|    Jul 20 Fri, 2018 12:41 pm
FLASH NEWS

വായനശാലയ്ക്ക് അനുവദിച്ച ഫണ്ടില്‍ അഴിമതി; നവീകരണ കമ്മിറ്റി കണ്‍വീനറെ പുറത്താക്കി

Published : 16th September 2017 | Posted By: fsq

 

മാനന്തവാടി: കണിയാരം പ്രഭാത് വായനശാല നവീകരണ പ്രവൃത്തിയില്‍ അഴിമതി നടത്തുകയും ഫണ്ട് ലാപ്‌സാക്കുകയും നവീകരണ കമ്മിറ്റി അംഗങ്ങളുടെ വ്യാജ ഒപ്പിടുകയും ചെയ്ത നവീകരണ കമ്മിറ്റി കണ്‍വീനര്‍ പി ജി വിജയനെ വായനശാലയില്‍ നിന്നു പുറത്താക്കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്മിറ്റിയില്‍ നിന്നും വായനശാലാ അംഗത്വത്തില്‍ നിന്നുമാണ് വിജയനെ പുറത്താക്കിയത്. വായനശാലയുടെ നവീകരണ പ്രവൃത്തികള്‍ക്കായി മാനന്തവാടി മുനിസിപ്പാലിറ്റി അനുവദിച്ച രണ്ടുലക്ഷം രൂപയുടെ ഫണ്ടുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നത്. മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ വി യു ജോയി വായനശാലാ സെക്രട്ടറിയും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും മാനന്തവാടി മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പി ടി ബിജു അംഗവുമായ വായനശാലയിലാണ് അഴിമതി നടത്തിയതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വായനശാല അന്വേഷണ കമ്മീഷനെ നിയമിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയുമായിരുന്നു. പ്രവൃത്തി പൂര്‍ത്തിയാക്കിയ ശേഷം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫിസില്‍ നിന്നു പ്രവൃത്തി പൂര്‍ത്തീകരിച്ചെന്നുള്ള അനുമതി ലഭിക്കാന്‍ പതിനായിരത്തി എഴുന്നൂറ് രൂപ നല്‍കിയതായി പി ജി വിജയന്‍ അറിയിച്ചിരുന്നു. പണം നല്‍കിയെന്നുള്ള കണക്ക് നവീകരണ കമ്മിറ്റി കണ്‍വീനറായ വിജയന്‍ വായനശാല കമ്മിറ്റിക്ക് നല്‍കിയ കണക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതു തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു പുറമെ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നിന്നു ഫണ്ട് ലഭിക്കുന്നതിന് വേണ്ടി പതിനൊന്ന് പേര്‍ ഒപ്പിട്ട അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ വായനശാല പ്രസിഡന്റ് അടക്കമുള്ള ആറുപേരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. മുനിസിപ്പാലിറ്റി അനുവദിച്ച രണ്ടുലക്ഷം രൂപ വേണ്ട വിധത്തില്‍ ഉപയോഗിക്കാത്തതിനാല്‍ വായനശാലയ്ക്ക് ലഭിക്കേണ്ട അന്‍പതിനായിരം രൂപ നഷ്ടപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. രണ്ടുലക്ഷം രൂപ അനുവദിച്ചതില്‍ ഒരു ലക്ഷത്തി മുപ്പത്തി ആറായിരം രൂപയുടെ കണക്ക് മാത്രമാണ് മുനിസിപ്പാലിറ്റിക്ക് നല്‍കിയത്. ഇതുമൂലം വായനശാലയ്ക്ക് 50000 രൂപയോളം നഷ്ടപ്പെടുകയും ചെയ്തതായി വായനശാലാ സെക്രട്ടറി വി യു ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പൂര്‍ണമായി വായനശാലാ കമ്മിറ്റി അംഗീകരിക്കുകയും പി ജി വിജയനെ വായനശാല കമ്മിറ്റിയില്‍ നിന്നും അംഗത്വത്തില്‍ നിന്നും പുറത്താക്കുകയുമായിരുന്നു. വിജയനെതിരേ പണം തട്ടിപ്പ് നടത്തിയതിനും വ്യാജ ഒപ്പിട്ടതിനും നിയമനടപടി സ്വീകരിക്കുമെന്നും വായനശാലയുടെ നഷ്ടപ്പെട്ട തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വായനശാലാ ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss