|    Jul 16 Mon, 2018 2:35 pm
FLASH NEWS

വാഗ്ദാനത്തിന് രണ്ടു പതിറ്റാണ്ട് : പട്ടാമ്പി കോളജില്‍ എംഎസ്‌സി സുവോളജിക്കായി കാത്തിരിപ്പ് തുടരുന്നു

Published : 9th September 2017 | Posted By: fsq

 

എം വി വീരാവുണ്ണി

പട്ടാമ്പി: പട്ടാമ്പി കോളജില്‍ എംഎസ്‌സി സുവോളജി കോഴ്‌സിനായി കാത്തിരിപ്പു തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കേള്‍ക്കുന്ന വിഷയമാണ് ഗവ.സംസ്‌കൃത കോളജില്‍ എംഎസ്‌സി സുവോളജി കോഴ്‌സ് അനുവദിക്കുമെന്നത്. 1996 ല്‍ പട്ടാമ്പിയില്‍  നിന്ന് ജയിച്ച് എംഎല്‍എയും മന്ത്രിയുമായ  കെ ഇ ഇസ്മായിലും എംഎസ്‌സി സുവോളജി കോഴ്‌സ് വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കോളജ് കോംപൗണ്ടില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടന വേളയില്‍ വകുപ്പ് മന്ത്രിയും എംഎസ്‌സി സുവോളജി യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. കോഴ്‌സ് ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നിവേദനവും നല്‍കിയിട്ടുണ്ട്. ബിഎസ്‌സി സുവോളജി ജയിച്ച ഈ കോളജിലെയും തൊട്ടടുത്ത കോളജുകളിലേയും കുട്ടികള്‍ ഈ വിദ്യാഭ്യാസ വര്‍ഷം കോഴ്‌സ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.പാലക്കാട് ജില്ലയില്‍ വിക്‌ടോറിയ കോളജില്‍ മാത്രമാണ് എംഎസ്‌സി സുവോളജി കോഴ്‌സുളളത്. ജില്ലയില്‍ ഏഴ് കോളജുകളില്‍ ബിഎസ്‌സി സുവോളജി പഠിപ്പിക്കുന്നുണ്ട്. പട്ടാമ്പി ഗവ.കോളജില്‍ മാത്രം 34 സീറ്റാണുള്ളത്. മറ്റു കോളജില്‍ നിന്ന് ഒരുവര്‍ഷം 200 ല്‍ അധികം വിദ്യാര്‍ഥികള്‍ ബിഎസ്്‌സി സുവോളജി വിജയിച്ചു പുറത്തിറങ്ങുന്നു. എംഎസ്‌സി സുവോളജി കോഴ്‌സ് തുടങ്ങുന്നതിന് അനുകൂലമായ എല്ലാ ഘടകങ്ങളും ഇവിടെ സജ്ജമായിട്ടുണ്ട്. ക്ലാസ് മുറികളും ലാബറട്ടറി സൗകര്യമടക്കം നിലവിലുണ്ട്.ഈ വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ബിഎസ്‌സി  സുവോളജി ലാബ് നവീകരണത്തിന് മാത്രം ഒന്നര ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യവര്‍ഷത്തില്‍ രണ്ട് അധ്യാപകരെയാണ് ആവശ്യം. റൂസയുടെ ഫണ്ടില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചാലും നിലവിലെ സുവോളജി ബിഎസ്‌സി വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ എംഎസ്‌സി കോഴ്‌സ് ആരംഭിക്കാനാവും. രണ്ടാം വര്‍ഷത്തില്‍ 3 അധ്യാപകരെ കൂടി കൂടുതല്‍ നിയമിക്കേണ്ടതായി വരും. കോളജില്‍ 40 കോടി ചെലവില്‍ സയന്‍സ് ബ്ലോക്ക് നിര്‍മാണം പുരോഗമിച്ചു വരികയാണ്. മലയാളം, സംസ്‌കൃതം, കെമിസ്ട്രി, ബോട്ടണി, കൊമേഴ്‌സ്, ഇക്കണോമിക്‌സ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് ഇവിടെയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss