|    Jun 21 Thu, 2018 9:56 pm
FLASH NEWS

വാണിമേലില്‍ വീടുകള്‍ക്കുനേരെ ബോംബേറ്

Published : 14th November 2016 | Posted By: SMR

വാണിമേല്‍: രണ്ടാഴ്ച്ചയായി ബോംബേറ് നടക്കുന്ന വാണിമേലില്‍ വീടുകള്‍ക്ക് നേരെ വീണ്ടും ബോംബേറ്. ഇന്നലെ രാത്രി എട്ടുമണിക്കാണ് ഭൂമിവാതുക്കല്‍ ടൗണിലെ വ്യാപാരിയായ ഈന്തുള്ളതില്‍ കുഞ്ഞമ്മദിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. പ്രദേശത്ത് കനത്ത പോലിസ് ബന്തവസ്സ് തുടരുന്നതിനിടയിലാണ് ബോംബാക്രമണം നടന്നത്. ആളപായമില്ലങ്കിലും വീടിന് സാരമായ കേടുപറ്റി. വളയം പോലിസ് സ്ഥലത്തെത്തി. താഴെ വെള്ളിയോട് കുങ്കന്‍നിരവത്ത് ചന്ദ്രന്റെ വീടിന് നേരെ രാത്രി 10.45ന് ബോംബേറുണ്ടായി. വീടിന് കേട് പറ്റി ആര്‍ക്കും പരിക്കില്ല.  കുറ്റവാളികളെ കണ്ടെത്താന്‍ സഹകരിക്കണമെന്ന് പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. വാണിമേല്‍ മുളിവയല്‍ റോഡിലും വീടിനുനേരെ കല്ലേറുണ്ടായി. മാങ്കാവില്‍ ദിനേശന്റെ വിടിനുനേരെയാണ് കല്ലെറിഞ്ഞത്. വീടിന്റെ ജനല്‍ ചില്ല് പൊട്ടി. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി ഒന്‍പത് മണിയോടുകൂടി യാണ് സംഭവം.  അതേസമയം, കഴിഞ്ഞ കുറെ ദിവസങ്ങളില്‍ വാണിമേലിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് ശാശ്വത സമാധാനം കൈവരിക്കാന്‍ ജില്ലാകലക്ടര്‍ വിളിച്ചുചെര്‍ത്ത സമാധാന യോഗം ഇന്ന് വൈകീട്ട്   അഞ്ചുമണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.പോലിസിന്റെ നിഷ്‌ക്രിയത്വം: സ്ഥിതി വഷളാക്കിയെന്ന് ആക്ഷേപംവാണിമേല്‍: രണ്ടാഴ്ച്ച തുടര്‍ച്ചയായി ബോംബേറ് നടക്കുന്ന വാണിമേലില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് പോലിസിന്റെ നിഷ്‌ക്രിയത്വമാണെന്ന് പരക്കെ ആക്ഷേപം. ശനിയാഴ്ച നടന്ന സര്‍വ്വകക്ഷിയോഗത്തിലും പോലിസിനെയാണ് എല്ലാവരും കുറ്റപ്പെടുത്തിയത്. നിരവധി അക്രമസംഭവങ്ങളുണ്ടായിട്ടും ഒരെണ്ണത്തില്‍ പോലും അന്വേഷണം നടത്തുകയോ പ്രതികളെ കണ്ടെത്തുകയോ ചെയ്തില്ല എന്നാണ് പരാതി. സിപിഎമ്മിന്റെ പന്തംകൊളുത്തി പ്രകടനത്തില്‍ ബോംബ് വീണതാണ് പുതിയ അക്രമസംഭവങ്ങളുടെ തുടക്കം. പിറ്റേന്ന് പ്രകടനം അക്രമാസക്തമായി. എസ്ഡിപിഐ ഓഫിസ് ആക്രമിച്ചു. അതില്‍ പ്രതികളുടെ പേരു സഹിതം പരാതി നല്‍കിയിട്ടും ഒരാളെപ്പോലും ചോദ്യം ചെയ്തില്ല.  പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും ഒരു സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറുണ്ടായി. നാലു പേര്‍ക്ക് പരിക്കേറ്റു. എന്നിട്ടും പോലിസ്  ഉണര്‍ന്നില്ല. സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം നടന്നപ്പോള്‍ പാര്‍ട്ടി പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പരപ്പുപാറയില്‍ റോഡില്‍ ബാരിക്കേഡ് തീര്‍ത്ത് ഗതാഗതം തടഞ്ഞിട്ടും തടസ്സം നീക്കാന്‍ പോലിസ് ഒന്നും ചെയ്തില്ല. ഡിവൈഎസ്പി അടക്കം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ച് ലീഗ് ഹര്‍ത്താലാചരിച്ചപ്പോഴും ഇതേ അവസ്ഥയായിരുന്നു. നാദാപുരം എംഎല്‍എ ഇ കെ വിജയന്‍ മുന്‍കൈ എടുത്ത് ശനിയാഴ്ച സമാധാനയോഗം വിളിച്ചിരുന്നു.  പോലിസിന്റെ കൂടെ സൗകര്യം പരിഗണിച്ചാണ് യോഗം നിശ്ചയിച്ചത്. എന്നാല്‍, നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ നാദാപുരത്തുണ്ടായിട്ടും ഒരാള്‍ പോലും യോഗത്തിനെത്തിയിരുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss