പത്രം വില്‍ക്കുന്ന കച്ചവടസ്ഥാപനമായി മാറി. അറിയപ്പെടുന്ന ഒട്ടനവധി എഴുത്തുകാരുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രം കൂടിയായിരുന്നു അന്നു തന്റെ കട. അവര്‍ക്കൊക്കെ ഇരിക്കാനും വായിക്കാനും സൗകര്യവും ചെയ്യും. സിനിമാരംഗത്തെ ഐ വി ശശി, പ്രേംനസീര്‍ തുടങ്ങി ഒട്ടേറെപ്പേരും തന്റെ കടയിലെ നിത്യസന്ദര്‍ശകരായിരുന്നു. കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജിന്റെ പിതാവ് കെ നാരായണക്കുറുപ്പും കല്യാണ കൃഷ്ണന്‍നായര്‍ എംഎല്‍എയും മാത്രമല്ലാ ബാബു കുഴിമറ്റം ഉള്‍പ്പെടെയുള്ള നിരവധി എഴുത്തുകാരും അക്കാലത്തെ തന്റെ കടയിലെ സ്ഥിരം സന്ദര്‍ശകരും ഉറ്റ സുഹൃത്തുക്കളുമായി. അക്കാലത്ത് അവരില്‍ ചിലര്‍ എഴുതിയ ലേഖനങ്ങളിലും പുസ്തകങ്ങളിലും തന്റെ പേര്‍ നിരവധി പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും അദ്ദേഹം ഓര്‍ക്കുന്നു. അക്കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന പല എഴുത്തുകാര്‍ക്കും യാത്രക്കാവശ്യമായ പണംപോലും സെയ്ദുമുഹമ്മദ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ രണ്ട് അറിയപ്പെടുന്ന പത്ര മാധ്യമങ്ങളുടെ ഉടമകള്‍പ്പോലും തന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. കാസീംകണ്ണുമായി ചേര്‍ന്നു ആദ്യം കടയ്ക്ക് ഇട്ട പേരു ജനതാ സ്റ്റാള്‍ എന്നായിരുന്നു. പിന്നീട് അത് ജനതാ ബുക്ക് സ്റ്റാളായി. ബോംബെ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ ട്രെയിനുകളിലും തന്റെ കടയിലേക്കു ഹിന്ദി, ഇംഗ്ലീഷ് മാസികകളുടെ ഒരു കെട്ടെങ്കിലും ഇല്ലാത്ത ഒറ്റദിവസം പോലും കടന്നുപോയിട്ടില്ല. കടയില്‍ സ്ഥല പരിമിതി മൂലം റോഡിലേക്ക് ഇറങ്ങിയായിരുന്നു പുസ്തകങ്ങളെല്ലാം വച്ചിരുന്നതും വിറ്റിരുന്നതും. വളരെ പെട്ടെന്നായിരുന്നു അവയെല്ലാം ചെലവായിരുന്നത്. നാനൂറും അഞ്ഞൂറും വീക്കിലികള്‍വരെ ഒറ്റദിവസം വിറ്റിരുന്നു.ഇതിനിടയില്‍ സ്വന്തമായി ഒരു മാസിക ഇറക്കിയിരുന്നെങ്കിലും അതു മുന്നോട്ടുകൊണ്ടു പോവാനായില്ല. പില്‍ക്കാലത്ത് ചില മാധ്യങ്ങല്‍ പൊന്നാടയണിയിച്ച് തന്നെ ആദരിക്കുകയുണ്ടായി. ടിവിയുടെ കടന്നുവരവോടെ വായനാശീലം മെല്ലെ മലയാളികളില്‍ നിന്നു കുറഞ്ഞുവന്നു. ഇപ്പോള്‍ 81 വയസ്സില്‍ എത്തിനില്‍ക്കുന്ന അദ്ദേഹം 2007 ജനുവരി 22ന് മകനെ കട ഏല്‍പ്പിച്ചു തനിയെ ബുക്ക് സ്റ്റാളില്‍ നിന്നു പടിയിറങ്ങി. ആറു മാസം മുമ്പുവരെ മകന്‍ കട നടത്തിയെങ്കിലും ഇപ്പോള്‍ ഒരു ബന്ധുവിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. നിരവധിപേരെ വായിക്കാന്‍ പ്രേരിപ്പിച്ച തന്നെ ഒട്ടനവധി ബഹുമാന്യ വ്യക്തികള്‍ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. തനിക്കു ആരെയും അറിയില്ലെങ്കിലും തന്നെ എല്ലാവര്‍ക്കും അറിയാവുന്ന നിലയിലേക്കു താന്‍ വളര്‍ന്നതായി ഒട്ടേറെ അനുഭവങ്ങളിലൂടെ മനസ്സിലാക്കാനായി. കഷ്ടപ്പാടു സഹിച്ചു നല്ല നിലയില്‍ കഴിയാനായെങ്കിലും റെയില്‍വേ വികസനത്തിന്റെ ഭാഗമായി തന്റെ വീടു പൊളിച്ചുമാറ്റേണ്ടി വന്നതില്‍ ഏറെ ദു:ഖവും അദ്ദേഹത്തെ വേട്ടയാടുന്നു. നഗരംവിട്ടു വീട്ടിലേക്കു മടങ്ങിയെങ്കിലും വെറുതെയിരിക്കാന്‍ ഇഷ്‌പ്പെടാത്ത അദ്ദേഹം പൊളിച്ച വീടിന്റെ ബാക്കിയായി അവശേഷിക്കുന്ന ഒറ്റമുറിയില്‍ ചെറിയ സ്‌റ്റേഷനറിയുമായി കഴിഞ്ഞുകൂടുന്നു. അഞ്ചു മക്കളും സുഖമായി കഴിയുമ്പോള്‍ താന്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപാവാനാവാത്തതിലുള്ള ദു:ഖവും അദ്ദേഹത്തിനുണ്ട്. കമ്മ്യൂനിസ്റ്റു പാര്‍ട്ടികള്‍ പിളര്‍ന്നതോടെ  സിപിഐയില്‍ ഉറച്ചുനിന്ന അദ്ദേഹം സിപിഎമ്മുമായി ചേര്‍ന്നു മുന്നോട്ടുപോവരുതെന്ന അഭിപ്രായക്കാരനായിരുന്നു. അതുപാര്‍ട്ടിയെ ഇല്ലാതാക്കുമെന്നും വിശ്വസിച്ചു. എന്നാല്‍ പാര്‍ട്ടി തീരുമാനം തന്റെ വിശ്വാസത്തിനു എതിരായതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനവും അവസാനിപ്പിച്ചു. ഇപ്പോള്‍ താന്‍ പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞിരിക്കുക മാത്രമല്ല, ആദ്യകാല സുഹൃത്തുക്കളെല്ലാം തന്റെ നിലപാടു ശരിയാണെന്നും പറയുന്നു. എങ്കിലും തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ കഴിഞ്ഞകാല ഓര്‍മകള്‍ അയവിറക്കുമ്പോള്‍ ഒട്ടനവധി എഴുത്തുകാര്‍ തന്റെ ഓരംചേര്‍ന്നു നിന്നവരാണെന്ന അഭിമാനവും ഏറെ സംതൃപ്തി നല്‍കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss