|    Nov 19 Mon, 2018 9:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വാജ്‌പേയിയുടെ പേരില്‍ വോട്ടു തേടി കോണ്‍ഗ്രസ്സും ബിജെപിയും

Published : 9th November 2018 | Posted By: kasim kzm

റായ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ കോണ്‍ഗ്രസ്സും ബിജെപിയും വോട്ടു തേടുന്നത് വാജ്‌പേയിയുടെ പേരില്‍. ബിജെപി സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി രമണ്‍ സിങും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയുമാണ് ഇവിടെ ജനവിധി തേടുന്നത്. ഇരുവരും ഉയര്‍ത്തിക്കാണിക്കുന്നത് മരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെത്തന്നെ.
മുന്‍ പ്രധാനമന്ത്രിയുടെ സൗമ്യതയും ലാളിത്യവും എന്ന അവകാശവാദമാണ് ബിജെപി ഉയര്‍ത്തിക്കാണിക്കുന്നതെങ്കില്‍, അടല്‍ജിയുടെ രക്തമാണ് തന്റേതെന്നും അദ്ദേഹത്തെ അറിയുന്നവര്‍ക്ക് തന്നെ പിന്തുണക്കാതിരിക്കാനാവില്ലെന്നും ശുക്ല പറയുന്നു. വാജ്‌പേയിയുടെ നിലപാടില്‍ നിന്നും കാഴ്ചപ്പാടില്‍ നിന്നും ഒരുപാട് മാറിപ്പോയ നിലയിലാണ് ബിജെപി. ഇത് ജനങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ നടപ്പാക്കണമെങ്കില്‍ തന്റെ വിജയം അനിവാര്യമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ശുക്ല പറയുന്നു. അടല്‍ജിയാണ് തന്റെ ഗുരു. അദ്ദേഹത്തിന്റെ ധൈര്യം തന്റെ രക്തത്തിലുള്ളതാണ്. അഴിമതിയില്‍ മുങ്ങിയ സംസ്ഥാനത്തെ കരകയറ്റാന്‍ കോണ്‍ഗ്രസ്സിനെ ഭരണത്തിലെത്തിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും. ബിജെപി മുന്‍ നേതാവു കൂടിയായ ശുക്ല പറഞ്ഞു.
2014 ഫെബ്രുവരിയിലാണ് കരുണ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഡ് രൂപം കൊണ്ട ശേഷം ആദ്യ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. പിന്നീട് ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനത്ത് വാജ്‌പേയിക്കുള്ള ജനപിന്തുണയാണ് ശുക്ലയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss