|    Jan 22 Sun, 2017 7:53 pm
FLASH NEWS

വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

Published : 9th July 2016 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: വാഹനം വാടകയ്‌ക്കെടുത്ത ശേഷം തമിഴ്‌നാട്ടിലെത്തിച്ച് പണയം വച്ച് ആറു ലക്ഷം രൂപയോളം തട്ടിയെടുത്തു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഷാഡോ പോലിസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് വാഹനം കണ്ടെത്തി. ഏറണാകുളം കേന്ദ്രീകരിച്ച വന്‍ സംഘമാണ് ഇതിനു പിന്നിലെന്ന് പോലിസ് വെളിപ്പെടുത്തി.
ചികില്‍സയ്ക്കും മറ്റ് പലവിധ ആവശ്യങ്ങള്‍ക്കുമെന്ന് പറഞ്ഞാണ് സംഘം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിരുന്നത്.കഴിഞ്ഞ മെയ് ഒന്നിനാണ് പെരുമ്പിള്ളിച്ചിറ തോപ്പില്‍ നിയാസിന്റെ 10 ലക്ഷം രൂപ വിലയുള്ള ഇന്നോവ കാര്‍ സഹോദരനായ ഇസ്മയിലിന്റെ പരിചയത്തിലുള്ള കുമാരമംഗലം സ്വദേശി റോണിക്‌സ്(22)നു വാടകയ്ക്ക് നല്‍കിയത്.
വാഹനം മൂന്നു ദിവസം കഴിഞ്ഞ് തിരികെയെത്തിക്കാമെന്നായിരുന്നു വ്യവസ്ഥ. ദിവസങ്ങള്‍ പിന്നിട്ടിട്ടും വാഹനം എത്താഞ്ഞതിനെ തുടര്‍ന്ന് റോണിക്‌സിനെ സമീപിച്ചെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് നിയാസ് തൊടുപുഴ പോലിസില്‍ പരാതി നല്‍കിയത്.സമീപ കാലത്ത് ഇത്തരത്തില്‍ തൊടുപുഴയില്‍ രണ്ട് വാഹനങ്ങള്‍ കടത്തിയതായി തൊടുപുഴ ഷാഡോ പോലിസിനു വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് റോണിക്‌സിനെക്കുറിച്ച് പോലിസ് അന്വേഷണവും ആരംഭിച്ചിരുന്നു.
അന്വേഷണം ആരംഭിച്ചതോടെ കുമാരമംഗലം സ്വദേശിയുടെ വീടിന്റെ സമീപത്ത് വാടകയ്‌ക്കെടുത്ത് വാഹനം റോണികസ് ഉപേക്ഷിച്ച് കടന്നു.നിയാസിന്റെ ഇന്നോവ കാര്‍ നഷ്ടപ്പെട്ടതിനുശേഷം നിയാസും സ്വന്തം നിലയില്‍ അന്വേഷണം നടത്തിയപ്പോള്‍ വാഹനം തമിഴ്‌നാട് തേനിയിലുള്ളതായി അറിഞ്ഞു.വിവരം ഉടന്‍ തന്നെ കേസ് അന്വേഷിക്കുന്ന പോലിസിനു കൈമാറി.
ഷാഡോ പോലിസിന്റെ നേതൃത്വത്തില്‍ നാല് ദിവസം തേനിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേനിയില്‍ വാഹനം ഈടുവെച്ച് പണം നല്‍കുന്ന വന്‍കിടക്കാരനായ വിനോദിന്റെ കസ്റ്റഡിയില്‍ വാഹനമുള്ളതായി കണ്ടെത്തിയത്.
വിനോദിന്റെ അടുക്കല്‍ വാഹനമെത്തിച്ചത്. റോണിക്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വ്യാജ ആര്‍സി ബുക്കും നല്‍കിയാണ് വിനോദിന്റെ കൈയില്‍ നിന്ന് ആറു ലക്ഷം രൂപ കൈപ്പറ്റിയത്. വ്യാജ ആര്‍സി ബുക്ക് പോലിസ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയാണ് റോണിക്‌സെന്നു പോലിസിനു വിവരം ലഭിച്ചു. ഇയാള്‍ പോലിസ് നിരീക്ഷണത്തിലാണ് .
ഇടുക്കി ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ തൊടുപുഴ ഡിവൈഎസ്പി ജി വേണു, സിഐ ഷാജു ജോസ്, ഷാഡോ പോലിസ് എസ്‌ഐ ടി ആര്‍ രാജന്‍, എസ്‌ഐ അശോകന്‍, എഎസ്‌ഐ വി എം ജോസ്ഫ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക