|    Mar 25 Sat, 2017 5:38 am
FLASH NEWS

വാഗ്ദാന ലംഘനം: ഇന്ത്യന്‍ പൗരത്വം ലഭിച്ച ബംഗ്ലാദേശുകാര്‍ മടങ്ങുന്നു

Published : 8th August 2016 | Posted By: SMR

കുച്ച് ബിഹാര്‍ (പശ്ചിമ ബംഗാള്‍): ഒരു വര്‍ഷം മുമ്പ് ഇന്ത്യന്‍ പൗരത്വം ലഭിച്ച ബംഗ്ലാദേശുകാര്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തല്‍. ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി ചെയര്‍മാന്‍ പ്രദീപ് ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഒന്നിനു ശേഷം ഇന്ത്യന്‍ പ്രദേശത്ത് താമസമാക്കിയ ബംഗ്ലാദേശുകാരാണ് മടങ്ങുന്നത്. ഇന്ത്യയില്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് തിരിച്ചുപോക്കിനു കാരണം.
ഇന്ത്യയില്‍ അവര്‍ക്കു ജോലിയും മറ്റു സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഒന്നിനാണ് ഇന്ത്യയും ബംഗ്ലാദേശും അതിര്‍ത്തിയിലെ 162 തര്‍ക്കപ്രദേശങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചത്. ഇതില്‍ 17,160 ഏക്ര വിസ്തീര്‍ണമുള്ള 111 പ്രദേശങ്ങള്‍ ബംഗ്ലാദേശിലും 7,110 ഏക്രയുള്ള 51 പ്രദേശങ്ങള്‍ ഇന്ത്യയിലും നിലനിര്‍ത്താനാണ് ധാരണയായത്. പശ്ചിമബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലയിലെ ദിന്‍ഹട്ട, മെക്കഌ ഗഞ്ച്, സീതയ്, ശീതള്‍ കുച്ചി, തൂഫാന്‍ഗഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ഈ 51 പ്രദേശങ്ങള്‍. കരാര്‍ അനുസരിച്ച് ഇവിടെയെത്തിയ 14,864 ബംഗ്ലാദേശി കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഈ വിഭാഗത്തില്‍പ്പെട്ടവരാണ് ബംഗ്ലാദേശിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നത്.
ബംഗ്ലാദേശില്‍ നിന്നെത്തിയ ഇവര്‍ ഇന്ത്യയില്‍ അന്യരായാണ് കഴിയുന്നത്. അവര്‍ക്കിവിടെ ജോലിയോ വരുമാനമോ ഇല്ല. അതിനാല്‍ ഭാവിയെക്കരുതിയാണ് അവര്‍ മടങ്ങാന്‍ തീരുമാനിച്ചത്. ഇവര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി സംവരണം വേണമെന്നും സ്ഥലത്തിന്റെ ഉടമാവകാശരേഖ ലഭ്യമാക്കണമെന്നുമായിരുന്നു ആവശ്യങ്ങള്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നെന്നും ജോലി ലഭ്യമായിട്ടും അതേറ്റെടുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ലെന്നുമാണ് ദിന്‍ഹട്ട എംഎല്‍എയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഉദയന്‍ഗുഹ പറഞ്ഞത്.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക