|    Dec 12 Wed, 2018 6:13 pm
FLASH NEWS

വാദ്യ-വര്‍ണ വിസ്മയങ്ങളുടെ മതിവരാ കാഴ്ച്ചകളൊരുക്കി പൂരങ്ങളുടെ പൂരം

Published : 26th April 2018 | Posted By: kasim kzm

തൃശൂര്‍: വാദ്യ-വര്‍ണ വിസ്മയങ്ങളുടെ മതിവരാ കാഴ്ച്ചകളാണ് പൂരം സമ്മാനിച്ചത്. കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ മഠത്തില്‍ വരവ്,  പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ ഇലഞ്ഞിത്തറ മേളം,  നഗരവീതികളെ ആവേശത്തിലാക്കി ഘടകപൂരങ്ങളുടെ പുറപ്പാട്, തേക്കിന്‍കാട് മൈതാനിയില്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തിന് വര്‍ണവിസ്മയങ്ങളുടെ മഴവില്‍ കാഴ്ചകള്‍ സമ്മാനിച്ച് കുടമാറ്റം.
ആലവട്ടവും വെണ്‍ചാമരവും വര്‍ണക്കുടകളും നിറങ്ങളുടെ തിരമാലയാണ് തീര്‍ത്തത്. ഇന്നലെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെ പൂരത്തിന് വിളിച്ചുണര്‍ത്തായി. തുടര്‍ന്ന് താളമേളങ്ങളോടെ ഘടകപ്പൂരങ്ങള്‍ ശ്രീമൂലസ്ഥാനത്തേക്കു വരവ് തുടങ്ങി.
കണിമംഗലം ശാസ്താ ക്ഷേത്രത്തിനുപുറമേ ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ഘടകപൂരങ്ങള്‍ ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിയത്.പഴയനടക്കാവില്‍ മഠത്തില്‍ വരവിന്റെ ആകര്‍ഷണമായ പഞ്ചവാദ്യത്തിനു പതിവുപോലെ ആയിരങ്ങള്‍ കാണികളായി. 17 വീതം തിമിലയും കൊമ്പും 9 മദ്ദളവും 4 ഇടക്കയും  താളവാദ്യകലാകാരന്‍മാരും ചേര്‍ന്ന പഞ്ചവാദ്യവും നായ്ക്കനാലില്‍ മദ്ധ്യകാലവും തീരുകലാശവും കൊട്ടിതീര്‍ത്ത് എഴുന്നള്ളത്തായി വടക്കുംന്നാഥക്ഷേത്രത്തിലേക്ക് നീങ്ങി. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളത്ത്. പാറമേക്കാവ് ദേവസ്വത്തിന്റെ ആന ശ്രീപത്മനാഭന് ശാരീരിക ക്ഷീണമുള്ളതിനാല്‍ ഗുരുവായൂര്‍ നന്ദന്റെ പുറത്ത്, പെരുവനം കുട്ടന്‍മാരാരുടെ ചെമ്പട മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നുള്ളി. തുടര്‍ന്ന് രണ്ട് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഇലഞ്ഞിത്തറയില്‍ പ്രസിദ്ധ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി.
പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ താളകണക്കുകളെ വിരലുയര്‍ത്തി എണ്ണം പിടിച്ച് ആസ്വാദിക്കുന്ന ആയിരങ്ങളുടെ ആസ്വാദന പെരുക്കം! ഇലഞ്ഞിച്ചോട്ടില്‍ പ്രേക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെ എത്തിയപ്പോള്‍ ആവേശത്തിന്റെ കാലം ഇരട്ടിച്ചു. മേള പ്രമാണി പെരുവനം കുട്ടന്‍മാരാരെ പൊന്നാട ചാര്‍ത്തി ആദരിച്ച മുഖ്യമന്ത്രിക്ക് നിരവധി മേളങ്ങള്‍ക്ക് നാദം വിരിയിച്ച വാദ്യകോല്‍ സമ്മാനിച്ച് കുട്ടന്‍മാരാര്‍ ഉപചാരം കാട്ടി. എത്ര കൊട്ടിയാലും ഇലഞ്ഞിത്തറയില്‍ മടപ്പുണ്ടാവില്ലെന്ന് കുട്ടന്‍മാരാരുടെ പ്രതിസ്പന്ദം.
മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ തുടങ്ങിയവരും ഇലഞ്ഞിത്തറയില്‍ കീഴെ സജീവമായി. രണ്ടേമുക്കാലോടെ ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണം. ഇലഞ്ഞിത്തറയിലും ശ്രീമൂലസ്ഥാനത്തുമായി പാണ്ടിമേളപൂരം. ഇടത്ത് കലാശവും, അടിച്ച് കലാശവും, തകൃതയും ത്രിപുടയും മുട്ടിന്‍മേല്‍ ചെണ്ടയും കുഴഞ്ഞ് മറിയലുമായി കാണികളെ മേളപ്പെരുക്കാത്താന്‍ കുഴഞ്ഞ് മറിയിച്ച് ഇലഞ്ഞിത്തറ മേളവും ശ്രീമൂലസ്ഥാനം പാണ്ടിയും ഇത്തവണയും ഗംഭീരമായി.
തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ തെക്കേ ഗോപുരനടയില്‍ മുഖാമുഖം അണിനിരന്നു. തുടര്‍ന്ന് പ്രസിദ്ധമായ കുടമാറ്റത്തിന്റെ വര്‍ണ്ണവിസ്മയങ്ങള്‍ക്ക് ലോകം സാക്ഷിയായി. ഇത്തവണ പുരാഘോഷങ്ങള്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എം വി ജയരാജന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ,കേരള പോലീസ് അക്കാദമി ഡയറക്ടര്‍ പി സന്ധ്യ തുടങ്ങി നിരവധി പേരാണ് പൂരനഗരിയിലെത്തിയത്.
രാത്രി പരയ്ക്കാട് തങ്കപ്പന്‍ മാരാരുടെ പ്രമാണത്തില്‍ നടന്ന പാറമേക്കാവിന്റെ പഞ്ചവാദ്യം  ആസ്വാദകര്‍ക്ക് നവീനനുഭവമായി. തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ സവിശേഷ അലങ്കാരമായ വെടിക്കെട്ടും നടന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ പകല്‍പൂരത്തിന് ശേഷം ശ്രീമൂലസ്ഥാനത്ത് പൂരം വിട ചൊല്ലി പിരിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss