|    Sep 25 Tue, 2018 12:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാനിയുടെ പിതാവ് ചോദിക്കുന്നു : മകന് നഷ്ടമായ 16 വര്‍ഷം ആരുനല്‍കും?

Published : 24th May 2017 | Posted By: fsq

അഹ്മദ് വാനിയുടെ കുടുംബം

ശ്രീനഗര്‍: കശ്മീരിലെ ജന്മഗ്രാമവും ബന്ധുക്കളും നാട്ടുകാരും തടവില്‍ നിന്നും മോചനം നേടിയെത്തുന്ന ഗുല്‍സാര്‍ അഹ്മദ് വാനിയെ കാത്തിരിക്കുകയാണ്. സബര്‍മതി തീവണ്ടിയിലെ സ്‌ഫോടന കേസില്‍ 16 വര്‍ഷം തടവില്‍ കഴിഞ്ഞ വാനിയെ കോടതി ഈയിടെയാണ് കുറ്റവിമുക്തനാക്കിയത്. അലിഗഡില്‍ വിദ്യാര്‍ഥിയായിരുന്ന ഗുല്‍സാര്‍ അഹ്മദ് വാനി തന്റെ പ്രദേശത്ത് നിന്നുള്ള ആദ്യത്തെ പിഎച്ച്ഡിക്കാരനാവാനുള്ള ഒരുക്കത്തിലായിരുന്നു. 2001ല്‍ അറസ്റ്റിലാവുമ്പോ ള്‍ പ്രായം 28. കസ്റ്റഡിയിലെടുത്ത ശേഷം വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളാണ് വാനിയില്‍ ചാര്‍ത്തിയത്. അതോടെ അറബിയില്‍ പിഎച്ച്ഡി വെറും വിദൂരസ്വപ്‌നം മാത്രമായി മാറി. ഗുല്‍സാറിന്റെ പിതാവ് ഗുലാം അഹ്മദ് വാനിക്ക് 65 വയസ്സായി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ ഗുലാം വാനിയാണ് നിയമയുദ്ധം നയിച്ചത്. കേസ് നടത്താന്‍ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് നിയമവിദഗ്ധരെ കണ്ടു കീഴ്‌കോടതികള്‍ക്ക് സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയതിനാല്‍ കേസ് നടപടികള്‍ വേഗത്തില്‍ നീങ്ങിയെന്ന് അദ്ദേഹം ആശ്വാസം കൊള്ളുന്നു. അന്യായമായി തടവിലടച്ച മകന് നഷ്ടപരിഹാരം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ‘എന്റെ മകന്‍ ഒരു പണ്ഡിതനാണ്. അലിഗഡിലെ മികച്ച കുട്ടികളില്‍ ഒരാളായിരുന്ന അവന് നഷ്ടമായ വര്‍ഷങ്ങള്‍ ആര് പകരം നല്‍കും’ അദ്ദേഹം ചോദിക്കുന്നു.പോലിസ് പിടികൂടി 10 ദിവസം കഴിഞ്ഞ് പത്രവാര്‍ത്തകളിലൂടെയാണ് കുടുംബം അറിഞ്ഞതെന്ന്് വാനിയുടെ ഇളയ സഹോദരന്‍ ജാവീദ് അഹ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ഡല്‍ഹിയിലെത്തിയപ്പോഴേക്കും അവനു മേല്‍ നിരവധി കള്ളക്കേസുകള്‍ ചുമത്തിയിരുന്നു. പിന്നീട് നീതി തേടി ദീര്‍ഘയാത്ര. കുടുംബത്തിന്റെ ആപ്പിള്‍ തോട്ടത്തില്‍ നിന്നുള്ള വരുമാനം നിയമയുദ്ധത്തിനായി ചെലവിട്ടു. ഓരോ കേസുകളില്‍ നിന്നായി വാനിയെ മുക്തനാക്കിയെടുത്തു. 16 വര്‍ഷത്തിനകം കുടുംബം ഒട്ടേറെ  മാറി, എന്റെ രണ്ട് സഹോദരിമാരും ഞാനും വിവാഹിതരായി. ഞങ്ങളുടെ മക്കള്‍ ഇതുവരെ അവരുടെ അമ്മാവനെ, പിതൃസഹോദരനെ കണ്ടിട്ടില്ല – ജാവീദ് പറഞ്ഞു. സബര്‍മതി കേസില്‍ കുറ്റവിമുക്തനായ ഗുല്‍സാര്‍ വാനിയെ മോചിപ്പിക്കുന്നതിന്  രേഖാമൂലം ഉത്തരവ് ലഭിക്കണമെന്ന്് നാഗ്പൂരിലെ ജയിലര്‍ ആവശ്യപ്പെട്ടതായി പിതാവ് വെളിപ്പെടുത്തുന്നു. അവധി ദിനങ്ങള്‍ കഴിഞ്ഞ്്  ജൂണ്‍ 5നേ അത് ലഭ്യമാവൂ. ഉത്തരവ് എത്തുന്നതോടെ മകനെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഈ ഗ്രാമത്തിലെത്തുമ്പോള്‍ മാത്രമെ കുടുംബം വാനിയുടെ മോചനം ആഘോഷിക്കുകയുള്ളു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss