|    Dec 17 Mon, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇരിപ്പിടം നിര്‍ബന്ധം ബില്ലിന് അംഗീകാരം

Published : 7th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കുന്ന 2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതി ബില്ല് നിയമസഭ പാസാക്കി. ഇതോടെ കടകളിലെയും വാണിജ്യസ്ഥാപനങ്ങളിലെയും സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ഇരിപ്പിടം നിയമപരമായ അവകാശമായി മാറി.
1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ സുപ്രധാന ഭേദഗതികളാണു വരുത്തിയിട്ടുള്ളത്. നിയമഭേദഗതി ബില്ലിന്റെ അംഗീകാരം നിയമസഭയുടെ നിയമനിര്‍മാണചരിത്രത്തില്‍ ശ്രദ്ധേയമായ ഒന്നാണെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച നിയമസഭ അംഗീകാരം നല്‍കിയ ഭേദഗതിബില്ലില്‍ 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ നിരവധി സുപ്രധാന മാറ്റങ്ങളാണു വരുത്തിയിട്ടുള്ളതെന്ന് വാര്‍ത്താസമ്മേളനത്തി ല്‍ മന്ത്രി അറിയിച്ചു. ഷോപ്പ് ആക്റ്റിലെ തൊഴിലാളി എന്ന നിര്‍വചനത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. അപ്രന്റിസ്്, സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഗസറ്റ് വിജ്ഞാപനപ്രകാരം ഷോപ്പുമായി ബന്ധപ്പെടുന്ന എല്ലാ ജീവനക്കാരെയും തൊഴിലാളി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വൈകീട്ട് ഏഴു മുതല്‍ പുലര്‍ച്ചെ ആറുമണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റംവരുത്തി. വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീജീവനക്കാരെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തു. മതിയായ സുരക്ഷ, താമസസ്ഥലത്തേക്കു യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറുമണി വരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. ആഴ്ചയില്‍ ഒരുദിവസം കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലാ ദിവസവും സ്ഥാപനങ്ങള്‍ തുറക്കാം. ആഴ്ചയില്‍ ഒരുദിവസം ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ അവധി നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നു വ്യവസ്ഥ ചെയ്തു.
ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം തൊഴിലാളികളെയും വിജ്ഞാപനം വഴി തൊഴിലാളി എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടാവും. നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും 5000 0രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ 10,000 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായി ഉയര്‍ത്തി. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് 2,500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക.
കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കി. ഇരിപ്പിടം അനുവദിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉടന്‍ തന്നെ നടപ്പാക്കാന്‍ തൊഴിലുടമകള്‍ മുന്‍കൈയെടുക്കണം.
ട്രേഡ് യൂനിയനുകളും ജീവനക്കാരും അവകാശങ്ങള്‍ ഉറപ്പാക്കാനാവശ്യമായ ഇടപെടല്‍ നടത്തണം. നിയമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തൊഴിലുടമകളുടെ ഭാഗത്തുനിന്ന് നിയമഭേദഗതിയുടെ അന്തസ്സത്തയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍ ഉണ്ടായാല്‍ അക്കാര്യം തൊഴില്‍വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss