|    Sep 24 Mon, 2018 3:32 pm
FLASH NEWS

വാഗ്ദാനലംഘനം : എന്‍ഡിഎ യോഗത്തില്‍ തുറന്നടിക്കാന്‍ തീരുമാനിച്ച് സി കെ ജാനു

Published : 30th May 2017 | Posted By: fsq

 

കല്‍പ്പറ്റ: ബിജെപി നേതാക്കളുടെ വാഗ്ദാനലംഘനത്തിനെതിരേ എന്‍ഡിഎ യോഗത്തില്‍ തുറന്നടിക്കാന്‍ തീരുമാനമെടുത്ത് ജനാധിപത്യ രാഷ്ട്രീയസഭ (ജെആര്‍എസ്) അധ്യക്ഷ സി കെ ജാനു. വാഗ്ദാനം ചെയ്ത ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗത്വം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്തതിന്റെ കാരണം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ ജൂണ്‍ രണ്ടിന് എറണാകുളത്ത് ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ആരായുമെന്നു ജാനു പറഞ്ഞു. വാഗ്ദാനപാലനം ഇനിയും വൈകിയാല്‍ എന്‍ഡിഎ വിടുമെന്ന് അമിത്ഷായെ അറിയിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി ആദിവാസി സംവരണ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു മുത്തങ്ങ സമരനായിക ജാനു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗമാക്കുമെന്നു പ്രലോഭിപ്പിച്ചാണ് ആദിവാസി നേതാവെന്ന നിലയില്‍ രാജ്യത്തിനു പുറത്തും പ്രശസ്തിയുള്ള ജാനുവിനെ ബിജെപി വലയിലാക്കിയത്. ഗോത്രമഹാസഭയുടെ രൂപീകരണകാലം മുതല്‍ ഒപ്പം നടന്ന എം ഗീതാനന്ദന്റെയും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സാമൂഹിക-സാംസ്‌കാരിക നായകരില്‍ ഒരു വിഭാഗത്തിന്റെയും ഉപദേശങ്ങള്‍ അവഗണിച്ച് ജന്മം നല്‍കിയ ജെആര്‍എസിനെ എന്‍ഡിഎയുടെ ഭാഗമാക്കിയാണ് ജാനു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ആദിവാസി വോട്ടര്‍മാര്‍ ധാരാളമുള്ള മണ്ഡലത്തില്‍ ഭേദപ്പെട്ട ഭൂരിപക്ഷത്തിനു വിജയിക്കുമെന്നായിരുന്നു ജാനുവിന്റെ പ്രതീക്ഷ. എന്നാല്‍, ബിജെപി വോട്ടര്‍മാര്‍ പോലും അവരെ കൈവിട്ടു. കോണ്‍ഗ്രസ്സിലെ ഐ സി ബാലകൃഷ്ണന്‍, സിപിഎമ്മിലെ രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവരുമായുള്ള അങ്കത്തില്‍ ജാനു മൂന്നാം സ്ഥാനത്തായി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ചൂടാറുംമുമ്പ് ഗോത്രമഹാസഭയും രണ്ടായി. ബിജെപിയുമായുള്ള ജാനുവിന്റെ ചങ്ങാത്തം രസിക്കാതെ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ സ്വന്തം വഴിക്ക് നീങ്ങിയതോടെയായിരുന്നു ഗോത്രമഹാസഭയില്‍ പിളര്‍പ്പ്. ഈ നഷ്ടങ്ങള്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗത്വത്തിലൂടെ നികത്താമെന്ന ജാനുവിന്റെ കണക്കുകൂട്ടലും പിഴയ്ക്കുന്നതാണ് പിന്നീട് കണ്ടത്. ജാനുവിനു ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്‍ഡിഎ നേതൃത്വം  നേരത്തെ നീക്കം നടത്തിയതാണ്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയാണെങ്കിലും ജാനു കമ്മീഷന്‍ അംഗമാവുന്നതില്‍ തടസ്സമില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുയുമുണ്ടായി. എങ്കിലും ജാനുവിന് പദവി വച്ചുനീട്ടുന്നതില്‍നിന്നു ബിജെപി നേതൃത്വം പിന്നാക്കം പോവുകയാണുണ്ടായത്. വാഗ്ദാനലംഘനത്തിലുള്ള പ്രതിഷേധം ജാനു കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രകടമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ജെആര്‍എസിനു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ തിക്തഫലം ബിജെപിയും എന്‍ഡിഎയും അനുഭവിക്കേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നിടത്തോളം കാര്യങ്ങളെത്തി. എന്നാല്‍, ജാനുവിന്റെ ഭീഷണിയെ ബിജെപി ദേശീയ നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല. ജെആര്‍എസ് അധ്യക്ഷ എന്ന നിലയില്‍ എന്‍ഡിഎയുടെ ചട്ടക്കൂടില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതയായ ജാനുവിന് ഗോത്രമഹാസഭ അധ്യക്ഷ എന്ന നിലയില്‍ ആദിവാസി വിഷയങ്ങളില്‍ മുമ്പേത്തതുപോലെ ഇടപെടാനും കഴിയുന്നില്ല. ആദിവാസി-ദലിത് പ്രശ്‌നങ്ങളില്‍ ബിജെപിയുമായി ബന്ധപ്പെടുത്തി ഉയരുന്ന ആക്ഷേപങ്ങളോട് സ്വതന്ത്രമായി പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് അവര്‍. എന്‍ഡിഎ ബന്ധം മതിയാക്കി ആദിവാസികള്‍ക്കിടയില്‍ വീണ്ടും സജീവമാവാന്‍ ജാനുവിനെ ഉപദേശിക്കുന്നവര്‍ നിരവധിയാണ്. ഈ പശ്ചാത്തലത്തിലാണ് എന്‍ഡിഎ യോഗത്തില്‍ വാഗ്ദാനലംഘനത്തിനെതിരേ ആഞ്ഞടിക്കാനുള്ള ജാനുവിന്റെ പദ്ധതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss