|    Jan 19 Thu, 2017 5:45 am
FLASH NEWS

വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ എഡിജിപി കെ പത്മകുമാര്‍: സരിത പെന്‍ഡ്രൈവ് ഹാജരാക്കി 

Published : 10th February 2016 | Posted By: SMR

കൊച്ചി: സോളാര്‍ കമ്മീഷനില്‍ താന്‍ നല്‍കിയ രഹസ്യമൊഴിയെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ സരിതാ എസ് നായര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ ഹാജരാക്കി. ഇതുസംബന്ധിച്ച തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവാണ് മുദ്രവച്ച കവറില്‍ സരിത ഇന്നലെ കമ്മീഷനില്‍ ഹാജരാക്കിയത്. മറ്റു തെളിവുകള്‍ അഭിഭാഷകന്‍ മുഖേന മൂന്നു ദിവസത്തിനകം ഹാജരാക്കും.
സരിത കമ്മീഷനില്‍ നല്‍കിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ നശിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുവേണ്ടി ഫോണില്‍ വിളിച്ചുവെന്ന് പറയുന്ന എബ്രഹാം കലമണ്ണില്‍ ഇന്നലെ കമ്മീഷന്‍ മുമ്പാകെ ഹാജരായില്ല. നടുവേദനയായതിനാല്‍ എബ്രഹാമിന് വരാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ അഡ്വ. ജസ്റ്റിന്‍ മാത്യു അറിയിച്ചു. കലമണ്ണിലിനെ തിങ്കളാഴ്ച വിസ്തരിക്കും. തന്റെ സ്വകാര്യദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചതിനു പിന്നില്‍ അന്നത്തെ ദക്ഷിണമേഖലാ ഐജി കെ പത്മകുമാറാണെന്ന് സരിത കമ്മീഷനില്‍ മൊഴി നല്‍കി. നിലവില്‍ എഡിജിപി കൂടിയായ കെ പത്മകുമാറിനെതിരേ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും സരിത പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇവ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പത്മകുമാറിന്റെ നിര്‍ദേശ പ്രകാരം പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനാണ് തന്നെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, തന്റെ വീട് റെയ്ഡ് നടത്തിയതിനിടെയാണ് ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുക്കുന്നത്. ഇതുസംബന്ധിച്ച് ഡിജിപിക്കു നല്‍കിയ പരാതിയില്‍ എന്തെങ്കിലും നടപടിയുണ്ടായോ എന്നറിയില്ല. ഈ പരാതിയില്‍ പോലിസ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിക്ക് കോഴ കൊടുക്കാനാണ് എന്നു പറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഡല്‍ഹിയിലെ ടീം സോളാര്‍ ഓഫിസിലേക്കെന്ന് പറഞ്ഞ് മല്ലേലില്‍ ശ്രീധരന്‍ നായരോട് 10 ലക്ഷം രൂപയുടെ ചെക്ക് മാറാന്‍ അനുവാദം ചോദിച്ചതെന്ന് സരിത പറഞ്ഞു.
മുഖ്യമന്ത്രിക്കു വേണ്ടി സരിതയെ ക്രോസ് വിസ്താരം ചെയ്യാനെത്തിയ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എസ് ശ്രീകുമാറിന്റെ ചോദ്യത്തിന് മറുടി പറയുകയായിരുന്നു സരിത. മെഗാ വിന്‍ഡ് മില്‍ പ്രൊജക്റ്റിനായി ടീം സോളാര്‍ കമ്പനിയുമായി എംഒയു ഒപ്പിടുന്നതിനു മുമ്പാണ് 2012 ജൂണ്‍ 30ന് തിയ്യതിവച്ച് മല്ലേലില്‍ ശ്രീധരന്‍ നായര്‍ രണ്ടു ചെക്കുകള്‍ നല്‍കിയത്. അതിലൊന്ന് 15 ലക്ഷത്തിന്റേതും മറ്റേത് 10 ലക്ഷത്തിന്റേതുമായിരുന്നു. ആദ്യ ചെക്ക് എറണാകുളം ഓഫിസിന്റെയും രണ്ടാമത്തേത് ഡല്‍ഹി ഓഫിസിന്റെയും ആവശ്യത്തിലേക്കാണെന്നാണ് പറഞ്ഞത്. ഡല്‍ഹിയില്‍ ഓഫിസ് ഇല്ലാതിരുന്നിട്ടും താനിങ്ങനെ പറഞ്ഞത് ആ പത്തു ലക്ഷം മുഖ്യമന്ത്രിക്ക് കോഴ നല്‍കാന്‍ വേണ്ടിയാണെന്ന് പറയാനുള്ള മടികൊണ്ടായിരുന്നുവെന്നും സരിത മറുപടി നല്‍കി. എംഒയു പ്രകാരം ശ്രീധരന്‍ നായര്‍ ടീം സോളാറിന് രണ്ടു കോടിയോളം രൂപ പല ഘട്ടങ്ങളിലായി നല്‍കാനുണ്ട്. മുഖ്യമന്ത്രിയുമായി തനിക്കുള്ള ബന്ധം ശ്രീധരന്‍ നായരെ പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ജിക്കുമോന്‍ പറഞ്ഞതനുസരിച്ചാണ് ശ്രീധരന്‍ നായരുടെ വക്കീല്‍ അഡ്വ. അജിത്കുമാര്‍ തന്റെ ഫോണില്‍ വിളിച്ച് കാണണമെന്നാവശ്യപ്പെട്ടത്. എംഒയു ഡ്രാഫ്റ്റ് ചെയ്ത് പത്തു ദിവസങ്ങള്‍ക്കു ശേഷം 2012 ജൂലൈ 9ന് രാത്രി എട്ടുമണിക്ക് ശേഷമാണ് താനും ശ്രീധരന്‍നായരും അഡ്വ. അജിതും ചേര്‍ന്ന് സെക്രട്ടേറിയറ്റില്‍വച്ച് മുഖ്യമന്ത്രിയെ കണ്ടത്.
തനിക്കും ബിജുവിനുമെതിരേ ക്രിമിനല്‍ കേസുകള്‍ വന്നതിന് പല കാരണങ്ങളുണ്ട്. പുനരുപയോഗ ഊര്‍ജനയം രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം മൂലം മെഗാ സോളാര്‍-വിന്‍ഡ് പദ്ധതികള്‍ നടപ്പാകാതെ പോയതും മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍ തുടങ്ങിയവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമാണ് ഇതില്‍ പ്രധാനം. കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്ന കാര്യം ബിജുവുമായി സംസാരിക്കാന്‍ ശാലുവിന്റെ വീട്ടില്‍ പോയ ദിവസമാണ് താന്‍ അറസ്റ്റിലായതെന്നും സരിത പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക