|    Jan 19 Thu, 2017 12:11 pm
FLASH NEWS

വാനരപ്പടയ്ക്ക് പൂമാല കിട്ടിയാല്‍

Published : 25th June 2016 | Posted By: sdq

slug-viju

 

നിയമാനുസൃതം വ്യവസ്ഥചെയ്ത് ക്ഷമയോടെ പണിതുയര്‍ത്തപ്പെടുന്ന സ്ഥാപനങ്ങളാണ് ഏതു രാഷ്ട്രത്തിന്റെയും കെട്ടുറപ്പ്. അകത്തും പുറത്തും വിശ്വാസ്യത നേടിക്കൊടുക്കുന്ന ഘടകവും. ടി വിശ്വാസ്യതയാണ് രാഷ്ട്രത്തോട് കാണികള്‍ക്കുള്ള സമീപനം നിശ്ചയിക്കുക- രാഷ്ട്രീയം തൊട്ട് സാമ്പത്തികാവസ്ഥ വരെയുള്ള ബന്ധങ്ങളില്‍. അത്തരം ദേശീയ സ്ഥാപനങ്ങളുടെ ജീര്‍ണത എന്തു ഫലമുണ്ടാക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. എന്നിരിക്കെ, ഭരണാധികാരികള്‍ തന്നെ ടി സ്ഥാപനങ്ങള്‍ക്കു പാരവച്ചാലോ?
രാഷ്ട്രതന്ത്രത്തിന്റെ ഏത് അളവുകോല്‍ വച്ചാലും പരമബാലിശമായ ഈ വിധ്വംസകപ്രവര്‍ത്തനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടുകൊല്ലത്തെ ഭരണത്തിന്‍കീഴില്‍ അനുഭവമായത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും കല-സാംസ്‌കാരിക-ചരിത്ര സ്ഥാപനങ്ങളിലും ഉണ്ടാക്കുന്ന അലമ്പിനെ രാഷ്ട്രീയതാല്‍പര്യത്തിന്റെ പേരിലെങ്കിലും മനസ്സിലാക്കാം- പ്രതിലോമകരമാണ് ഈ ബാലിശതയെങ്കിലും. എന്നാല്‍, നിര്‍ണായകമായ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഈ പിള്ളേരുകളി നടത്തിയാലോ?
പ്ലാനിങ് കമ്മീഷന്‍ പൊളിച്ചുകളഞ്ഞ് നീതി ആയോഗ് എന്ന ഉഡായിപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സാമാന്യ ബോധമുള്ളവര്‍ ഈ ബാലിശത മണത്തതാണ്. അതുപിന്നെ, ആഭ്യന്തര മൊത്ത ഉല്‍പാദനം തിട്ടപ്പെടുത്തുന്ന ലോകരീതിയെ കൊഞ്ഞനംകുത്തുന്ന കൃത്രിമത്വത്തിലേക്കു വളര്‍ന്നു. സാമ്പത്തിക വളര്‍ച്ച ഊതിപ്പെരുക്കി കടലാസുകണക്കുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നിട്ടോ?
യഥാര്‍ഥ സാമ്പത്തിക വളര്‍ച്ചയുടെ പ്രതിഫലനമായ സാമ്പത്തികപ്രവര്‍ത്തനം രാജ്യത്ത് മരവിച്ചുകിടക്കുന്നു- നിര്‍മാണമേഖല തൊട്ട് വ്യവസായം വരെ. ഏറ്റവുമൊടുവിലിതാ കഴിഞ്ഞ ഒന്നരമാസമായി കയറ്റുമതി ക്ഷയിക്കുന്നു. കള്ളപ്പണം പിടിച്ച് നാട്ടുകാരുടെ കീശയിലിട്ടുതരുമെന്നും മറ്റുമുള്ള വിടുവാ പോട്ടെ. എന്താണു രാജ്യത്തെ പണമിടപാടിന്റെ നേരവസ്ഥ?
ബാങ്കിങ് വ്യവസ്ഥിതിയുടെ അച്ചുതണ്ടായ റിസര്‍വ് ബാങ്കാണ് കേന്ദ്രഭരണക്കാരുടെ പുതിയ ടാര്‍ഗറ്റ്. ചങ്ങാത്തമുതലാളിത്തത്തിന്റെ ഫലമായി അഞ്ചുലക്ഷം കോടിയോളം കിട്ടാക്കടത്തിന്മേല്‍ അടയിരിക്കുന്ന പൊതുമേഖലാ ബാങ്കുകളെ തൂത്തു വെടിപ്പാക്കാന്‍ രഘുറാം രാജന്‍ എന്ന ഗവര്‍ണര്‍ കുറച്ചുകാലമായി കൊണ്ടുപിടിച്ചു പണിയെടുക്കുകയാണ്. ആദ്യം തന്നെ ടിയാനെ പുകച്ചു പുറത്താക്കാനുള്ള കലാപരിപാടി അവതരിപ്പിച്ചു. ധനമന്ത്രിയുടെ ചില മിരട്ടും മുക്കറയും വഴി തുടങ്ങിയ ടി യത്‌നം സുബ്രഹ്മണ്യന്‍ സ്വാമി എന്ന വക്രബുദ്ധി വഴി പരസ്യമായ ചളിയേറിലേക്കു പുരോഗമിപ്പിച്ചു. ഒടുവില്‍ തന്റെ കാലാവധി തീരുന്ന സപ്തംബറില്‍ സ്ഥലം കാലിയാക്കുമെന്ന് രാജന്‍ പ്രഖ്യാപിക്കുന്നതുവരെ കാര്യമെത്തിയിരിക്കുന്നു. എന്താണ് ‘പ്രതി’ ചെയ്ത കുറ്റം?
വക്കീലായ ധനമന്ത്രിയും സാമ്പത്തികശാസ്ത്രം പഠിച്ച സുബ്രഹ്മണ്യന്‍ സ്വാമിയും ഒരുപോലെ ചൂണ്ടിക്കാട്ടുന്നത് നാട്ടിലെ വ്യവസായ, സംരംഭക മേഖലയ്ക്ക് ഇഷ്ടാനുസരണം വായ്പയെടുക്കാന്‍ പറ്റിയ പലിശനിരക്കല്ല റിസര്‍വ് ബാങ്ക് വച്ചുപുലര്‍ത്തുന്നതെന്നാണ്. പലിശ കൂടിയിരിക്കുന്നതുകൊണ്ട് വായ്പയെടുപ്പ് മന്ദീഭവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ സാമ്പത്തികപ്രവര്‍ത്തനങ്ങളും. നേരെന്താണ്?
2014 തുടക്കംതൊട്ട് പൊതുമേഖലാ ബാങ്കുകളുടെ വായ്പാവളര്‍ച്ച ക്ഷയിക്കുകയാണ്. ഇതേസമയം സ്വകാര്യ ബാങ്കുകളുടെ (ആക്‌സിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ഇന്‍ഡസ് ഇന്‍ഡ്) വായ്പാവളര്‍ച്ച കൂടുന്നു. വ്യവസായങ്ങള്‍ക്കുള്ള വായ്പയില്‍ മാത്രമല്ല, മൈക്രോ ഫിനാന്‍സ്, ചെറുകിട സംരംഭങ്ങള്‍ എന്നിവയിലും ഇതാണു സ്ഥിതി. ഇത്രകണ്ട് ഗൗരവമുള്ള തളര്‍ച്ചയില്ലെങ്കിലും കാര്‍ഷിക വായ്പകളുടെ കാര്യത്തിലും ഗ്രാഫ് കീഴോട്ടാണ്. ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നില്ലെങ്കില്‍ അതിനര്‍ഥം വായ്പയ്ക്കുള്ള ഡിമാന്‍ഡ് രാജ്യത്ത് കുറഞ്ഞിരിക്കുന്നു, കമ്പനികള്‍ നിക്ഷേപം നടത്തുന്നില്ല എന്നാണ്. എന്നാല്‍, പൊതുമേഖലാ വായ്പ ഇടിയുമ്പോഴും സ്വകാര്യമേഖലയില്‍ അതു വര്‍ധിക്കുന്നതിനര്‍ഥം ഡിമാന്‍ഡ് ഉണ്ടെന്നുതന്നെയല്ലേ? അപ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ വായ്പാ സപ്ലൈയെ എന്തോ ചില രോഗം ബാധിച്ചിരിക്കുന്നു എന്നര്‍ഥം.
പൊതുമേഖലാ ബാങ്കുകളില്‍നിന്നുള്ള ഭവനവായ്പയ്ക്കും പേഴ്‌സനല്‍ ലോണിനും ഇടിവൊന്നും സംഭവിച്ചിട്ടില്ല. എന്നുവച്ചാല്‍ മൂലധനത്തിനു പ്രശ്‌നമില്ല. വ്യവസായം, നിര്‍മാണം, സംരംഭകത്വം തുടങ്ങിയ മേഖലകളിലാണ് പൊതുമേഖലാ ബാങ്ക് വായ്പ ഇടിഞ്ഞിരിക്കുന്നത്. രണ്ടുകൊല്ലമായുള്ള ഈ പ്രതിഭാസത്തിനു കാരണം, അതിനും മുമ്പേ കുമിഞ്ഞുകൂടിയ കിട്ടാക്കടമാണ്. സ്വകാര്യ ബാങ്കുകള്‍ക്ക് ഈ ഭൂതകാല ലഗേജില്ല. എന്നുകരുതി, പൊതുമേഖലാ ബാങ്കുകള്‍ക്കു പകരമാവാനുള്ള വലുപ്പം അവര്‍ക്കില്ലതാനും. ഇന്ത്യയുടെ വാണിജ്യ-വ്യവസായ വളര്‍ച്ചയ്ക്ക് വായ്പ നല്‍കാന്‍ പൊതുമേഖല തന്നെ വേണമെന്നു സാരം.
സ്വാമി, ജെയ്റ്റ്‌ലി പ്രഭൃതികള്‍ പറയുന്ന പലിശന്യായമെടുക്കുക. വായ്പാ ഡിമാന്‍ഡുള്ള സ്വകാര്യ ബാങ്കുകളുടെ പലിശനിരക്ക് പൊതുമേഖലയുടേതിനു തുല്യമോ പലപ്പോഴും കൂടുതലോ ആണ്. എന്നിട്ടും അവിടെ വായ്പകള്‍ക്കു തളര്‍ച്ചയില്ല. റിസര്‍വ് ബാങ്കിന്റെ പലിശനയമല്ല പ്രശ്‌നമെന്നര്‍ഥം. പ്രശ്‌നം, മേല്‍പ്പറഞ്ഞ കിട്ടാക്കടത്തിന്റെ ഭീകരാവസ്ഥയാണ്. പൊതുമേഖലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് കുളമാക്കിയ വ്യവസായമേഖലയ്ക്ക് വീണ്ടും കടംകൊടുക്കാന്‍ ബാങ്കുകള്‍ പേടിക്കുന്നു.
കിട്ടാക്കടത്തിന്റെ പിറവി രണ്ടുവഴിക്കാണ്. ഒന്ന്, കടമെടുത്തവന്‍ തന്റെ ആസ്തി, ഈട്, പദ്ധതി ഇത്യാദികള്‍ക്കുമേല്‍ കള്ളം കാണിക്കുക. രണ്ട്, കടം കൊടുത്തവന് സംഗതി തിരിച്ചുപിടിക്കാനുള്ള കഴിവില്ലാതിരിക്കുക. ഇതു രണ്ടും ചേര്‍ന്നാണ് നമ്മുടെ ദേശീയ ബാങ്കുകളെ ഇപ്പോഴത്തെ പരുവത്തിലാക്കിയത്.
കിട്ടാക്കടമായി മാറിയ ഭൂരിഭാഗം വായ്പകളും കൊടുത്തിരിക്കുന്നത് 2007-08 കാലയളവിലാണ്. സാമ്പത്തികവളര്‍ച്ച ശക്തവും വികസനസാധ്യതകള്‍ സമൃദ്ധവുമായിരുന്ന ഈ കാലയളവില്‍ ബാങ്കുകളിലെ നിക്ഷേപത്തിന്റെ വളര്‍ച്ചയും ദ്രുതഗതിയിലായിരുന്നു. ഇത്തരം സമ്പത്തുകാലത്താണ് ബാങ്കുകള്‍ പിശകുവരുത്താനുള്ള സാധ്യതയേറുക. കാരണം, ഈ വളര്‍ച്ചയും ചടുലമായ സാമ്പത്തികപ്രവര്‍ത്തനവും ഭാവിയിലും തുടരുമെന്ന് അവര്‍ കണക്കുകൂട്ടും. ഇതേ മനോരാജ്യം മുമ്പോട്ടുവച്ച് വ്യവസായികള്‍ അവരെ പാട്ടിലാക്കും. ഭരണാധികാരികള്‍ ഈ വ്യവസായികള്‍ക്കുവേണ്ടി ഒത്താശചെയ്യും. അങ്ങനെ പദ്ധതി പ്രമോട്ടര്‍മാരുടെ ബാധ്യതാവിഹിതം ഗൗനിക്കാതെ ബാങ്കുകള്‍ വാരിക്കോരി കാശുവീശും. പ്രമോട്ടര്‍മാര്‍ കൊടുക്കുന്ന പദ്ധതി റിപോര്‍ട്ടും വിഭാവനക്കണക്കും കണ്ണും പൂട്ടി വിശ്വസിക്കും. അങ്ങനെയൊക്കെ വിശ്വസിച്ചാല്‍ മതി എന്ന് രാഷ്ട്രീയനേതൃത്വം കല്‍പിക്കുകയും ചെയ്യും. അതാണല്ലോ ചങ്ങാത്തമുതലാളിത്തത്തില്‍ ഭരണകൂടത്തിന്റെ റോള്‍.
പ്രശ്‌നം, സാമ്പത്തികവളര്‍ച്ച മനുഷ്യരുടെ മനോരാജ്യപ്രകാരം സംഭവിക്കുന്ന ഒന്നല്ല എന്നതാണ്. 2008ല്‍ ആഗോളമാന്ദ്യമുണ്ടായി അഥവാ പടിഞ്ഞാറുള്ള സമാന തലകള്‍ ചേര്‍ന്ന് ഉണ്ടാക്കി. ഇന്ത്യയിലും ആ കാറ്റ് വന്നു. പ്രത്യക്ഷത്തില്‍ വലിയ പൊട്ടലൊന്നുമുണ്ടായില്ലെങ്കിലും ആഗോളവല്‍കൃത വ്യവസ്ഥിതിയില്‍പ്പെട്ട ദേശമെന്ന നിലയ്ക്ക് ഇവിടെയും കാര്യങ്ങള്‍ മന്ദീഭവിച്ചു. യഥാര്‍ഥ പൊട്ടലുണ്ടായത് ഭീമമായി കടംകൊടുത്ത പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. അവയത് മൂടിപ്പൊതിഞ്ഞുവച്ചു, ഭരണകൂടം അതങ്ങനെ പൊതിഞ്ഞുവയ്ക്കാന്‍ കല്‍പിച്ചു. തക്കം മുതലാക്കിയത് കടമെടുത്ത കോര്‍പറേറ്റ് ഭീമന്മാരും വ്യാജഭീമന്മാരുമാണ്. വായ്പയ്ക്കായി അവര്‍ കാണിച്ചിരുന്ന പദ്ധതികളിലെ ‘ശക്തമായ’ ഡിമാന്‍ഡ് വിഭാവന അയുക്തികവും അയഥാര്‍ഥവുമാണെന്ന് മാന്ദ്യം വന്ന ശേഷമേ ബാങ്കുകള്‍ തിരിച്ചറിഞ്ഞുള്ളൂ. ഇതേ നേരത്താണ് കേന്ദ്രഭരണകൂടം അഴിമതി കുംഭകോണങ്ങളില്‍പ്പെട്ട് സ്തംഭം പിടിക്കുന്നത്. വായ്പ കൊടുത്ത പല പദ്ധതികളുടെയും പണി സര്‍ക്കാര്‍ തീരുമാനം മരവിച്ച വകയില്‍ അനുമതി കിട്ടാതെ കിടന്നു. പണിച്ചെലവ് മലപോലെ കൂടി. വായ്പാ തിരിച്ചടവ് ഗോപിവരച്ചു.
രാഷ്ട്രീയ ഒത്താശയോടെ കവര്‍ന്ന വന്‍ വായ്പകളുടെ ഗതി മറ്റൊന്നായിരുന്നു. ഒരു കമ്പനിയുടെ പേരിലെടുത്ത വായ്പ വിദേശത്തുള്ള വ്യാജ സബ്‌സിഡിയറിയുടെ പേരിലേക്കു വലിക്കും. ഇറക്കുമതിയുടെ കണക്കുതുക പെരുപ്പിച്ചുകാട്ടും. ഇല്ലാത്ത വിദേശക്കമ്പനികള്‍ക്ക് കയറ്റുമതി ചെയ്‌തെന്നും അവര്‍ പണം തന്നില്ലെന്നും പറയുന്ന തട്ടിപ്പു വേറെ. ചോദ്യംചെയ്യാന്‍ ഒരുമ്പെട്ടാല്‍ രാഷ്ട്രീയസ്വാധീനം വച്ച് തിരിച്ചു വിരട്ടും. ചുരുക്കത്തില്‍ കേന്ദ്രഭരണകൂടവും വ്യവസായികളും പ്രമോട്ടര്‍ഗണവും ചേര്‍ന്ന് നാട്ടുകാരുടെ കാശെടുത്ത് ആര്‍മാദിച്ചു.
ചങ്ങാത്തമുതലാളിത്തത്തിന്റെ ഈ വച്ചുവാണിഭത്തില്‍നിന്ന് പൊതുമേഖലാ ബാങ്കുകളെ രക്ഷിച്ചെടുക്കുന്ന പണിയിലായിരുന്നു രഘുറാംരാജന്‍. ആ പണി ഇവിടെ വേണ്ടെന്നാണ് ഭരണകക്ഷി ടിയാനോടു പറയാതെ പറയുന്നത്. കാരണം കിട്ടാക്കടം തിരികെ പിടിക്കാനുള്ള നീക്കം അവരുടെ ചങ്ങാതികളായ മുതലാളിമാരെയും അവരില്‍ത്തന്നെയുള്ള പല ദല്ലാള്‍മാരെയും അപകടത്തിലാക്കും. പകരം ഒരു ദേശീയ ഫണ്ട് രൂപീകരിച്ച് ബാങ്കുകളെ രക്ഷിക്കാനും കിട്ടാക്കടം എഴുതിവിടാനുമുള്ള പുതിയ ബാലിശസൂത്രമാണ് മനസ്സില്‍. ഇപ്പറയുന്ന ദേശീയഫണ്ട് നാനാവഴിക്ക് നാട്ടാരില്‍ നിന്നു തന്നെ സ്വരൂപിക്കും എന്നു പ്രത്യേകം പറയേണ്ടല്ലോ.
രണ്ടാമത്തെ ഇംഗിതം റിസര്‍വ് ബാങ്കിനെത്തന്നെ ഉടച്ചുവാര്‍ക്കുക എന്നതാണ്. ബാങ്കുകളുടെ നിയന്ത്രകന്‍ എന്ന റോളില്‍ നിന്ന് ഉടമ എന്നതിലേക്ക് റിസര്‍വ് ബാങ്കിനെ മാറ്റുക. അതോടെ രാജ്യത്തിന്റെ ധനസമ്പത്തിന്മേല്‍ ഭരണക്കാര്‍ക്ക് നേരിട്ട് കൈവയ്ക്കാം. ഇഷ്ടപ്പടി വിനിയോഗിക്കാം. റെഗുലേറ്ററി സംവിധാനം അപ്പാടെ പൊളിച്ചുകളയുന്ന ഈ നീക്കത്തെ എതിര്‍ത്തതാണു രാജനുമേല്‍ രാജകോപമുണ്ടാവാനുള്ള അടിസ്ഥാന കാരണം.
രാജന്‍ പോവുന്നത് അന്താരാഷ്ട്രതലത്തില്‍ അപ്രീതിയുണ്ടാക്കുമെന്ന പേടി മോദിസര്‍ക്കാരിനുണ്ട്. അതുകൊണ്ട് ടിയാന്റെ പോക്ക് രാജ്യത്തെ സാമ്പത്തികമേഖലയില്‍ യാതൊരു പോറലുമേല്‍പ്പിക്കുന്നില്ല എന്നു വരുത്തണം. അതിനുള്ള അടവാണ് ഓഹരിക്കമ്പോളത്തിലെ ഇടപെടല്‍. എല്‍ഐസിയാണ് ഇക്കാര്യത്തിലെ തുറുപ്പ്. പൊതുമേഖലാ ബാങ്കുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയുമൊക്കെ ഓഹരികള്‍ വാങ്ങിക്കൂട്ടി കമ്പോളസൂചിക താഴാതെ നോക്കാനാണ് എല്‍ഐസിയോടുള്ള രഹസ്യകല്‍പന. മറ്റൊരു ദേശീയ സ്ഥാപനത്തെ വെള്ളത്തിലാക്കുന്ന അഭ്യാസം. ഇക്കഴിഞ്ഞ ഏപ്രിലില്‍ 65,000 കോടിക്കുള്ള ഓഹരിവാങ്ങല്‍ വഴി ഈ സ്ഥാപനത്തെ കുഴച്ചുമറിച്ച കാര്യമോര്‍ക്കുക. അന്ന് ദേനാ, അലഹബാദ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐഡിബിഐ എന്നീ ബാങ്കുകളുടെ ഓഹരി വാങ്ങിക്കൂട്ടുന്ന നഷ്ടക്കച്ചവടമാണ് സര്‍ക്കാരിന്റെ കല്‍പനയില്‍ എല്‍ഐസി നടത്തിയത്. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ 9,000 കോടിയുടെ ഓഹരിക്കച്ചവടത്തില്‍ പത്തിലൊമ്പത് ഭാഗവും കൈപ്പറ്റാന്‍ നിര്‍ബന്ധിതരാവുക കൂടി ചെയ്തതോടെ നമ്മുടെ സ്വന്തം ഇന്‍ഷുറന്‍സ് ഭീമന്‍ കടുത്ത പ്രതിസന്ധിയിലായി. ഈ കൂനിന്മേലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഇറങ്ങിപ്പോക്കിന്മേല്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങള്‍ തടയാനുള്ള പുതിയ കുരുകൂടി വച്ചുകൊടുക്കുന്നത്. അതുകൊണ്ടെന്താ, രണ്ടുദിവസം മുമ്പ് എല്‍ഐസി ചെയര്‍മാന്‍ എസ് കെ റോയ് രാജിവച്ചൊഴിഞ്ഞു. സുദീര്‍ഘമായ സര്‍വീസ്, പെന്‍ഷനാവാന്‍ ഇനിയും രണ്ടുകൊല്ലം ബാക്കി. ടിയാന്‍ കമാന്ന് മിണ്ടാതെ സ്ഥലം കാലിയാക്കുന്നു. ബാങ്കിങ് സ്ഥാപനങ്ങള്‍ മാത്രമല്ല, കേന്ദ്ര ഇന്‍ഷുറന്‍സ് സ്ഥാപനംകൂടി വെള്ളത്തിലാക്കുമെന്ന് പ്രത്യാശിക്കാം. ഇതാണു കുരങ്ങന്റെ കൈയില്‍ പൂമാല കൊടുത്താലുള്ള ഭവിഷ്യത്ത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 153 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക