|    Oct 18 Thu, 2018 9:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാനാക്രൈ വൈറസാണോ പിണറായി സര്‍ക്കാര്‍

Published : 17th May 2017 | Posted By: fsq

 

സൈബര്‍ ലോകത്തെ പേടിസ്വപ്‌നമാണ് വാനാക്രൈ വൈറസ്. കയറിപ്പോയാല്‍ മുച്ചൂടും മുടിച്ചിട്ടേ ആശാന്‍ പിന്‍വാങ്ങൂ. വിജയന്‍ സഖാവിന്റെ സര്‍ക്കാരും അതുപോലെയാണെന്നാണ് സഭയിലെ ഹരിത കുടുംബക്കാരന്‍ ഷാഫി പറമ്പിലിന്റെ അഭിപ്രായം. കേരളത്തെ ബാധിച്ച വാനാക്രൈം വൈറസാണ് പിണറായി. അഞ്ചുവര്‍ഷംകൊണ്ട് കേരളത്തിന്റെ എല്ലാ സോഫ്റ്റവെയറും വിജയനും പുള്ളിയുടെ ഉപദേശകരുംകൂടി ഒരു വഴിക്കാക്കുമെന്നും ഷാഫി. പ്രഫഷനല്‍ കോഴ്്‌സുകളുടെ ഫീസ് വര്‍ധനയ്‌ക്കെതിരേ കമ എന്നൊരക്ഷരം മിണ്ടാത്ത പഴയ എസ്എഫ്‌ഐ പുലികള്‍ സഭയില്‍ എലികളെപ്പോലെ അവരവരുടെ കസേരകളിലൊളിച്ചതിനെയും ഷാഫി കണക്കിന് കൊടുത്തു. എസ്എഫ്‌ഐക്കാര്‍ ഇപ്പോള്‍ മുദ്രാവാക്യം വിളിക്കുന്നത് ദുല്‍ക്കര്‍ സല്‍മാനും ടോവിനോ തോമസിനുമാണ്. കുട്ടിസഖാക്കളുടെ കൊടിയും കൂട്ടവും മെക്‌സിക്കന്‍ അപാരതയും സിഐഎയും സഖാവുമൊക്കെ ഓടുന്ന തിയേറ്ററുകള്‍ക്ക് മുന്നിലാണേ്രത. ഏതായാലും ഷാഫിയുടെ പരിഹാസത്തിനുമുമ്പില്‍ ഷംസീറും സ്വരാജും ടി വി രാജേഷുമെല്ലാം പല്ലിളിച്ചിരിക്കേണ്ടിവന്നു.സ്ഥിരം ദാര്‍ശനിക ചിന്ത—കളിലൂടെ സഭയെ ഭക്തിനിര്‍ഭരമാക്കാറുള്ള മുല്ലക്കര രത്‌നാകരന്‍ ഇന്നലെ വേറിട്ടൊരു ഹനുമാന്‍ കഥയുമായാണ് എത്തിയത്. ടൂറിസം വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മുല്ലക്കരയുടെ ഹനുമാന്‍ കഥ പ്രതിപക്ഷത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയതായിരുന്നു. കഥ നടന്നത് അയോധ്യയിലൊന്നുമില്ല. അങ്ങ് ലണ്ടനിലാണ്. ലണ്ടന്‍ ടൗണിലെ ഒരു റസ്‌റ്റോറന്റില്‍ ഒരു പാകിസ്താനിയും ഒരു പഞ്ചാബിയും ഒരു മലയാളിയും കൂടി ചായ കുടിക്കാന്‍ കയറി. അപ്പോഴാണ് ഒരു ബിട്ടിഷുകാരന്‍ മൂവരെയും സമീപിച്ചുകൊണ്ട് ഹനുമാനെ കുറിച്ച് ചോദിച്ചത്. ഹനുമാന്റെ കട്ട ഹീറോയിസം തന്നെ ഒരുപാട് സ്വാധീനിച്ചതായും ഏത് നാട്ടുകാരനാണ് അദ്ദേഹമെന്ന് അറിയണമെന്നുമാണ് വെള്ളക്കാരന്റെ ആവശ്യം. മൂപ്പര് നമ്മന്റെ നാട്ടുകാരനാണെന്ന് പാകിസ്താന്‍കാരന്‍ പറഞ്ഞു. സുലൈമാന്‍, റഹ്മാന്‍ എന്നൊക്കെയുള്ള പേര് പാകിസ്താനിലാണ് കൂടുതല്‍. അതില്‍പെട്ട ഒരുപേരാണ് ഹനുമാനെത്രേ. എന്നാല്‍, സര്‍ദാര്‍ജിക്ക് അതിഷ്ടമായില്ല. ഹനുമാന്‍ ഒരു സിക്കുകാരനാണെന്നാണ് പുള്ളിയുടെ അവകാശവാദം. ഹനുമാന്‍ സിക്കുകാരെപോലെ നല്ല തണ്ടും തടിയുമുള്ളയാളാണെന്ന് സര്‍ദാര്‍ജി. ഇതെല്ലാം കേട്ടിരുന്ന മലയാളി ഒടുവിലാണ് ആ സത്യം പറഞ്ഞത്. ഹനുമാന്‍ സാക്ഷാല്‍ മലയാളിയാണ്. വേറൊരുത്തന്റെ ഭാര്യക്കുവേണ്ടി സ്വന്തം വാലില്‍ തീകൊളുത്തി മൂന്നാമതൊരുത്തന്റെ വീട് ചുട്ടെരിക്കുന്ന സ്വഭാവം മലയാളിയുടേത് മാത്രമാണെന്ന് മുല്ലക്കര. പ്രതിപക്ഷത്തിനിട്ടുള്ള കുത്താണെങ്കിലും സഭയെ മൊത്തത്തില്‍ രസിപ്പിച്ചു മുല്ലക്കരയുടെ ഹനുമാന്‍ കഥ. അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെചൊല്ലി സഹകരണ മന്ത്രിയും പ്രതിപക്ഷത്തെ അനില്‍ അക്കരയും തമ്മിലുള്ള ഏറെനേരത്തെ വാക്‌പോരിനും സഭ സാക്ഷിയായി. അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കിലെ ക്രമക്കേട് അന്വേഷിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കടകംപള്ളി പറഞ്ഞു. എന്നാല്‍, അടാട്ട് സര്‍വീസ് ബാങ്കിനെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എംഎല്‍എ തിരിച്ചടിച്ചു. തനിക്ക് ഓഹരി പങ്കാളിത്വമുള്ള അടാട്ട് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കുന്ന കൂട്ടത്തില്‍ കടകംപള്ളിക്ക് ഓഹരിപങ്കാളിത്തമുള്ള കടകംപള്ളി ബാങ്കിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും മന്ത്രിയെ എംഎല്‍എ വെല്ലുവിളിച്ചു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള കുട്ടനാടിന്റെ സ്വന്തം ചാണ്ടിച്ചന്റെ മാന്തികവിദ്യ പ്രതീക്ഷിച്ചിരുന്നവര്‍ ദുഃഖത്തിലായി. രാവിലെ സഭയില്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തന്റെ കൈയിലുള്ള പദ്ധതി വൈകീട്ട് പ്രഖ്യാപിക്കുമെന്ന് തോമസ് ചാണ്ടി അറിയിച്ചിരുന്നു. എന്നാല്‍, ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അതേകുറിച്ചൊന്നും മിണ്ടാന്‍ ചാണ്ടിച്ചന്‍ തയാറായില്ല. വന്നതല്ലേയുള്ളൂ എല്ലാം പഠിച്ച് പറയാമെന്ന ലൈനായിരുന്നു പുള്ളിയുടേത്. പൊതുഗതാഗത സംവിധാനം ശക്തമാക്കാന്‍ വോള്‍വോ ബസ്സുകള്‍ വാങ്ങാന്‍ പോവുകയാണത്രേ. ഇതുപോലെ വാങ്ങിക്കൂട്ടിയ ബസ്സുകള്‍ കട്ടപ്പുറത്ത് ഉറങ്ങുന്ന കാര്യം മന്ത്രിക്ക് അറിയാത്തതല്ലല്ലോ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss