|    Sep 24 Mon, 2018 9:30 pm
FLASH NEWS

വായനയുടെ തെളിച്ചം

Published : 23rd January 2017 | Posted By: G.A.G

 

01
1996ല്‍ തേജസ് മാസികയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ പ്രസിദ്ധീകരണമേഖലയില്‍ ആകെയുള്ള പരിചയം പ്രിന്റിങ് ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനത്തില്‍ ഡിടിപി പഠിക്കാന്‍ വൈകുന്നേരങ്ങളില്‍ പോയിരുന്നുവെന്നതു മാത്രം. എന്നെ കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെന്ററിലെ തന്റെ ഓഫീസിലേക്കു വിളിച്ചു വരുത്തി ഇ അബൂബക്കര്‍ പുതിയൊരു ജോലി ഏല്‍പിക്കുമ്പോള്‍ ചുമക്കാന്‍ പോകുന്ന ഭാരത്തെ കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.
ചെറിയ സംരംഭം എന്ന നിലക്ക് ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ ഒരു മുറിയില്‍ തുടങ്ങിയ തേജസ് മാസിക വളരെ പെട്ടെന്നാണ് പുരോഗതിയുടെ പടവുകള്‍ കൈയടക്കിയത്. എഡിറ്റോറിയല്‍ ചുമതല പി അഹ്മദ് ശരീഫിനായിരുന്നു. പി കോയ മേല്‍നോട്ടം വഹിച്ചു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഞാനടക്കം മൂന്നു പേര്‍. ട്രസ്റ്റ് അംഗങ്ങളായിരുന്ന നസ്‌റുദ്ദീന്‍ എളമരവും എം ശുകൂറും.

വെളിച്ചത്തിന്റെ വെളിച്ചം
ടൈറ്റില്‍ വെരിഫിക്കേഷനുവേണ്ടി അഞ്ചു പേരുകള്‍ നല്‍കിയതില്‍ അവസാനത്തേതാണ് അപ്രൂവലായത്. അതൊരനുഗ്രഹമായി എന്ന് പിന്നീടു തെളിഞ്ഞു. കാരണം നല്‍കിയ പല പേരുകളും ദിനപത്രത്തിന് യോജിച്ചതായിരുന്നില്ല. തേജസിന്റെ ആദ്യലക്കം പുറത്തിറക്കുന്നതിനു മുന്നോടിയായി പരസ്യവാചകം നിര്‍ദേശിച്ചത് ഇ അബൂബക്കര്‍ ആയിരുന്നു -വെളിച്ചത്തിന്റെ വെളിച്ചം- നൂറുന്‍ അലാ നൂര്‍ എന്ന ഖുര്‍ആന്‍ വാക്യത്തില്‍നിന്നാണ് അദ്ദേഹം കാപ്ഷന്‍ കണ്ടെത്തിയത്. പിന്നീട് രണ്ടായിരാമാണ്ടില്‍ ദൈ്വവാരികയായപ്പോള്‍ അതേ കാപ്ഷന്‍ പി കോയ മിനുക്കു പണികളോടെ അവതരിപ്പിച്ചത് ഇങ്ങനെ -വെളിച്ചത്തിന് ഇനി ഇരട്ടിവെളിച്ചം. ഒപ്പം തേജസിനു സ്ഥിരമായൊരു കാപ്ഷന്‍കൂടി അദ്ദേഹം നല്‍കി -മലയാളിയുടെ മനസ്സാക്ഷി.
പ്രിന്റിങ് മേഖല വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്തായിരുന്നു തേജസിന്റെ തുടക്കം. ആദ്യത്തെ ഏതാനും കവര്‍ പേജുകള്‍ തയ്യാറാക്കിയത് അബ്ബാസ് കാളത്തോട് ആയിരുന്നു. കട്ട് ആന്റ് പേസ്റ്റ് ആയിരുന്നു അദ്ദേഹത്തിന്റെ രീതി.  1/4 വലിപ്പത്തിലുള്ള ഹാര്‍ഡ്‌ബോര്‍ഡ് ഷീറ്റില്‍ ഡിസൈന്‍ ഒട്ടിച്ച് മുകളില്‍ ‘ടിഷ്യൂ പേപ്പറി’ല്‍ കളര്‍ മാര്‍ക്ക് ചെയ്ത് എറണാകുളത്തേക്ക് ഫിലിമിനു വേണ്ടി കൊറിയര്‍ ചെയ്യും. കവര്‍ ഫിലിം എടുക്കുന്നതിനുള്ള സൗകര്യം അന്ന് എറണാകുളത്തു മാത്രമാണുണ്ടായിരുന്നത്. പ്രിന്റിങ് കരുവന്‍തുരുത്തിയിലെ ഗീതാഞ്ജലി പ്രസ്സില്‍, ഇന്നര്‍ പേജുകള്‍ മാധ്യമം പത്രത്തില്‍ നിന്ന്. ഇതായിരുന്നു രീതി. ഇതെല്ലാംകൂടി കോ-ഓര്‍ഡിനേറ്റ് ചെയ്യാനും സമയം തെറ്റാതെ അതാതിടങ്ങളില്‍ എത്തിക്കാനും പോസ്റ്റിങ് തിയ്യതി തെറ്റാതെ പുറത്തിറക്കാനും വലിയ അധ്വാനവും സമയവും ചെലവഴിക്കുന്നുവെന്നു കണ്ടപ്പോഴാണ് ‘ശിവകാശി’  പരീക്ഷണത്തിനു മുതിര്‍ന്നത്. എല്ലാം ഒറ്റയടിക്കു തീരുമല്ലോ. പക്ഷേ, ആദ്യപരീക്ഷണംതന്നെ പാളി.  പിന്നെ ശിവകാശിയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല.
തേജസിന്റെ കവറുകള്‍ക്ക് കൂടുതല്‍ മിഴിവ് ലഭിക്കുന്നത് മനു കള്ളിക്കാടിന്റെ വരവോടെയാണ്. 1996 ആഗസ്ത് ലക്കത്തിന് അദ്ദേഹം നല്‍കിയ ത്രിവര്‍ണ കവര്‍ ഗംഭീരമായി. അന്നുമുതല്‍ അദ്ദേഹം തേജസിനൊപ്പമുണ്ട്. അദ്ദേഹം മാത്രമല്ല, ഭാര്യ ഗീതയും മകന്‍ കണ്ണനുമെല്ലാം തേജസ് കുടുംബത്തിലെ അംഗങ്ങളാണ്. ഇക്കാലയളവില്‍ ലിംക ബുക്‌സ് ഓഫ് റികാര്‍ഡ്‌സിന്റെ അവാര്‍ഡ് ഒന്നിലധികം തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
02
എഡിറ്റോറിയലില്ലാത്ത പത്രം
ഓരോ ലക്കത്തിനും എഡിറ്റോറിയല്‍ വേണ്ട എന്നായിരുന്നു തേജസിന്റെ ആദ്യതീരുമാനം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം എഡിറ്റോറിയല്‍ മതി. പിന്നീട് പലരും ഈ രീതിയെ പിന്തുടര്‍ന്നു. എന്നാല്‍ പുതിയ ടെംപ്ലേറ്റ് വന്നപ്പോള്‍ ആദ്യവാക്കെന്ന പേരില്‍ എഡിറ്റോറിയല്‍ ആദ്യപേജില്‍തന്നെ സ്ഥലം പിടിച്ചു.

മികച്ച ലേ ഔട്ട്
പത്രത്തിന്റെ അവതരണം ഉള്ളടക്കം പോലെതന്നെ പ്രധാനമാണ് എന്ന് നിര്‍ബന്ധബുദ്ധി കോയ സാഹിബിനുണ്ടായിരുന്നു. ടൈം മാഗസിന്റെയും ഔട്ട്‌ലുക് വാരികയുടെയും പുതിയ ലക്കങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു കാണിക്കും. വെളുക്കുവോളം ഡിടിപി സെന്ററില്‍ കുത്തിയിരുന്ന് അദ്ദേഹത്തിന്റെ ശാഠ്യത്തിന് അഹ്മദ് ശരീഫ് പൂര്‍ണ പിന്തുണയും നല്‍കിയപ്പോള്‍ ഓരോ ലക്കവും ഒന്നിനൊന്നു മെച്ചപ്പെട്ടു. ഔട്ട്‌ലുക്ക് മാതൃകയില്‍ മലയാളപ്രസിദ്ധീകരണങ്ങള്‍ക്കു ശീലമില്ലാത്ത ഡബിള്‍സ്പ്രഡ് കവര്‍ പരീക്ഷിച്ചത് അക്കാലത്താണ്. പ്രിന്റിങ് രംഗത്തെ അതികായന്മാര്‍ക്ക് പ്രസ്തുത കവര്‍ പ്രിന്റ് ചെയ്യേണ്ടെതെങ്ങനെ എന്നു പഠിപ്പിച്ചു കൊടുക്കാന്‍ ഔട്ട്‌ലുക്കിന്റെ കോപ്പിയുമായി പ്രസ്സുവരെ പോകേണ്ടി വന്നു. പിന്നീട് ബൈന്റിങ് സെന്ററിലും ഇതേപ്രശ്‌നം നേരിട്ടു. ജോലിയാവശ്യാര്‍ഥം ഗള്‍ഫിലേക്കു പോയ അഹ്മദ് ശരീഫിനു പകരം എഡിറ്റോറിയല്‍ ചുമതല പി കോയ നേരിട്ട് ഏറ്റെടുത്തു. തേജസിനു സ്വന്തമായി ഡിടിപി സംവിധാനം ആരംഭിച്ചതില്‍ പിന്നെ കെഎ സലീം- അബ്ദുറഹ്മാന്‍ ടീമിന്റെ നിദ്രാരഹിത രാവുകള്‍ തേജസിനെ മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്നും വേറിട്ടു നിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. ടൈം മാതൃകയില്‍ ഏതാനും പംക്തികളും തേജസില്‍ ഇടം നേടി.
അകക്കണ്ണ് എടുത്തു പറയേണ്ട ഒരു പംക്തിയാണ്. പംക്തി എ സഈദ് ഏറ്റെടുത്തതോടെ എല്ലാ ലക്കങ്ങളിലും മുടങ്ങാതെ ലഭിച്ചുകൊണ്ടിരുന്നു. കാലിക വിഷയങ്ങളെ ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിക ചരിത്രവും മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്ന പംക്തിക്കു ഒട്ടേറെ വായനക്കാരും അത്രതന്നെ വിമര്‍ശകരുമുണ്ടായിരുന്നു. പംക്തിയില്‍ വന്ന ലേഖനങ്ങള്‍ ക്രോഡീകരിച്ച് അതേപേരില്‍ പുസ്തകരൂപത്തില്‍ മൂന്നു വോള്യങ്ങളായി തേജസ് ബുക്‌സ് പ്രസിദ്ധികരിച്ചു. പുസ്തകത്തിന്റെ ആയിരക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞത് പംക്തിയുടെ സ്വീകാര്യതക്കു തെളിവാണ്. മുകുന്ദന്‍ സി മേനോന്റെ മനുഷ്യാവകാശം പംക്തി അക്ഷരങ്ങളുടെ കൊടുങ്കാറ്റുതന്നെയായിരുന്നു.
അബ്ദുറഹ്മാന്‍ ദാരിമിയുടെ ഖുര്‍ആന്‍ പഠനം നിലയ്ക്കാനുള്ള കാരണക്കാരന്‍ ഒരുപക്ഷേ ഞാന്‍ തന്നെയായിരിക്കും. സാധാരണക്കാര്‍ക്ക് ലളിതമായി ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ വാക്കര്‍ഥ സഹിതമായിരുന്നു പംക്തി.  അദ്ദേഹം അവസാനം തന്ന മാറ്റര്‍ -അബസയുടെ രണ്ടാം ഭാഗം- എങ്ങനെയോ നഷ്ടപ്പെട്ടു. അത് കിട്ടാതെ ഇനി എഴുതില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നതോടെ വലിയൊരു വിഭാഗം വായനക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന പംക്തിക്ക് ഒരു ജുസ്അ് പൂര്‍ത്തിയാക്കുന്നതിനുമുന്നേ വിരാമമായി. ദീര്‍ഘകാലം നിലനിന്ന മറ്റൊരു പംക്തിയായിരുന്നു എഎ വഹാബിന്റെ ശുഭവാര്‍ത്ത. എസ് നിസാര്‍, കെടി ഹനീഫ്, സിപി കരീം, റഫീഖ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ തേജസിന്റെ എഡിറ്റോറില്‍ ടീമില്‍ പ്രവര്‍ത്തിച്ചവരാണ്.

ആധികാരിക ശബ്ദം
വാര്‍ത്താവിനിമയം ഇന്നത്തേതുപോലെ വികസിക്കാത്ത കാലത്ത് വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ഏക ആശ്രയം തേജസ് ആയി മാറി. നാദാപുരം സംഭവം, സൂറത്ത്കല്‍ കലാപം, കോയമ്പത്തൂര്‍ കലാപം തുടങ്ങി പല സംഭവങ്ങളും തേജസിലൂടെ അനാവരണം ചെയ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ചു തയ്യാറാക്കുന്ന റിപോര്‍ട്ടുകളിലൂടെ യഥാര്‍ഥ വസ്തുതകള്‍ ജനമധ്യത്തിലെത്തിക്കുന്നതിനു സഹായിച്ചു.

ദൈ്വവാരികയാവുന്നു
മാസികയില്‍നിന്നു ദൈ്വവാരികയിലേക്കുള്ള ചുവടുമാറ്റം ജോലിഭാരം ഇരട്ടിപ്പിച്ചു. എഡിറ്റോറിയല്‍ വിഭാഗത്തില്‍ അഡീഷണല്‍ മാന്‍പവര്‍ നല്‍കിയെങ്കിലും അഡ്മിന്‌സ്‌ട്രേഷനില്‍ അതുണ്ടായില്ല. പകരം അലവന്‍സില്‍ 50 ശതമാനം വര്‍ധന. എല്ലാ ജോലികളും ഇരട്ടിയായി. എങ്കിലും ഒട്ടും തളരാതെ വര്‍ധിത ആവേശത്തോടെ മുന്നോട്ടുപോകാനായത് നേതാക്കളുടെ നിര്‍ലോഭമായ പിന്തുണയും മാര്‍ദര്‍ശനവും കൊണ്ടുമാത്രം.
മാസികയില്‍നിന്ന് ദൈ്വവാരികയാവുമ്പോള്‍ സര്‍ക്കുലേഷന്‍ കുറയുമെന്നായിരുന്നു എല്ലാവരുടെയും കണക്കു കൂട്ടല്‍. എന്നാല്‍ കാമ്പയിന്‍ റിസല്‍ട്ട് വന്നപ്പോള്‍ എല്ലാ കണക്കുകളും തെറ്റി. മാസികയായിരുന്നതിനേക്കാളും ഇരട്ടി കോപ്പികള്‍. പോസ്റ്റ് ചെയ്യാനുള്ള ഒറ്റക്കോപ്പികള്‍തന്നെ 48,000ല്‍പരം. മാസികയായിരുന്നപ്പോള്‍ കിട്ടിയിരുന്ന ഡെസ്പാച്ച് ജോലികള്‍ക്കുളള സമയം ദൈ്വവാരികയായപ്പോള്‍ കിട്ടിയതുമില്ല. അബ്ദുല്‍ ഗനി, മുഹമ്മദ്, അന്‍വര്‍, നിസാര്‍, സൈയ്തു തുടങ്ങിയവര്‍ അക്കാലത്തു നല്‍കിയ സേവനം ഇന്ന് മനസ്സ് നിറക്കുന്ന ഓര്‍മകളാണ്.

നാലപ്പാടിന്റെ മുങ്ങല്‍
ദൈ്വവാരികയുടെ പ്രകാശനം നിര്‍വഹിക്കാമെന്നേറ്റിരുന്നത് എംഡി നാലപ്പാട് ആയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം കാലത്തുതന്നെ എത്തുകയും ചെയ്തു. നാലപ്പാട് കോഴിക്കോടെത്തിയ വിവരമറിഞ്ഞ് ചില പത്രസുഹൃത്തുകള്‍ അദ്ദേഹത്തെ തങ്ങളുടെ സ്ഥാപനത്തിലേക്കു ക്ഷണിച്ചു. 4 മണിക്ക് നടക്കേണ്ട പ്രകാശനത്തിനാണ് താന്‍ വന്നതെന്നും അതു കഴിഞ്ഞാവാം ആപ്പീസ് സന്ദര്‍ശനമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അവര്‍ മുഖവിലക്കെടുത്തില്ല. 4 മണിക്കു മുമ്പായി പ്രകാശനച്ചടങ്ങ് നടക്കുന്ന അസ്മാ ടവറിലെത്തിക്കാം എന്ന ഉറപ്പോടെ കൂട്ടിക്കൊണ്ടുപോയ അവര്‍ അദ്ദേഹത്തെ 5 മണിവരെ ‘തടവില്‍’ വച്ചു. ഫോണില്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കുതന്ത്രക്കാര്‍ ഫോണെടുത്തില്ല. പരിപാടി മുഖ്യാതിഥിയില്ലാതെതന്നെ ആരംഭിച്ചു. വൈകിയെത്തിയ നാലപ്പാടിന്റെ ഉദ്ഘാടന പ്രസംഗം അവസാനത്തിലേക്കു മാറ്റിവയ്‌ക്കേണ്ടി വന്നു.

മര്‍ക്കസുല്‍ ബിഷാറയുടെ പതനം
മഞ്ചേരി ആസ്ഥാനമാക്കി മിഷനറി പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫാദര്‍ അലവി എന്നയാള്‍ നടത്തിയിരുന്ന സ്ഥാപനമാണ് മര്‍ക്കസുല്‍ ബിഷാറ. മുസ്‌ലിം പേരുള്ള ഈ സ്ഥാപനത്തിലൂടെ മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനമാണ് മര്‍ക്കസുല്‍ ബിഷാറയുടെ ലക്ഷ്യം. പ്രസ്തുത സ്ഥാപനത്തെ കുറിച്ച് സഫര്‍ കിടങ്ങയം എഴുതിയ അന്വേഷണ റിപോര്‍ട്ട് അക്കാലത്ത് വലിയ കോലാഹലമുണ്ടാക്കി. ഫാദര്‍ അലവി തേജസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നോട്ടീസ് അയച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ തേജസ് തീരുമാനിച്ചപ്പോള്‍ അലവിയും സ്ഥാപനവും മുങ്ങുകയായിരുന്നു.

വരിക്കാരന്റെ വക്കീല്‍ നോട്ടീസ്
നിങ്ങളുടെ പത്രവുമായോ പത്രം പുലര്‍ത്തുന്ന ആശയങ്ങളുമായോ എനിക്ക് താല്‍പര്യമില്ലാത്തതിനാല്‍ ഇനിമുതല്‍ എന്റെ പേരില്‍ മാസിക വന്നാല്‍ നിയമനടപടിയെടുക്കുമെന്ന് ഒരു വരിക്കാരന്റെ വക വക്കീല്‍ നോട്ടീസ്. നോട്ടീസയച്ച വരിക്കാരനെ നേരിട്ടു വിളിച്ചു. 50 പൈസയുടെ പോസ്റ്റ് കാര്‍ഡോ, ഒരു ലോക്കല്‍ കാളോ ചെയ്താല്‍ തീരാവുന്ന പ്രശ്‌നത്തിന് വക്കീല്‍ ഫീസ് നല്‍കി എന്തിനിത്രയും സാഹസം എന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചമ്മല്‍ കണ്ടില്ലെങ്കിലും ശബ്ദത്തിലൂടെ വായിച്ചെടുക്കാനായി.

പിആര്‍ഡി പരിശോധന
ആയിടെ ദൈ്വവാരികയിലേക്കു സര്‍ക്കാര്‍ പരസ്യം ലഭ്യമാക്കുന്നതിനായി പിആര്‍ഡിക്ക് അപേക്ഷ നല്‍കി. അപേക്ഷ സ്വീകരിച്ച് പിആര്‍ഡി ഇന്‍സ്‌പെക്ഷന് ആളെ വിട്ടു. പരിശോധനക്കുശേഷം അദ്ദേഹം നല്‍കിയ റിപോര്‍ട്ട് പിആര്‍ഡിക്ക് അവിശ്വസനീയമായി തോന്നി. ദൈ്വവാരികയുടെ സര്‍ക്കുലേഷന്‍  56,000 എത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. വീണ്ടും മറ്റൊരു ഡെപ്യൂട്ടി ഡയരക്ടരെ പരിശോധനക്കയച്ചു. 48,000 കോപ്പി പോസ്റ്റ് ചെയതതിന്റെ രേഖയും ബാക്കി കോപ്പികളുടെ സപ്ലൈ രജിസ്റ്ററും പോസ്റ്റാഫീസില്‍ അതിനുവേണ്ടി പണമടച്ചതിന്റെ രസീതിയും നല്‍കിയപ്പോഴാണ് പിആര്‍ഡിക്കു ബോധ്യമായത്.

എഴുത്തുകാരുമായുള്ള ബന്ധം
ഇപ്പോള്‍ ഖത്തറില്‍ പ്രവാസിയായ എഎം നജീബ് സുധീര്‍ സബ് എഡിറ്ററായി ചുമതലയേറ്റതോടെ ദൈ്വവാരികയുടെ പബ്ലിക് റിലേഷനില്‍ വലിയ പുരോഗതിയുണ്ടായി. പൊതുസമ്മതരായ എഴുത്തുകാരെയും ദലിത് ആക്ടിവിസ്റ്റുകളെയും ചിന്തകരെയും തേജസുമായി അടുപ്പിക്കാന്‍ കഴിഞ്ഞു. ശരീഫ് നരിപ്പറ്റയും നജീബും നല്ല ടീംവര്‍ക്കായിരുന്നു കാഴ്ചവച്ചത്. എഴുത്തുകാരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ 03എന്നും ദൈ്വവാരിക ശ്രമിച്ചിട്ടുണ്ട്. ഇടയ്ക്കിടെ എഴുത്തുകാരെയും സാമൂഹിക പ്രവര്‍ത്തകരെയും ഒരുമിച്ചിരുത്തി ‘കൂടുതല്‍ മെച്ചപ്പെടുത്തലിനെ’ കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. ഒരു റിവ്യൂ മീറ്റിങ്ങില്‍ പങ്കെടുത്ത വി മുഹമ്മദ് കോയയുടെ നര്‍മം കലര്‍ന്ന വിമര്‍ശനം ഇപ്പോഴും ഓര്‍ക്കുന്നു. ‘തേജസിന്റെ ഉള്ളടക്കം കപ്പകൊണ്ട് കഞ്ഞിയും കപ്പ കൊണ്ട് കറിയും കപ്പ കൊണ്ട് ഉപ്പേരിയും എന്ന ശൈലിയിലാണ്. ഇതിന് ഒരു മാറ്റം വേണം’. ആ വിമര്‍ശനം ഉള്‍ക്കൊണ്ട് പരമാവധി വൈവിധ്യങ്ങള്‍ക്കുവേണ്ടി ശ്രമിച്ചു. ദൈ്വവാരികയില്‍ എഴുതിയാല്‍ അച്ചടിച്ച കോപ്പി കൈയില്‍ കിട്ടുന്നതിനുമുമ്പ് റമ്യൂണറേഷന്‍ ലഭിക്കുമെന്ന് പ്രമുഖ എഴുത്തുകാരന്‍ പറഞ്ഞത് വെറും മുഖസ്തുതി മാത്രമായിരുന്നില്ല.

ദിനപത്രത്തിലേക്ക്
ദൈ്വവാരികയുടെ ഒരു റിവ്യൂ മീറ്റിങ്ങില്‍വച്ചാണ് ദിനപത്രം തുടങ്ങുന്നതിനെ കുറിച്ച് അഭിപ്രായം ഉയര്‍ന്നു വന്നത്. പൊതുവെ അരികുവല്‍ക്കരിക്കപ്പെട്ടവരോട് ഐക്യപ്പെട്ടുനില്‍ക്കുന്ന എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ ഒരു പുതിയ പത്രത്തിനുവേണ്ടി ദാഹിച്ചിരുന്നുവെന്നാണ് അതില്‍നിന്ന് മനസ്സിലാക്കാനായത്. ദൈ്വവാരികയുടെ വളര്‍ച്ച ദിനപത്രം തുടങ്ങുന്നതിനുള്ള പ്രചോദനമേകിയിട്ടുണ്ട്. ദിനപത്രം ആരംഭിക്കുന്നതിന് രണ്ടുമാസം മുമ്പേ പതിവുപോലെ ഇ അബൂബക്കറിന്റെ വിളി വന്നു. പത്രത്തിന്റെ സര്‍ക്കുലേഷന്‍ ചുമതല ഏറ്റെടുക്കണം -ഇതായിരുന്നു ആവശ്യം. അബുസാഹിബിനോട് മറുവാക്കില്ലാത്തതിനാല്‍ തലകുലുക്കി സമ്മതിച്ചു. ഇപ്പോള്‍തന്നെ തേജസ് ദൈ്വവാരികയുടെയും പബ്ലിക്കേഷന്‍സിന്റെയും ചുമതലയുണ്ട്. ഇതിനെ രണ്ടിനെയും കവച്ചുവയ്ക്കുന്ന വലിയൊരു ഭാരമാണ് എന്റെ തലയില്‍ അധികമായി ഏല്‍പ്പിച്ചിരിക്കുന്നത്. പിന്നീട് നസ്‌റുദ്ദീന്‍ സാഹിബ് വിളിച്ച് കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അദ്ദേഹവും വിഎ മജീദും മുന്നിലും പിന്നിലും ഉണ്ടെന്ന ധൈര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു.
ദിനപത്രം വന്നതോടെ ദൈ്വവാരിക ‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു’ എന്നത് പറയാതെ വയ്യ. ഏതാണ്ട് മുഴുവന്‍ ശ്രദ്ധയും പത്രത്തിലായി. പത്രത്തിന് പുതിയൊരു വിതരണ ശൃംഖല ഉണ്ടാക്കേണ്ടിയിരുന്നു. ഏറെ ശ്രമകരമായ ജോലി. അക്ഷരാര്‍ഥത്തില്‍ ഊണും ഉറക്കവുമില്ലാത്ത ദിരാത്രങ്ങള്‍. അതിനിടെ ദൈ്വവാരികയുടെ കാര്യം നോക്കാന്‍ സമയമില്ലായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ദൈ്വവാരികയുടെ പോസ്റ്റിങ് തിയ്യതി മാറ്റേണ്ടി വന്നിട്ടില്ലായിരുന്നുവെങ്കില്‍ പത്രം തുടങ്ങിയതില്‍പിന്നെ അതൊരു തുടര്‍ക്കഥയായി. കവര്‍ പേജുകളില്‍ ‘ഇന്‍ഹൗസ്’ പരസ്യങ്ങള്‍ കൊടുക്കേണ്ടി വന്നിട്ടില്ലായിരുന്നുവെങ്കില്‍ പിന്നീടങ്ങോട്ട് പുറം ചട്ടയില്‍വരെ തേജസ് പബ്ലിക്കേഷന്‍സ് സ്ഥാനം പിടിച്ചതു കാണുമ്പോള്‍ മനസ്സു പിടച്ചുപോയിട്ടുണ്ട്.

04
തേജസിന്റെ തുടക്കം മുതല്‍തന്നെ ഡാറ്റാ എന്‍ട്രി നടത്തിയിരുന്ന മുഹമ്മദ് കാസിം സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്‌റ്റെവെയര്‍ ആണ് ഇപ്പോഴും ദൈ്വവാരികയില്‍ ഉപയോഗിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങള്‍ അപ്പപ്പോള്‍ അദ്ദേഹംതന്നെ വരുത്തും. ഇക്കാലയളവില്‍ സോഫ്റ്റ്‌െവയര്‍ പണിമുടക്കിയ അനുഭവമുണ്ടായില്ല.
പ്രമുഖ മന്ത്രിയുമായി അഭിമുഖത്തിനു പോയി സബ് എഡിറ്റര്‍ കെഎ സലീം. അഭിമുഖ സംഭാഷണം പൂര്‍ത്തിയാക്കി ഫോട്ടോ എടുക്കാന്‍ മന്ത്രിയെ പോസില്‍ നിര്‍ത്തി ക്യാമറ ക്ലിക്കിയപ്പോള്‍ ക്ലിക്കാകുന്നില്ല. മന്ത്രിയദ്ദേഹമാണെങ്കില്‍ പോസില്‍തന്നെ നില്‍ക്കുന്നു. ക്യാമറ വര്‍ക്ക് ചെയ്യുന്നില്ലെന്നു പറഞ്ഞാലും നാണക്കേട്. ഉടനെ വെറുതെ രണ്ട് മൂന്ന് ഫഌഷ് അടിച്ച് സ്‌കൂട്ടായി. അഭിമുഖത്തോടൊപ്പം പ്രസിദ്ധീകരിക്കാനുള്ള ഫോട്ടോ പിന്നീട് നെറ്റില്‍നിന്ന് പരതിയെടുത്തു.
തേജസിന്റെ പേജുകളില്‍ അക്ഷരപ്പിശാച് കടന്നുവരാതെ കാവല്‍ നിന്നതില്‍ പ്രധാനികള്‍ രണ്ട് യഹ്‌യമാരായിരുന്നു. -പി യഹ്‌യ, എന്‍പി യഹ്‌യ. കേട്ടുശീലിച്ച പദങ്ങള്‍ക്കുപകരം പുതിയ പദശൈലികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ദൈ്വവാരിക വിജയിച്ചു. തേജസ് ഇനി മുതല്‍ അയക്കേണ്ടതില്ല എന്നു വിളിച്ചുപറഞ്ഞ ‘സഹൃദയ’നോട് കാര്യം തിരക്കിയപ്പോള്‍ കിട്ടിയ മറുപടി രസകരമായിരുന്നു. ‘എന്റെ വീട്ടിലെ കുട്ടികളുള്‍പ്പടെ തേജസിന്റെ വായനക്കാരാണ്. എന്നാല്‍ തേജസ് കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്.’ തെല്ലൊരമ്പരപ്പോടെ ‘തെറ്റായ കാര്യങ്ങള്‍’ എന്താണെന്നു തിരക്കി. അതാ വരുന്നു എമ്പാടും ഉദാഹരണങ്ങള്‍- മലേഷ്യക്കു പകരം മലേസ്യ! ഇന്ത്യോനേഷ്യക്കു പകരം ഇന്ത്യോനേസ്യ! നേപ്പാളിനു പകരം നീപ്പാള്‍! ചുകപ്പിനു പകരം ചെമപ്പ്! വിദ്യാര്‍ത്ഥിക്കു പകരം വിദ്യാര്‍ഥി! ഇങ്ങനെ ഒരു ലിസ്റ്റ്തന്നെ നിരത്തി മാന്യവായനക്കാരന്‍.

തേജസ് ബുക്‌സ്
തേജസ് പബ്ലിക്കേഷന്‍സ് എന്ന പേരില്‍ പുസ്തക പ്രസിദ്ധീകരണം 97-98 കാലത്ത്തന്നെ തുടങ്ങിയിരുന്നു. എ സഈദിന്റെ സഫലജീവിതം എന്ന ലഘുകൃതിയായിരുന്നു ആദ്യപ്രസിദ്ധീകരണം. പിന്നെ വിശ്വാസിയുടെ വഴികാട്ടി. അവയുടെ പതിനായിരക്കണക്കിനു കോപ്പികളാണ് വിറ്റഴിഞ്ഞത്. അടുത്ത കാലത്താണ് തേജസ് ബുക്‌സ് എന്നു പുനര്‍നാമകരണം ചെയ്തത്. തേജസിന് സ്വന്തമായി ബുക് ഷോപ്പ് എന്ന സ്വപനം സാക്ഷാല്‍ക്കരിക്കാനായെങ്കിലും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇഴഞ്ഞുനീങ്ങുകയാണ്. പതുക്കെ പതുക്കെയാണെങ്കിലും കാര്യമാത്ര പ്രസക്തമായ നൂറോളം ടൈറ്റിലുകള്‍ ഇന്നു തേജസ് ബുക്‌സിനുണ്ട്. ഹൈക്കലിന്റെ മുഹമ്മദ്, എസ്എം മുഷ്‌രിഫിന്റെ കര്‍ക്കരയെ കൊന്നതാര്, മുംബൈ സ്‌ഫോടനം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍, കലീം എഴുതിയ പീഡനത്തിന്റെ മനഃശാസ്ത്രം-രാഷ്ട്രീയം, ടിജി ജേക്കബിന്റെ ഇടത്തുനിന്ന് വലത്തോട്ട്, ജമാല്‍ കൊച്ചങ്ങാടിയുടെ ധ്യാനം ഇസ്‌ലാമില്‍, വി മുഹമ്മദ് കോയയുടെ കര്‍ബല (ചരിത്രാഖ്യായിക), എന്‍പി ചെക്കുട്ടിയുടെ ആഗോളീകരണം-സമൂഹം-സംസ്‌കാരം തുടങ്ങിയവ അവയില്‍ ചിലതാണ്. പി അഹ്മദ് ശരീഫിന്റെ ഫാത്വിമക്ക് നിരവധി എഡിഷനുകള്‍ പുറത്തിറങ്ങി.

രണ്ടു നഷ്ടങ്ങള്‍
05കുറിപ്പവസാനിപ്പിക്കുമ്പോള്‍ തേജസിനുണ്ടായ രണ്ട് നഷ്ടങ്ങള്‍ ഓര്‍ക്കാതിരുന്നുകൂടാ. മുകുന്ദന്‍ സി മേനോന്റെയും എം എ റഹ്മാന്റെയും ആകസ്മികമായ നിര്യാണമുണ്ടാക്കിയ വിടവ് ഇന്നും അവശേഷിക്കുന്നു. തൂലിക പടവാളാക്കിയ മനുഷ്യസ്‌നേഹിയായിരുന്നു മേനോന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ രൂക്ഷമായ ശൈലിയില്‍ പ്രതികരിക്കുന്നതിന് മേനോന്‍ ആരെയും ഭയപ്പെട്ടില്ല. തേജസിനെ സംബന്ധിച്ചിടത്തോളം മേനോന്‍ വഴികാട്ടിയും ശക്തമായ പ്രചോദനകേന്ദ്രവുമായിരുന്നു. തേജസ് പത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചവരില്‍ മേനോന്റെ സ്ഥാനം ഒന്നാമതു തന്നെയാണ്. അവകാശലംഘനങ്ങള്‍ക്കെതിരേ ശബ്ദിക്കാന്‍ ശക്തമായൊരു മാധ്യമം കിട്ടിയ സന്തോഷം. എന്നാല്‍ അത് യാഥാര്‍ഥ്യമാകുന്നത് കാണാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. മനുഷ്യാവകാശങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് മേനോനെപ്പോലെയുള്ള ഒരു ധീരന്റെ വിടവ് നികത്താനാവാത്തതാണ്. ഒപ്പംതന്നെ ഇന്നത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഒട്ടേറെ മാതൃകകള്‍ ബാക്കിയാക്കികൂടിയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. കേരളത്തിലാദ്യമായിട്ടാണ് ഒരു മാഗസിനില്‍ പൗരാവകാശം ഇത്ര കൃത്യമായി വിശകലനം ചെയ്യുന്നത്. തേജസിലെ ബാലപംക്തി തുടക്കം മുതല്‍ കൈകാര്യം ചെയ്തിരുന്നത് എം എ റഹ്മാനായിരുന്നു. മരണപ്പെടുന്നതിന്റെ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് അദ്ദേഹം പംക്തിയെഴുത്തു നിര്‍ത്തിയത്.
ഈടുറ്റ ലേഖനങ്ങളും കൃത്യതയാര്‍ന്ന സാമൂഹിക വിമര്‍ശനവും തേജസിന്റെ മുഖമുദ്രയാണ്. എന്നാല്‍ പുതിയ കാലത്തിനനുസരിച്ചും പുതിയ തലമുറയെ ഉള്‍ക്കൊള്ളുന്നതിലും എത്രമാത്രം കഴിഞ്ഞുവെന്ന് വിലയിരുത്തേണ്ടതുണ്ട്. പുതിയ തലമുറയെ അഭിസംബോധന ചെയ്യുന്നതിന് പഴയ ശൈലി മതിയാവില്ല. വാര്‍ത്തകളും വിലയിരുത്തലുകളും അപ്പപ്പോള്‍തന്നെ ഒരു വായനക്കാരന് സ്വന്തം വിരല്‍ തുമ്പില്‍ ലഭ്യമാവുന്ന കാലഘട്ടത്തില്‍ ഒപ്പം ഓടി മുന്നില്‍ നില്‍ക്കാനാവണം. ഇനിയുള്ള കാലത്ത് അത്തരമൊരു മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ ഒരുപാട് പുറകോട്ട് തള്ളപ്പെടും.

 

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss