|    May 24 Wed, 2017 7:26 pm
FLASH NEWS

വാട്ടര്‍ മെട്രോ പദ്ധതി: അഭിപ്രായ ഏകീകരണത്തിനായി കെഎംആര്‍എല്‍

Published : 1st July 2016 | Posted By: SMR

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയോട് അനുബന്ധമായി നടപ്പാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതിയുടെ അഭിപ്രായ ഏകീകരണത്തിനായി കെഎംആര്‍എല്‍ ഒരുക്കങ്ങള്‍ തുടങ്ങുന്നു. വാട്ടര്‍ മെട്രോ ലക്ഷ്യമിടുന്ന പഞ്ചായത്തുകളും നഗരസഭകളും സന്ദര്‍ശിച്ച് പദ്ധതിയുടെ അവതരണം നടത്താനുള്ള പരിപാടിക്കു ഈ മാസം നാലിന് തുടക്കമാവും.
കടമക്കുടിയിലാണ് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ആദ്യ യോഗം ചേരുക. വാട്ടര്‍ മെട്രോയുടെ പ്രയോജനങ്ങളെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
കടമക്കുടിക്ക് പുറമേ എളങ്കുന്നപ്പുഴ, മുളവുകാട്, ചേരാനല്ലൂര്‍, വരാപ്പുഴ, കുമ്പളം പഞ്ചായത്തുകള്‍ക്കും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര, ഏലൂര്‍ നഗരസഭകള്‍ക്കും കൊച്ചി കോര്‍പറേഷനും വാട്ടര്‍ മെട്രോയുടെ പ്രയോജനം ലഭിക്കും. ബോട്ട് ജെട്ടിക്ക് അനുബന്ധമായുള്ള വാണിജ്യ സാധ്യതകളും പരിശോധിക്കും. പഞ്ചായത്തുകളുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തായിരിക്കും വാണിജ്യ പദ്ധതികള്‍ നടപ്പാക്കുക. ബോട്ടു ജെട്ടിയില്‍ നിന്ന് അനുബന്ധ യാത്രാ സൗകര്യം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, ബോട്ടുജെട്ടിയും അനുബന്ധ റോഡുകളും മെച്ചപ്പെടുത്തുക എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
വിശാല കൊച്ചി മേഖലയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വാട്ടര്‍ മെട്രോ വഴി ലക്ഷ്യമിടുന്നതെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. കൊച്ചിയുടെ സമീപ പ്രദേശങ്ങളിലെ ഗതാഗത സാഹചര്യങ്ങളും മെച്ചപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊത്തം 819.27 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന വാട്ടര്‍ മെട്രോ പദ്ധതിക്കുള്ള വായ്പാ കരാറില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍)ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവും ജൂണ്‍ 19ന് ഒപ്പുവച്ചിരുന്നു.
പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്‍സിക്കായി 15 ഏജന്‍സികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കായി മെയ് മാസം ആഗോളതലത്തില്‍ താല്‍പ്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ എത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day