|    Jan 20 Fri, 2017 9:28 am
FLASH NEWS

വാണിമേലില്‍ ലീഗില്‍ പൊട്ടിത്തെറി; മുസ്‌ലിം ലീഗ് യോഗത്തിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി

Published : 18th July 2016 | Posted By: SMR

വാണിമേല്‍: പഞ്ചായത്ത് മുസ് ലീം ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലേക്ക് ഒരുസംഘം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് യുവാക്കള്‍ യോഗ സ്ഥലത്ത് പ്രതിഷേധവുമായെത്തിയത്. പഞ്ചായത്തിലെ ഉടുമ്പിറങ്ങി മലയില്‍ വന്‍കിട ക്വാറി മാഫിയക്ക് ലൈസന്‍സ് നല്‍കിയതും ലീഗിന്റെ സ്‌കൂളില്‍ ലീഗ് വിരോധിയായ ഒരാള്‍ക്ക് നിയമനം നല്കിയതുമാണ് അണികളെ ചൊടിപ്പിച്ചത്.മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇടതുപക്ഷ മെംബര്‍മാരുടെ തീരുമാനങ്ങളാണ് നടപ്പിലാകുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഇന്നലെ വൈകുന്നേരം ആരംഭിച്ച പ്രവര്‍ത്തകസമിതിയോഗം രാത്രിയും തുടര്‍ന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ മുസ്‌ലിംലീഗിന്റെ പ്രമുഖ നേതാവിനെതിരേ മത്സരിച്ച വെല്‍ഫയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ആളുടെ ഭാര്യക്ക് നിയമനം നല്‍കിയതാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ എതിര്‍പ്പിനിടയാക്കിയത്. നിയമന തീരുമാനം പിന്‍വലിച്ച് പുതുതായി നിയമനം നടത്തണമെന്നാണ് അവരുടെ ആവശ്യം. അതേസമയം ലീഗിന്റെ മാനേജ്‌മെന്റിലുള്ള ഇതേസ്‌കൂളില്‍ ഹയര്‍ സെക്കണ്ടറിയില്‍ ഒരു സിപിഎം പാര്‍ട്ടി മെംബര്‍ക്കും ഉന്നത സിപിഐ നേതാവിന്റെ ബന്ധുവിനും നിയമനം നല്‍കിയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് റിബലായി മല്‍സരിച്ചയാളുടെ സഹോദരിക്കും നിയമനം നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ അപേക്ഷകരായി ഉണ്ടായിട്ടും അവരെയൊക്കെ തള്ളിക്കൊണ്ടാണ് ഈ നിയമനങ്ങള്‍ നടത്തിയത്. ഇതിലൊന്നും എതിര്‍പ്പ് പ്രകടിപ്പിക്കാതെ അറബി തസ്തികയില്‍ നിയമിച്ചത് മാത്രം പ്രശ്‌നമാക്കി ചിത്രീകരിക്കാനുളള ഒരു വിഭാഗത്തിന്റെ നീക്കമാണ് ഇന്നലത്തെ പ്രതിഷേധമെന്ന് എതിര്‍വിഭാഗവും പറയുന്നു.അതോടൊപ്പം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ ഖനനത്തിന് അനുമതി നല്കിയതും, പഞ്ചായത്ത് ഭരണത്തില്‍ ലീഗ് മെംബറന്മാരുടെ അഭിപ്രായങ്ങളേക്കാള്‍ എതിരാളികളുടെ തീരുമാനം അംഗീകരിക്കപ്പെടുന്നതായും യൂത്ത് വിഭാഗം നേതാക്കള്‍ പരാതിപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക