|    Nov 19 Mon, 2018 2:34 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വാജ്‌പേയിക്ക് യമുനാതീരത്ത് അന്ത്യവിശ്രമം

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് യമുനാതീരത്തെ സ്മൃതിസ്ഥലില്‍ അന്ത്യവിശ്രമം. രാജ്യം പൂര്‍ണ ബഹുമതികളോടെ വാജ്‌പേയിക്ക് വിട നല്‍കി. വൈകുന്നേരം 5.05ന് വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യ അദ്ദേഹത്തിന്റെ ചിതയ്ക്കു തീ കൊളുത്തി. ചിതയിലേക്ക് എടുക്കുന്നതിനു മുമ്പായി നമിതയുടെ കൊച്ചുമകള്‍ നീഹാരിക അദ്ദേഹത്തെ പുതപ്പിച്ചിരുന്ന ത്രിവര്‍ണ പതാക സൈന്യത്തില്‍ നിന്ന് ഏറ്റുവാങ്ങി.
മൂന്നു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി വിശിഷ്ട വ്യക്തികളും എത്തിയിരുന്നു. ബ്രിട്ടിഷ് ഹൈക്കമ്മീഷനിലെ യൂനിയന്‍ ജാക്ക് ഇന്നലെ വാജ്‌പേയിയോടുള്ള ആദരസൂചകമായി പകുതി താഴ്ത്തിക്കെട്ടിയിരുന്നു.
വാജ്‌പേയിയുടെ വേര്‍പാട് തനിക്ക് പിതൃനഷ്ടത്തിന് തുല്യമാണെന്നും കൂടുതല്‍ പറയാന്‍ വാക്കുകളില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പുഷ്പാലംകൃത വാഹനത്തില്‍ വാജ്‌പേയിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള സ്മൃതിസ്ഥലിലേക്കുള്ള നാലു കിലോമീറ്റര്‍ വിലാപയാത്രയിലും മോദി കാല്‍നടയായി അനുഗമിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപി മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാന്‍, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും കാല്‍നടയായാണ് അനുഗമിച്ചത്.
രാവിലെ ഒമ്പതു മുതല്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ച വാജ്‌പേയിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗെയില്‍ വാങ്ചുക്, പാകിസ്താന്‍ നിയമമന്ത്രി അലി സഫര്‍, ശ്രീലങ്കന്‍ ആക്റ്റിങ് വിദേശമന്ത്രി ലക്ഷ്മണ്‍ കിരിയേല, അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, നേപ്പാള്‍ വിദേശകാര്യമന്ത്രി കുമാര്‍ ഗ്യാവ്‌ലി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭരണ, പ്രതിപക്ഷ നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
93കാരനായ വാജ്‌പേയി ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss