|    Jul 22 Sun, 2018 6:28 pm
FLASH NEWS

വാങ്ങാനാളില്ല ; റേഷന്‍കാര്‍ഡുകള്‍ കെട്ടിക്കിടക്കുന്നു

Published : 25th September 2017 | Posted By: fsq

 

കണ്ണൂര്‍: സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് വിതരണം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും ഇതുവരെ കൈപ്പറ്റാത്തത് ലക്ഷങ്ങള്‍. കണ്ണൂര്‍ ജില്ലയില്‍ മാത്രം 11,929 പേര്‍ കാര്‍ഡുകള്‍ ഇനിയും വാങ്ങാനുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. വിവിധ ഘട്ടങ്ങളിലായി വിതരണക്യാംപ് നടത്തിയതിനു ശേഷമുള്ള സ്ഥിതിയാണിത്. റേഷന്‍കടകള്‍ വഴിയാണ് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ടെത്തി കാര്‍ഡുകള്‍ വിതരണം ചെയ്തത്. ക്യാംപുകളില്‍ എത്താത്തവര്‍ക്ക് ഇവ വിതരണംചെയ്യാന്‍ പഞ്ചായത്ത് കാര്യാലയം, വിദ്യാലയങ്ങള്‍, സിവില്‍ സപ്ലൈസ് ഓഫിസ് എന്നിവിടങ്ങളിലും ക്യാംപുകള്‍ നടത്തിയിരുന്നു. ഒരു താലൂക്കില്‍ നാലു മുതല്‍ എട്ടു വരെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരാണ് ഉള്ളത്. അതിനാല്‍ പലയിടത്തും സമയബന്ധിതമായി വിതരണം നടന്നിരുന്നില്ല. ആവശ്യമായ മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നില്ല. ഇതിനാല്‍ പലയിടത്തും വിതരണം പാളിയെന്നാണ് ആരോപണം. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 231 റേഷന്‍ കടകളാണുള്ളത്. ജൂണ്‍ മുതലായിരുന്നു പുതിയ കാര്‍ഡിന്റെ വിതരണം. വിതരണം തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളില്‍ ശരാശരി രണ്ടായിരത്തോളം കാര്‍ഡുകള്‍ ഇനിയും കൈപ്പറ്റിയിട്ടില്ല. ഇതിനുള്ള കാരണവും വ്യക്തമല്ല. റേഷന്‍ സാധനങ്ങള്‍ സ്ഥിരമായി വാങ്ങുന്നവര്‍ മാത്രമാണ് ക്യാംപുകളിലെത്തി കാര്‍ഡ് കൈപ്പറ്റിയത്. കണ്ണൂര്‍ താലൂക്കിലെ അഞ്ചു ഫര്‍ക്കകളിലായി മാത്രം 1,856 കാര്‍ഡുകളാണ് കെട്ടിക്കിടക്കുന്നത്. അതേസമയം, ലഭിച്ച റേഷന്‍ കാര്‍ഡുകളിലെ അപാകതകളെക്കുറിച്ച് പരാതികള്‍ കുന്നുകൂടുകയാണ്. മുഴുവന്‍ കാര്‍ഡുകളും വിതരണം ചെയ്താല്‍ മാത്രമേ തെറ്റുകള്‍ കടന്നുകൂടിയ മൊത്തം കാര്‍ഡുകളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ. ഇതിനാല്‍ തെറ്റുതിരുത്തല്‍ നടപടികള്‍ അനന്തമായി നീളാനാണ് സാധ്യത. അതേസമയം, ഇനിയും കാര്‍ഡുകള്‍ വാങ്ങാന്‍ ബാക്കിയുള്ളവര്‍ക്ക് അതാത് താലൂക്കുകളിലെ സിവില്‍ സപ്ലൈസ് ഓഫിസുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.കണ്ണൂര്‍ താലൂക്ക് പരിധിയിലുള്ളവര്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10.30 മുതല്‍ 4.30 വരെയും ബാക്കി താലൂക്കുകളില്‍ പ്രവൃത്തിദിനങ്ങളില്‍ വൈകീട്ട് അഞ്ചുമണി വരെയുമാണ് സമയം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss