|    Nov 18 Sun, 2018 2:49 am
FLASH NEWS

വായനയും പഠനവും

Published : 6th June 2017 | Posted By: fsq

ഖുര്‍ആന്റെ അവതരണം ആരംഭിച്ച മാസം എന്നതാണ് റമദാന്റെ ഏറ്റവും വലിയ സവിശേഷത. അതിന്റെ ഓരോ പദവും ആശയങ്ങളുടെ വറ്റാത്ത ഉറവിടമാണ്; ചിന്തകളുടെ തീര്‍ന്നുപോകാത്ത ഖനിയാണ്. ഖുര്‍ആന്റെ അറിവുകള്‍ എഴുതിത്തീര്‍ക്കാന്‍ ലോകത്തെ മുഴുവന്‍ സമുദ്രങ്ങളിലെ വെള്ളം മഷിയായും വൃക്ഷശിഖരങ്ങള്‍ പേനയായും ഉപയോഗിച്ചാലും കഴിയില്ല. വ്യക്തിയെ അത് സംസ്‌കാര സമ്പന്നനാക്കുന്നു. ജ്ഞാനിയും ഗവേഷണകുതുകിയും പരിവ്രാജകനും പടയാളിയുമാക്കുന്നു. നൈതികതയുടെ വഴിയില്‍ സഞ്ചരിക്കാനും സ്വാതന്ത്ര്യബോധത്തെ നെഞ്ചേറ്റാനും അതു പ്രേരണ ചെലുത്തുന്നു. ചൂഷണവ്യവസ്ഥിതിയെ പുറംതള്ളി നീതിയെ വാഴിക്കാനുള്ള ജനമുന്നേറ്റത്തിന്റെ ഭാഗമാകാന്‍ അത് വ്യക്തിയെ പ്രചോദിപ്പിക്കുന്നു. തിന്മ കണ്ടാല്‍ എതിര്‍ത്തുതോല്‍പിക്കാനുള്ള ജാഗ്രത അവനില്‍ വളര്‍ത്തുന്നു. സംസ്‌കരണം എന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങള്‍ ലക്ഷ്യമിടുന്നുവോ അവയെല്ലാം നേടിയെടുത്ത മനുഷ്യരെ സൃഷ്ടിച്ച ഖുര്‍ആന്റെ ശക്തി അപാരംതന്നെ. പുത്രവല്‍ലരായ മാതാപിതാക്കള്‍, സ്‌നേഹസമ്പന്നരായ കുട്ടികള്‍, പ്രേമബദ്ധരായ ഭാര്യാഭര്‍ത്താക്കന്മാര്‍, സത്യസന്ധരായ വ്യാപാരികള്‍, നീതിമാന്മാരായ വിധികര്‍ത്താക്കള്‍, ക്ഷേമതല്‍പരരായ ഭരണകര്‍ത്താക്കള്‍, വിവേകമതികളായ ഗുരുക്കന്മാര്‍, ഉദാരമതികളായ സമ്പന്നര്‍, ഭാവനാസമ്പന്നരായ കലാകാരന്മാര്‍ എന്നിവര്‍ എത്രയോ ഖുര്‍ആന്റെ തണലില്‍ വളര്‍ന്നു. വര്‍ഗം, വര്‍ണം, കുലം, ഗോത്രം, ജീവിതസരണി എന്നിവയ്ക്ക് അതീതമായ മാനവിക ഐക്യത്തെ യാഥാര്‍ഥ്യമാക്കിയ ഒരു സാമൂഹിക ജീവിതം അതു കെട്ടിപ്പടുത്തു. അധികാരം ധാര്‍മികതയാല്‍ നിയന്ത്രിക്കപ്പെടുകയും ഭരണസിരാകേന്ദ്രങ്ങളില്‍ നീതിമാന്മാര്‍ അവരോധിക്കപ്പെടുകയും ചെയ്ത സാഹചര്യങ്ങള്‍ ഖുര്‍ആന്‍ സൃഷ്ടിച്ചെടുത്തു. ആട്ടിടയന്മാരുടെ ദൗത്യം ചെന്നായ്ക്കള്‍ കവര്‍ന്നെടുത്ത കാലത്തിന്റെ കെടുതിയില്‍ നിന്നുള്ള ജനസമൂഹങ്ങളുടെ വിമോചനത്തിനു ഖുര്‍ആന്‍ പശ്ചാത്തലമൊരുക്കി. ഭരണഘടന, നീതിപാലനം, നിയമസംരക്ഷണം, അധികാരാവകാശങ്ങളുടെ സമീകൃതവും സന്തുലിതവുമായ നിര്‍ണയം- ഇങ്ങനെ ജനകീയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിയ ഭരണകൂടങ്ങളുടെ രൂപീകരണത്തിനു ഖുര്‍ആന്‍ അവസരമൊരുക്കി. ഖുര്‍ആന്‍ പ്രസരിപ്പിച്ച അറിവ് സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും ആരോഗ്യം സാധിച്ചെടുത്തു. ഖുര്‍ആന്‍ പടുത്തുയര്‍ത്തിയ മദീനയെക്കുറിച്ചുള്ള ഒരു കവിയുടെ വരികള്‍ ഇതാ: ”പണ്ടുപണ്ടു ഞാനൊരിക്കല്‍ പാവന മദീന തന്നില്‍/കണ്ടു ഞാനാ മര്‍ത്ത്യരില്‍ ഐശ്വര്യ വിളയാട്ടം, പിന്നെ ക്ഷേമ കളിയാട്ടം.” സംവാദവും പുസ്തകരചനയും ഗ്രന്ഥശാലകളും ആവിഷ്‌കാര സ്വാതന്ത്ര്യവും പൂന്തോട്ടങ്ങളും പാര്‍ക്കുകളുമാണ് ഒരു സംസ്‌കാരത്തിന്റെ മുഖമുദ്രകളെങ്കില്‍ അതിന്റെ ഏറ്റവും വലിയ മാതൃക മുസ്‌ലിം സ്‌പെയിനാണ്. സ്‌പെയിനാകട്ടെ ഖുര്‍ആന്റെ മാറിടത്തില്‍ നിന്നാണ് അമ്മിഞ്ഞ നുകര്‍ന്നത്. എന്നാല്‍, നമുക്കെന്താണ് ഖുര്‍ആന്‍? നമ്മുടെ സാമൂഹിക ജീവിതത്തിലോ സാംസ്‌കാരിക വ്യവഹാരങ്ങളിലോ രാഷ്ട്രീയത്തിലോ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം ഖുര്‍ആനില്‍ നിന്നുള്ള അറിവുകള്‍ ഉടമപ്പെടുത്താന്‍ നമുക്ക് കഴിയുന്നുണ്ടോ? അത്തരം ആശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന ജ്ഞാനസ്രോതസ്സായി ഖുര്‍ആനെ കാണുന്നവര്‍ നമ്മില്‍ എത്ര പേരുണ്ട്? ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്നു നിലനില്‍ക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഇല്ല, ഇല്ല എന്നുതന്നെയാവും ഉത്തരങ്ങള്‍. ഒരു ആലോചനയും പര്യാലോചനയും ആവശ്യമില്ലാത്ത കേവല പാരായണത്തിനുവേണ്ടിയുള്ള ഗ്രന്ഥമാണിന്ന് നമുക്ക് ഖുര്‍ആന്‍. 14 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് ഖുര്‍ആന്‍ വായന പഠിപ്പിക്കാനായി മാത്രമാണ് നമ്മുടെ മതവിദ്യാലയങ്ങളില്‍ അധികവും എന്നു വരുന്നത് എത്രമാത്രം ഖേദകരമാണ്! ഓരോ പ്രദേശത്തും മൂന്നു മതപാഠശാലകളെങ്കിലും ഉണ്ടാവും. ഇവയില്‍ പലതും രാവിലെയും വൈകുന്നേരവും പ്രവര്‍ത്തിക്കുന്നു. അവിടങ്ങളില്‍ അധ്യാപകര്‍ താമസിച്ചു പഠിപ്പിക്കുന്നു. പൂര്‍ണമായും തൃപ്തികരമായ നിലയിലല്ലെങ്കിലും അധ്യാപകര്‍ക്ക് വേതനവും മറ്റു സൗകര്യങ്ങളും നല്‍കാന്‍ കമ്മിറ്റികളുണ്ട്. അക്കാദമികമായ കാര്യങ്ങള്‍ക്കായി വിദ്യാഭ്യാസ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലായിടങ്ങളിലും സര്‍വ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങളുണ്ട്. എന്നിട്ടും ഖുര്‍ആന്‍ പഠനത്തിന്റെ നിലവാരം എന്താണ്? ഖുര്‍ആന്‍ പഠനം പോവട്ടെ, വളരെ പ്രാഥമികമായ കാര്യങ്ങള്‍ ഭാവിയിലേക്ക് ഓര്‍ത്തുവയ്ക്കാനുള്ള പ്രേരണ പോലും ഭൂരിപക്ഷം പഠിതാക്കള്‍ക്കും മദ്‌റസകളില്‍ നിന്നു ലഭിക്കുന്നില്ല. മയ്യിത്ത് നമസ്‌കാരത്തിനെത്തുന്നവര്‍ക്ക് ഓരോ തവണയും അതിന്റെ രീതിയും അതിലെ പ്രാര്‍ഥനകളും പഠിപ്പിച്ചുകൊടുക്കേണ്ട ഗതികേടാണുള്ളത്. പ്രാര്‍ഥനകള്‍ അറിയാത്തവര്‍ ഇമാമിനു പിന്നില്‍ മൗനികളായി നിന്നാല്‍ മതി എന്ന വിളിച്ചുപറയല്‍ എന്തുമാത്രം അരോചകമാണ്. ഖുര്‍ആന്‍ പഠനവും മതപഠനവും സമൂലമായ ഒരു മാറ്റത്തിനു വിധേയമാക്കേണ്ടിയിരിക്കുന്നു. സമുദായനേതൃത്വം ഒരു വിചിന്തനത്തിനു തയ്യാറാവട്ടെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss