|    Mar 25 Sat, 2017 9:32 am
FLASH NEWS

വാട്‌സ്ആപ്പ് പോസ്റ്റ്: യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

Published : 13th October 2016 | Posted By: SMR

റാഞ്ചി: വാട്‌സ്ആപ്പില്‍ മാട്ടിറച്ചിയെക്കുറിച്ച് കുറിപ്പിട്ടുവെന്നാരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ ജുംതാര ജില്ലയിലെ ദിഗ്ഹാരി ഗ്രാമത്തിലെ ഉമര്‍ ശെരീഫിന്റെ മകന്‍ മിന്‍ഹാജ് അന്‍സാരി (22)യാണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിനാണ് മിന്‍ഹാജുള്‍പ്പെടെ ചില യുവാക്കളെ വാട്‌സ്ആപ്പില്‍ വിവാദ പോസ്റ്റിട്ടതിന് നാരായണപുരം പോലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് മിന്‍ഹാജിനെ ഒഴിച്ച് മറ്റുള്ളവരെയെല്ലാം പോലിസ് വിട്ടയച്ചു.
അതിനു ശേഷം അഞ്ചാം തിയ്യതിയാണ് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ മിന്‍ഹാജിനെ ധന്‍ബാദ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബന്ധുക്കള്‍ അറിയുന്നത്. അവര്‍ ഗ്രാമീണരോടൊപ്പം പോലിസ് സ്റ്റേഷനിലെത്തി. സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസറും ബന്ധുക്കളും തമ്മില്‍ സംഘര്‍ഷം നടന്നു.
ഹരീഷ് പതക് എന്ന ഒാഫിസര്‍ക്കെതിരേ വധശ്രമത്തിനും ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും അവര്‍ പരാതി നല്‍കി. ഇതിനിടെ ധന്‍ബാദ് രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് ഒമ്പതാം തിയ്യതി മരിച്ചു.
എന്നാല്‍, യുവാവിന് മസ്തിഷ്‌കജ്വരം പിടിപെട്ടിരുന്നുവെന്നാണ് മെഡിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നത്. യുവാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കാന്‍ പോലിസ് സന്നദ്ധരായില്ല. രക്ഷിതാക്കളുടെ പരാതിയില്‍ പോലിസ് ഓഫിസറെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണാധികാരികള്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
യുവാവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് പ്രഖ്യാപിക്കുകയും ഉടന്‍ നല്‍കുകയും ചെയ്തു. ദസറയും മുഹര്‍റവും അടുത്തടുത്തായി വന്നതിനാല്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രവൃത്തികള്‍ തടയുന്നതിന്റെ ഭാഗമായാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് ജുംതാര പോലിസ് സൂപ്രണ്ട് മനോജ്കുമാര്‍ സിങ് പറഞ്ഞത്.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക