|    Jun 24 Sun, 2018 1:00 pm
FLASH NEWS

വായനക്കാരന്റെദൈവം

Published : 16th November 2015 | Posted By: swapna en

സഫീര്‍ ഷാബാസ്
അര്‍ഥത്തെ പുനര്‍നിര്‍മിക്കാനുള്ള മനുഷ്യന്റെ ഉദ്യമങ്ങള്‍ക്കു ചരിത്രത്തോളം പഴക്കമുണ്ട്. പൂര്‍ണത മരണമത്രെ. അപൂര്‍ണത അമരത്വവും. അപൂര്‍ണതയെ അനശ്വരമാക്കുന്ന ദാര്‍ശനികയുക്തി അതിന്റെ വ്യാഖ്യാനസാധ്യതയിലൂന്നിയുള്ളതാണ്. ഏത് ആത്യന്തികമായ അര്‍ഥവും അനന്തമായ നീട്ടിവയ്ക്കലാണെന്ന് അര്‍ഥത്തിന്റെ സ്ഥായിത്വത്തെ കുറിച്ച് ദെറിദ പറയുന്നുണ്ട്. അര്‍ഥത്തിന്റെ കേന്ദ്രീകരണത്തെയാണ് അദ്ദേഹം നിഷേധിച്ചത്.’ഗ്രന്ഥകാരന്റെ മരണം പ്രഖ്യാപിച്ച ഫ്രഞ്ച് ചിന്തകന്‍ റൊളാങ് ബാര്‍ത്ത് എഴുത്തുകാരന്റെ അപ്രമാദിത്വം ഉടച്ചുവാര്‍ക്കുകയായിരുന്നു. വായനക്കാരനെ അദ്ദേഹം സ്രഷ്ടാവിന്റെ പദവിയിലേക്കുയര്‍ത്തി പ്രജാപതിയാക്കി വാഴിച്ചു. വായന എന്ന പ്രക്രിയയെ മൗലികവും സര്‍ഗാത്മകവുമായ അനുഭവമാക്കിതീര്‍ക്കുന്ന പ്രകടനപത്രികയ്ക്കാണു നാലരപ്പതിറ്റാണ്ടു മുമ്പ് അദ്ദേഹം രൂപംനല്‍കിയത്. സൃഷ്ടിയുടെ ആദിയും അന്തവും എഴുത്തുകാരന്‍ തന്നെയെന്ന ചിരപ്രതിഷ്ഠധാരണയുടെ നേരെയുള്ള ആയുധപ്രയോഗമായിരുന്നു അത്. ഒരേ രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളുടെ സ്വഭാവങ്ങള്‍ വിഭിന്നമാവുന്നതിനു പിന്നിലെ ക്രോമസോം രസതന്ത്രം ബാര്‍ത്ത് ഭാഷാശാസ്ത്രത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു.

സ്രഷ്ടാവിന്റെ കൈയില്‍നിന്നു പുറത്തുപോവുന്ന നിമിഷം മുതല്‍ പിതൃത്വം കൈമോശം വന്നുകഴിഞ്ഞു. ഈയൊരു ഉള്‍വിളികൊണ്ടാവാം കാഫ്ക തന്റെ കൃതികള്‍ പ്രസിദ്ധീകരണത്തിനു നല്‍കാതെ സ്വന്തമാക്കിവച്ചത്- ബാര്‍ത്തിന്റെ ചിന്തയ്ക്കും മുമ്പെയായിരുന്നു അത്. രണ്ടുതരം വായനക്കാരുണ്ടെന്ന് ബാര്‍ത്ത് പറയുന്നു. ഇതില്‍ ‘ഉപഭോക്താവ്’ കൃതി വായിക്കുന്നത് സ്ഥിരതയുള്ള അര്‍ഥം അന്വേഷിച്ചാണ്. എന്നാല്‍ ‘സര്‍ഗാത്മക വായനക്കാരന്‍’ തന്റേതായ രചനാപാഠം സൃഷ്ടിക്കുക വഴി ‘എഴുത്തുകാരന്‍’ തന്നെയാവുന്നു. എഴുത്തുകാരന്റെ ഉദ്ദേശ്യങ്ങളെ തഴയാന്‍ വായനക്കാരനുള്ള അധികാരത്തെ വിളംബരം ചെയ്യുന്നു ബാര്‍ത്ത്. സൂചിതത്തെ തള്ളാനോ കൊള്ളാനോ വായനക്കാരനു സ്വാതന്ത്ര്യമുണ്ട്. തികച്ചും വിഭിന്നമായ അര്‍ഥവ്യവസ്ഥകളുമായി ഒരു പാഠത്തെ ബന്ധിപ്പിക്കാനും വായനക്കാരനു സാധിക്കും. ഗ്രന്ഥകാരന്‍ അതിമാനുഷന്‍ അല്ലെന്ന് ബാര്‍ത്ത് അടിവരയിട്ടു പറയുകയാണ്. ഉത്തരഘടനാ ചിന്തകളുടെ കണ്ണാടിയായ ഈ പാഠമാണു പില്‍ക്കാലത്ത് ദറിദ അപനിര്‍മാണം എന്ന ഉത്തരാധുനിക ചിന്തയ്ക്കായി വിളക്കിച്ചേര്‍ത്തത്. പാഠത്തിന്റെ അപനിര്‍മാണപരമായ വായനയിലൂടെ മനുഷ്യചിന്തയ്ക്കു പരിചിതമായ എല്ലാ ശീലങ്ങളുടെയും സാധ്യതകള്‍ ദറിദ തകിടംമറിച്ചു. അപനിര്‍മാണം കൃതിക്ക് ഏകീകൃതസത്തയുണ്ടെന്നു തന്നെ ചിന്തിക്കുന്നില്ല. പാഠത്തെ കുറിച്ചുള്ള ചിന്തകളിലൂടെ ബാര്‍ത്ത് ദറിദയ്ക്കു മുമ്പെ അപനിര്‍മാണ ചിന്തയ്ക്കു വേണ്ടിയുള്ള വിത്ത് പാകി. എന്നാല്‍, രചയിതാവ് എന്ന വ്യക്തിക്കു പകരം ഭാഷയെ സങ്കല്‍പ്പിക്കണമെന്ന് ആദ്യമായി ചൂണ്ടിക്കാണിച്ചത് മല്ലാര്‍മെയാണ്. മല്ലാര്‍മെയുടെ രചനകള്‍ എഴുത്തുകാരനെ പിന്നിലാക്കുകയും ഭാഷയെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നു. വായന സര്‍ഗാത്മക പ്രക്രിയയാണെന്ന പ്രഖ്യാപനത്തിലൂടെ ബാര്‍ത്ത് മണ്ഡന- ഖണ്ഡന വിമര്‍ശനങ്ങള്‍ക്കപ്പുറം നിരൂപണത്തെ ദാര്‍ശനിക തലത്തിലേക്കുയര്‍ത്തുകയാണുണ്ടായത്. നിരൂപണകല സര്‍ഗാത്മകസൃഷ്ടിയാണെന്നു പ്രഖ്യാപിച്ച കെ പി അപ്പന്റെ സൗന്ദര്യദര്‍ശനത്തിന്റെ യുക്തിയും ഇതുതന്നെ.സാംസ്‌കാരിക നിര്‍മിതികള്‍ അപഗ്രഥിക്കുന്നതിനുള്ള രീതിശാസ്ത്രമായി ബാര്‍ത്ത് ഘടനാവാദത്തെ അവലംബിച്ചു. പുതിയ കാലത്തിന്റെ സാമൂഹികചിന്തയ്ക്കും സൗന്ദര്യദര്‍ശനത്തിനും ചിഹ്നജ്ഞാനം സമ്മാനിച്ച ബാര്‍ത്തിന് ഇത് ജന്‍മശതാബ്ദി വര്‍ഷമാണ്. 1915 നവംബര്‍ 12ന് ഫ്രാന്‍സിലെ ഷെര്‍ബോയിലാണു ജനനം. 1980 മാര്‍ച്ച് 23നു പാരിസില്‍ റോഡപകടത്തില്‍ അന്ത്യം.സൃഷ്ടിയുടെ മൗലികതപോലെ പ്രധാനമാണു വായനയിലെ മൗലികതയുമെന്ന ഉള്‍വിളിയാണ് ബാര്‍ത്തിനെ കാലാതീതമാക്കുന്നത്. വായനക്കാരന്റെ ജനനം എഴുത്തുകാരന്റെ മരണത്തിലാണെന്നു പ്രഖ്യാപിച്ച മഹാമനീഷി. എലിമെന്റ് ഓഫ് സെമിയോളജി, തിയറി ഓഫ് ദ ടെക്സ്റ്റ്, ഫ്രം വര്‍ക്ക് ടു ടെക്സ്റ്റ്, മിഷേല്‍ ഓണ്‍ റാസെല്‍, എംപയര്‍ ഓഫ് സൈന്‍സ്, എ ലവേഴ്‌സ് ഡിസ്‌കോഴ്‌സ്: ഫ്രാഗ്‌മെന്റ്‌സ്, കാമറ ലൂസിഡ, സെമിയോട്ടിക് ചലഞ്ച് ഇന്‍സിഡന്റ്, ദ റെസ്‌പോണ്‍സിബിലിറ്റി ഓഫ് ഫോംസ്, മിത്തോളജീസ്, റൈറ്റിങ് ഡിഗ്രി സീറോ, ദ പ്ലെഷര്‍ ഓഫ് ദ ടെക്സ്റ്റ്, റൈറ്റിങ് ആന്റ് ഐഡിയ, ഇയര്‍ലി തോട്ട് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.  ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss