|    Oct 17 Tue, 2017 9:21 am
Home   >  Todays Paper  >  Page 4  >  

വാഗ്ദാനങ്ങള്‍ വാക്കിലൊതുങ്ങി; കോണ്‍ഗ്രസ്സില്‍ വനിതകള്‍ പടിക്കു പുറത്ത്

Published : 6th April 2016 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനായി നേതാക്കള്‍ വാതോരാതെ സംസാരിക്കുമ്പോഴും സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അമര്‍ഷം. 83 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ ഏഴുപേര്‍ മാത്രമാണ് വനിതകള്‍. മല്‍സരിക്കാന്‍ തയ്യാറെടുത്തിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയ്ക്കും ഷാനിമോള്‍ ഉസ്മാനും സ്ഥാനാര്‍ഥിത്വം ലഭിച്ചതുമില്ല. മന്ത്രി പി കെ ജയലക്ഷ്മി- മാനന്തവാടി, ശാന്ത ജയറാം- ഒറ്റപ്പാലം, സി സംഗീത- ഷൊര്‍ണൂര്‍, പത്മജ വേണുഗോപാല്‍-തൃശൂര്‍, ലാലി വിന്‍സന്റ്- ആലപ്പുഴ, മറിയാമ്മ ചെറിയാന്‍- റാന്നി, കെ എ തുളസി- ചേലക്കര എന്നിവരാണ് ഇത്തവണ മല്‍സരിക്കുക.
10 ശതമാനം സീറ്റുകള്‍ പോലും നല്‍കാതെ വനിതകളെ അവഗണിച്ചതില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തിയിലാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഏഴുവനിതകളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. അഡ്വ. പി ഇന്ദിര(കല്യാശ്ശേരി), പി കെ ജയലക്ഷ്മി (മാനന്തവാടി), ശാന്ത ജയറാം (ഷൊര്‍ണൂര്‍), ലതികാ സുഭാഷ് (മലമ്പുഴ), ഷാഹിദാ കമാല്‍ (ചടയമംഗലം), ബിന്ദുകൃഷ്ണ(ചാത്തന്നൂര്‍), തങ്കമണി ദിവാകരന്‍ (ആറ്റിങ്ങല്‍) എന്നിവരാണു കഴിഞ്ഞ ടേമില്‍ മല്‍സരിച്ചത്. ഇവരില്‍ ജയലക്ഷ്മി മാത്രമാണു വിജയിച്ചത്.
അമ്പലപ്പുഴ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന്റെ പേര് സജീവമായിരുന്നെങ്കിലും അവസാനനിമിഷം ഈ സീറ്റ് ജെഡിയുവിന് നല്‍കുകയായിരുന്നു. കൊല്ലത്ത് മുകേഷിനെതിരേ ബിന്ദു കൃഷ്ണയെ പരിഗണിച്ചിരുന്നെങ്കിലും ഗ്രൂപ്പുകളികളെത്തുടര്‍ന്ന് ഒഴിവാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ അവസാനം ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിവരെയുള്ള എല്ലാ കമ്മിറ്റികളിലും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ വാദം. 17 സീറ്റാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ തിരഞ്ഞെടുപ്പിനു ശേഷം പ്രതികരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
എല്‍ഡിഎഫ് വനിതകള്‍ക്കു നല്‍കിയ പ്രാതിനിധ്യത്തിന്റെ പകുതിപോലും കോണ്‍ഗ്രസ് നല്‍കിയില്ലെന്നാണു പ്രധാന പരാതി. 124 സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 16 വനിതകള്‍ ഇടംനേടി. ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികളേക്കൂടി പ്രഖ്യാപിക്കുന്നതോടെ എല്‍ഡിഎഫിലെ വനിതകളുടെ എണ്ണം ഇനിയും വര്‍ധിക്കും. അതേസമയം, ഇത്തവണ മല്‍സരിക്കുന്ന വനിതകളില്‍ പ്രമുഖരും ഇടംനേടിയിട്ടുണ്ട്. നിലവിലെ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ പി കെ ജയലക്ഷ്മിയാണ് ഇവരില്‍ പ്രമുഖ. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുന്ന പത്മജാ വേണുഗോപാല്‍ ആമുഖം ആവശ്യമില്ലാത്ത നേതാവാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ കെ കരുണാകരന്റെ പ്രിയപുത്രിയായ പത്മജ ഇതിനോടകം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്റേതായ ഇടമുണ്ടാക്കിയ നേതാവാണ്. ആലപ്പുഴയില്‍ മുന്‍ ധനമന്ത്രി ടി എം തോമസ് ഐസകിനെ നേരിടാനാണ് കെപിസിസി വൈസ് പ്രസിഡന്റായ ലാലി വിന്‍സന്റിനെ രംഗത്തിറക്കിയത്. മറിയാമ്മ ചെറിയാനിലൂടെ 1996 മുതല്‍ രാജു എബ്രഹാം കൈവശംവച്ചിരിക്കുന്ന റാന്നി മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ്സിനുണ്ട്. കെ എ തുളസി ചേലക്കരയിലും കഴിഞ്ഞതവണ ഷൊര്‍ണൂരില്‍ കെ എസ് സലീഖയോട് വലിയമാര്‍ജിനില്‍ പരാജയപ്പെട്ട ശാന്ത ജയറാം ഒറ്റപ്പാലത്തും സി സംഗീത ഷൊര്‍ണൂരും മല്‍സരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക