|    Mar 22 Thu, 2018 3:46 am
FLASH NEWS

വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

Published : 22nd December 2015 | Posted By: SMR

മലപ്പുറം: മാനസികവെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് അര്‍ഹമായ സ്വത്ത് വില്‍പന നടത്തുമ്പോഴും രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും വാങ്ങുമ്പോഴും ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസക്കരന്‍ അറിയിച്ചു. മാനസികവെല്ലുവിളി നേരിട്ടുന്നവര്‍ക്ക് നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കുന്നതിന് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം രൂപീകരിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി (എല്‍എല്‍സി) യോഗത്തില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം. കുടുംബത്തില്‍ ഇത്തരക്കാരുണ്ടെങ്കില്‍ അവരുടെ ക്ഷേമവും സ്വത്തും ഉറപ്പാക്കുന്നതിനാണ് നിയമപരമായി രക്ഷിതാവ് (ലീഗല്‍ ഗാര്‍ഡിയനെ) ചുമതലപ്പെടുത്തുന്നത്. കുടൂംബത്തിലെ എല്ലാവരെയും വിളിച്ചുചേര്‍ത്ത് സംസാരിച്ച ശേഷമാണ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക. യോഗം ചേരുന്നതിന് മുമ്പ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും വില്ലേജ് ഓഫിസറും ബന്ധപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ച് നല്‍കിയാല്‍ പിന്നെ ഇവരുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് എല്‍എല്‍സിയുടെ അനുമതി തേടണം. ഇവര്‍ക്കായി ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും യോഗം നിര്‍ദേശിച്ചു. പരിചരണത്തിനും ചികില്‍സയ്ക്കും നിക്ഷേപിച്ച തുകയുടെ പലിശ വിനിയോഗിക്കാം. എന്നാല്‍, അതില്‍ കൂടുതല്‍ തുക എടുക്കുമ്പോള്‍ കമ്മിറ്റിയുടെ അനുവാദം തേടണം.
ഇവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കി മാത്രമാണ് സ്വത്ത് വില്‍പന നടത്തുന്നതെന്നും രജിസ്ട്രാര്‍ ഓഫിസുകള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഭൂമി വാങ്ങുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടി തിരികെ നല്‍കുന്നതിന് നടപടി സ്വികരിക്കും. മാനസികവെല്ലുവിളി നേരിടുന്ന 38 കാരന്‍ അറിയാതെ അമ്മയടക്കമുള്ള ബന്ധുക്കള്‍ 10 വര്‍ഷം മുന്‍പ് സ്വത്ത് വില്‍പന നടത്തിയതിനെ തുടര്‍ന്ന് ഭൂമി വാങ്ങിയവരില്‍നിന്നു ധാരണയിലെത്തിയ പ്രകാരമുള്ള തുകയുടെ ചെക്ക് കമ്മിറ്റിക്ക് കൈമാറി. വെല്ലുവിളി നേരിടുന്ന കുട്ടിയാണ് ജനിച്ചതെന്നറിഞ്ഞ് ഉപേക്ഷിച്ച് പോയ ചെയ്ത പിതാവിനെ അടുത്തയോഗത്തില്‍ ഹാജരാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. നാഷനല്‍ ട്രസ്റ്റ് ആക്റ്റിന്റെ പരിധിയില്‍വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി. മാനസിക വൈകല്യം, ബഹു വൈകല്യം എന്നിവയുള്ളരെ പരിചരിക്കുന്നവര്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ ആശ്വാസകിരണം പെന്‍ഷന്‍ ശുചിത്വ മിഷന്‍ മുഖേന ടോയ്‌ലെറ്റ് നിര്‍മിക്കാന്‍ ധനസഹായം എന്നിവ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. കണ്‍വീനര്‍ വടക്കേതില്‍ ഹംസ, പി വി പ്രേമ, ഡിവൈഎസ്പി എ ഷറഫുദ്ദീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭ, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സുഭാഷ് കുമാര്‍, മഞ്ചേരി ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് അബ്ദുള്‍ റസാഖ് എന്നിവരടങ്ങുന്ന സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss