|    Nov 23 Thu, 2017 9:10 am
FLASH NEWS

വാതക പൈപ്പ് ലൈന്‍ പദ്ധതി : കലക്ടറുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ റീ അലൈന്‍മെന്റ് ഗെയില്‍ അട്ടിമറിച്ചു

Published : 8th November 2017 | Posted By: fsq

 

തൃശൂര്‍: നിര്‍ദിഷ്ട ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി കടന്നുപോവുന്ന തലപ്പിള്ളി താലൂക്കിലെ പെരുമ്പിലാവ് വില്ലേജിലെ എസ്‌സി കോളനി ഉള്‍പ്പെടുന്ന പ്രദേശം ഒഴിവാക്കിക്കൊണ്ട് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ റീ അലൈന്‍മെന്റ് ഗെയില്‍ അട്ടിമറിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.ജനവാസമേഖലയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ കൊണ്ടുപോവുന്നതിനെതിരേ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് 2012 ജൂണ്‍ 26ന് അന്നത്തെ തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ഗെയില്‍  ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമരസമിതി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പ്രസ്തുത യോഗത്തില്‍ പൈപ്പ് ലൈന്‍  കടന്നുപോവുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് കണക്ക കോളനിയുള്‍പ്പെടുന്ന പ്രദേശം ഒഴിവാക്കിക്കൊണ്ട് റീ അലൈന്‍മെന്റ് തയ്യാറാക്കാന്‍ ഗെയില്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തദടിസ്ഥാനത്തില്‍ ജനവാസമില്ലാത്തമേഖല കണ്ടെത്തി റീ അലൈന്‍മെന്റ് നടത്തുകയും പ്രസ്തുത റീ അലൈന്‍മെന്റ് സ്‌കെച്ച് ജൂണ്‍ 30ന് കലക്ടര്‍ക്കും കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും സമരസമിതിക്കും നല്‍കിയിരുന്നു. ഇതുപ്രകാരം കണക്ക കോളനി ഉള്‍പ്പെടുന്ന പ്രദേശം ഒഴിവാക്കുമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ കലക്ടറുടെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് കോളനി ഉള്‍പ്പെടുന്ന പ്രദേശത്തുകൂടിതന്നെയാണ് ഇപ്പോള്‍ പൈപ്പ് ലൈന്‍ നിര്‍മാണം നടക്കുന്നത്. ഗെയിലിന്റെ ഈ നടപടി കലക്ടറോടും ജനങ്ങളോടും ജന്രപ്രതിനിധികളോടുമുള്ള വെല്ലുവിളിയാണ്. ഗെയില്‍ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട്  സമര സമിതിയുള്‍പ്പെടെ ഹൈകോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി നിശ്ചയിച്ച അഭിഭാഷക കമ്മീഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇന്നലെ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനവാസ മേഖലയിലൂടെയാണ് പദ്ധതി കടന്നുപോകുന്നതെന്ന് പറയുന്നുണ്ട്.കേവലം മൂന്നര സെന്റ് ഭൂമി മാത്രം സ്വന്തമായുള്ള പെരുമ്പിലാവിലെ കണക്ക കോളനിയിലുള്ളവരുടെ അവസ്ഥ കമ്മീഷന്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും റീ അലൈന്‍മെന്റ് പ്രദേശത്തുകൂടെ റീ റൂട്ട് ചെയ്യണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ ജി മോഹനന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഷാജഹാന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എം ശരീഫ്, എം എ കമറുദ്ദീന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക