|    Apr 24 Tue, 2018 12:07 pm
FLASH NEWS

വാണിജ്യ കേന്ദ്രമായ മേലാമുറി ജങ്ഷന്‍ പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു

Published : 15th July 2017 | Posted By: fsq

 

പാലക്കാട്: നഗരത്തിന്റെ പ്രവേശന കവാടമായ മേലാമുറി ജങ്ഷന്‍ കാലങ്ങളായി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുള്ള മേലാമുറിക്ക് ഗതാഗതക്കുരുക്ക് തീരാശാപമായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയിലെ പ്രധാന കവലകൂടിയായ ഇവിടെ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാണ്.  ഒറ്റപ്പാലം, പാലക്കാട്, തിരുനെല്ലായ്, ഒലവക്കോട്, വടക്കന്തറ, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ  സംഗമകേന്ദ്രമാണ് മേലാമുറി. രാപകലന്യേ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമായി  നൂറുകണക്കിനു ചെറുതും വലുതുമായ ചരക്കുവാഹനങ്ങ ള്‍ മേലാമുറിയിലെ വിവിധ മാര്‍ക്കറ്റുകളിലേക്കെത്തുന്നു. പഴം, പച്ചക്കറി, പലചരക്ക് തുടങ്ങി നിത്യോപയോഗസാധനങ്ങളുടെ നിരവധി ചെറുതും വലുതുമായ മാര്‍ക്കറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചേ നാലുമണിക്കു മുന്നേ തുടങ്ങുന്ന മാര്‍ക്കറ്റില്‍  രാത്രി വൈകിയും ചരക്കുമായെത്തുന്ന വാഹനങ്ങളുടെ നീണ്ട നിര കാണാനാവും. എന്നാല്‍, കാലങ്ങളായി പച്ചക്കറി മാര്‍ക്കറ്റും പരിസരവും ഗതാഗതക്കുരുക്കിലും മാലിന്യക്കൂമ്പാരത്തിലും മുങ്ങിയിട്ടും നടപടി യെടുക്കാനാവാതെ  നട്ടം തിരിയുകയാണ് ഭരണകൂടം. ഒറ്റപ്പാലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക്  കോഴിക്കോട്, കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോയാല്‍ നഗരത്തിലൂടെ പ്രവേശിക്കാതെ  വലിയങ്ങാടി വഴി പോവാമെന്നതിനാല്‍ ഇവിടം ഗതാഗതക്കുരുക്കേറെയായിരിക്കുകയാണ്. പകല്‍ സമയത്ത് കച്ചവടസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ചരക്കിറക്കാന്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ മൂലം മിക്കപ്പോഴും  വാഹനങ്ങളുടെ നീണ്ട നിര തന്നെയാണിവിടം. നോര്‍ത്ത് പോലിസ് സ്റ്റേഷന്‍, വലിയ അങ്ങാടി സ്‌കൂള്‍, പള്ളികള്‍, ഗോള്‍ഡന്‍ പാലസ്, കര്‍ണകി ക്ഷേത്രം എന്നിവയെല്ലാം മാര്‍ക്കറ്റ് റോഡിലാണുള്ളത്. മേലാമുറിയില്‍ ഗതാഗത നിയന്ത്രണത്തിന് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാത്തത്  കാലങ്ങളായി വാഹനയാത്ര ദുഷ്‌കരമാക്കുന്നു. ഒലവക്കോട്ടു നിന്നും ചുണ്ണാമ്പുതറ വഴി വടക്കന്തറയിലൂടെ മേഴ്‌സി ജങ്ഷനിലേക്കുള്ള മിനിബസ്സുകളും ഇതിലൂടെ  സവാരി നടത്തുന്നുണ്ട്. പച്ചക്കറി മാര്‍ക്കറ്റിനു സമീപത്ത് ജീവനക്കാര്‍ക്കോ ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കോ  പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അസൗകര്യങ്ങളും ഏറെ ദുരിതമായിരിക്കുകയാണ്. പച്ചക്കറിമാര്‍ക്കറ്റും  പരിസരവും മാലിന്യത്തില്‍ മുങ്ങുമ്പോഴും  മാലിന്യ നിര്‍മാര്‍ജനത്തെപ്പറ്റിയോ  തകര്‍ന്നടിഞ്ഞതും മഴപെയ്താല്‍ വെള്ളക്കെട്ടുണ്ടാവുന്ന മാര്‍ക്കറ്റ്  റോഡിനെപ്പറ്റിയോ നഗരസഭയ്ക്ക് ചിന്തയില്ല കാലങ്ങളായി ഗതാഗതക്കുരുക്ക് തീരാശാപമായ മേലാമുറി, വലിയങ്ങാടിക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ജനകീയാവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss