|    Mar 23 Fri, 2018 6:35 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

വാമനപുരിയിലേക്ക് സ്വാഗതം

Published : 17th September 2016 | Posted By: SMR

slug-nattukaryamപശു ചത്താലും മോരിന്റെ പുളി പോവില്ല എന്നൊരു ചൊല്ലുണ്ട്. അതുപോലെ ഓണം കഴിഞ്ഞു. എന്നാല്‍, മഹാബലി-വാമന വിവാദം അനന്തമായി തുടരുകയാണ്. ഓണത്തിന്റെ അവകാശി ആര് എന്നതാണ് പുതിയ തര്‍ക്കം.
ഓണത്തിന് ഇതുവരെ ഒരു അവകാശിയേ ഉണ്ടായിരുന്നുള്ളൂ- മഹാബലി. ആശാന്‍ കുടവയറും കൊമ്പന്‍മീശയുമുള്ള ആളായിരുന്നെന്നും ചങ്ങായ് ഭരിച്ച കാലം കേരളത്തിന്റെ സുവര്‍ണ യുഗമായിരുന്നെന്നും ചിലരൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ ചരിത്രമാണോ അതോ ഐതിഹ്യമാണോ എന്നൊക്കെ സൂക്ഷ്മപരിശോധന നടത്താനൊന്നും ആരും ശ്രമിച്ചിട്ടില്ല. ചരിത്രവുമാവാം, ഐതിഹ്യവുമാവാം എന്ന് ഒഴുക്കന്‍മട്ടിലങ്ങ് പറഞ്ഞുപോവാനേ സാധിക്കൂ. ചരിത്ര-ഐതിഹ്യ വാദികളെ ഒരുപോലെ തൃപ്തിപ്പെടുത്തിക്കൊണ്ടേ ചര്‍ച്ച സുഗമമായി മോഡറേറ്റര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാനാവൂ.
കേസരി വാരികയില്‍ ഏതോ ഒരു നമ്പൂതിരി എഴുതിയ ലേഖനത്തോടെയാണ് ഇത്തവണത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഓണം മഹാബലി കേരളം സന്ദര്‍ശിക്കുന്ന ആഘോഷമല്ലെന്ന് അദ്ദേഹം ഗവേഷണത്തില്‍ കണ്ടുപിടിച്ചിട്ടുണ്ട്. അത് വാമനജയന്തിയാണ്. വാമനന്‍ വിഷ്ണുവിന്റെ അവതാരമാണ്. എന്നാല്‍ മഹാബലിയോ, വെറും അസുരന്‍. അസുരന്‍ പാതാളത്തില്‍നിന്ന് തിരിച്ചുവരുന്നത് എന്തിനെന്നാണ് നമ്പൂതിരി പറയാതെ പറയുന്നത്.
വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തി എന്നാണ് മഹദ് ലിപികളില്‍ കുറിച്ചുവച്ചിരിക്കുന്നത്. അതിന്റെ യുക്തി, മഹതിയായ ശശികല വ്യാഖ്യാനിച്ചിരിക്കുന്നു. വാമനന്‍, മഹാബലിയെ അനുഗ്രഹിച്ചതാണ്. എന്തിന് അനുഗ്രഹിക്കണം? മഹാബലി മഹാ അഹംഭാവിയായിരുന്നു. ആ അഹങ്കാരത്തെ നീക്കി എന്ന മഹദ് കൃത്യമാണ് വാമനന്‍ ചെയ്തത്. ശശികലയുടെ ഫോര്‍മല്‍ ലോജിക്കാണ് മേല്‍പറഞ്ഞത്.
യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചതെന്നറിയാന്‍ ഒരു ഫഌഷ് ബാക്ക് സഞ്ചാരം ആവശ്യമാണ്. മഹാബലി തന്റെ കൊട്ടാരത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണം വിളമ്പുകയായിരുന്നു. ബീഫും പൊറാട്ടയുമായിരുന്നു ഭക്ഷണം. നല്ല രുചിയോടെ ജനം ആസ്വദിച്ച് കഴിക്കവെ വാമനന്‍ നമ്പൂതിരിക്കുടയും ചൂടിയെത്തി.
വാമനന്‍: ”എന്താ നാമീ കാണുന്നത്. ബീഫ് തീറ്റിക്കേ? ശാന്തം പാവം.”
മഹാബലി: ”വാമനന്‍ സര്‍ എപ്പം വന്നു. നല്ല ബീഫും പൊറാട്ടയുമുണ്ട്. കഴിക്കുന്നോ?”
വാമനന്‍: ”എന്ത് നമ്മെയും ബീഫ് തീറ്റിക്കാമെന്നോ. തന്നെ ഞാന്‍ ശരിപ്പെടുത്തുന്നുണ്ട്.”
മഹാബലി: ”വാമനന്‍ സര്‍ എന്താണ് ഇങ്ങനെ പറയുന്നത്? അങ്ങേയ്ക്ക് എന്തുവേണമെങ്കിലും തരാം.”
വാമനന്‍: ”തന്റെ അഹങ്കാരം ഇന്നു നാം തീര്‍ക്കും.”
മഹാബലി കൈകൂപ്പി വണങ്ങിയപ്പോള്‍ വാമനന്‍ ഒറ്റച്ചവിട്ട്. അതോടെ പാതാളത്തിലേക്ക് മഹാബലി ആണ്ടുപോയി.
ഈ സത്യമാണ് ശശികല അറിയിച്ചത്. എന്നിട്ടും മാവേലി വരുന്നു, മാവേലി വരുന്നു എന്നു വിളിച്ചുകൂവുന്നവന്റെ ചന്തിക്കിട്ട് നാല് കൊടുക്കാന്‍ ഇവിടെ ആരും ഇല്ലാതെ പോവുന്നല്ലോ എന്നാണ് ശശികലയുടെ സങ്കടം.
ആ സങ്കടം ബിജെപി അധ്യക്ഷന്‍ അമിത്ഷാ നാട്ടുകാരുമായി പങ്കുവച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.
വാമനാവതാരം. ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമനജയന്തി ആശംസകള്‍ എന്നാണ് ആശാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംഗതിയുടെ സാരാംശം അതല്ല. ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുട്ട മറുപടി വരുന്നു എന്നതാണത്. സമൂഹമാധ്യമങ്ങള്‍ പരതിനോക്കുക. ദലിതുകളും ആദിവാസികളുമടങ്ങുന്ന മര്‍ദിത ജനവിഭാഗത്തിന്റെ ഉല്‍സവമാണ് ഓണം എന്നാണ് ഒരു സന്ദേശം. മഹാബലി വാമനനെ സ്വര്‍ഗത്തിലേക്ക് തൊഴിച്ചുമാറ്റുന്ന രേഖാചിത്രമുണ്ട്. മീന്‍കറി ഒഴിച്ച് മഹാബലി ഓണമുണ്ണുന്ന മറ്റൊരു ചിത്രം കാണാം. ബക്രീദ് കാലത്ത് മുസ്‌ലിം വീട് സന്ദര്‍ശിച്ച മാവേലി ഗൃഹനായികയോട് പോത്ത് ബിരിയാണി ചോദിക്കുന്ന മറ്റൊരു രേഖാചിത്രമാണ് മാസ്റ്റര്‍പീസ്. സംഗതി അങ്ങനെ രസകരമായി മുന്നേറുമ്പോള്‍ മാവേലി-വാമന സംവാദം ഇനിയും തുടരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss