|    Oct 24 Tue, 2017 12:43 am
FLASH NEWS

വാട്‌സ് ആപ്പ് പ്രണയം: 16കാരിയെ വിളിച്ചുവരുത്തി കാമുകന്‍ മുങ്ങി

Published : 13th August 2016 | Posted By: SMR

കൂത്തുപറമ്പ്: വാട്‌സ് ആപ്പ് വഴി പ്രണയത്തിലായ 16കാരിയെ വിളിച്ചുവരുത്തിയ കാമുകന്‍ നാട്ടുകാരെ കണ്ടപ്പോള്‍ മുങ്ങി. മമ്പറത്തെ 17 വയസുകാരനായ പ്ലസ്ടു വിദ്യാര്‍ഥിയാണ് അങ്കമാലിയിലെ 16കാരിയെ നാട്ടിലെത്തിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മമ്പറം ടൗണില്‍ രാത്രി 11ഓടെ ഒറ്റയ്ക്ക് കടവരാന്തയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് വാടസ്ആപ്പ് പ്രണയത്തിന്റെ ചുരുളഴിഞ്ഞത്.
ആറു മാസക്കാലധികമായി ഇരുവരും വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യാറുണ്ടെന്നും ഫോണില്‍ വിളിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കാമുകനെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി അങ്കമാലിയില്‍ നിന്ന് വീട് വിട്ടിറങ്ങിയത്. ട്രെയിനില്‍ കോഴിക്കോടെത്തിയപ്പോള്‍ പെണ്‍കുട്ടി കാമുകനെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവത്രെ. തുടര്‍ന്ന് പെണ്‍കുട്ടി തിരിച്ച് അങ്കമാലിയിലേക്ക് പോയി. കാമുകന്‍ വീണ്ടും വിളിച്ചപ്പോള്‍ പെണ്‍കുട്ടി പിന്നെയും ട്രെയിനില്‍ കയറി വരികയായിരുന്നു.
വ്യാഴാഴ്ച പകല്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ കാമുകന്‍ തന്നെയാണ് മമ്പറത്തേക്ക് കൂട്ടിക്കൊണ്ടു വന്നത്. രാത്രിയായപ്പോള്‍ നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് യുവാവ് മുങ്ങുകയായിരുന്നു. കാമുകന്റെ ജ്യേഷ്ഠനും എന്നെ ഫോണ്‍ വിളിക്കാറുണ്ടെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഈ യുവാവിനെ വിളിച്ചു വരുത്തി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ യുവാവും സ്ഥലത്ത് നിന്നു മുങ്ങി.
തുടര്‍ന്ന് നാട്ടുകാര്‍ കൂത്തുപറമ്പ് പോലിസില്‍ വിളിച്ച് വിവരം അറിയിക്കുകയും എസ്‌ഐ കെ ജെ ബിനോയിയുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം കുട്ടിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും വരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ കുട്ടിയെ ഹാജരാക്കുകയും തലശ്ശേരിയിലെ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് പെണ്‍കുട്ടിയെ പറഞ്ഞയക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക