|    Mar 26 Sun, 2017 7:03 am
FLASH NEWS

വാഗ്ദാനങ്ങളില്‍ കാര്യമില്ല; അവസരോചിതമായി പ്രവര്‍ത്തിക്കും- മുകേഷ്

Published : 6th April 2016 | Posted By: SMR

കൊല്ലം: സ്ഥാനാര്‍ഥി എന്ന നിലയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നതില്‍ വലിയ അര്‍ഥമില്ലെന്നും ജയിച്ചുവന്നാല്‍, നാടിന്റെ വികസനത്തിനാവശ്യമായ തീരുമാനങ്ങള്‍ അവസരോചിതമായി കൈക്കൊള്ളുമെന്നും കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുകേഷ്. വാഗ്ദാനങ്ങള്‍ ജനം പുച്ഛിച്ചു തള്ളുമെന്നും അനുഭവം അവര്‍ക്ക് നല്‍കിയ പാഠം അതാണെന്നും മുകേഷ് പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനസഭ 2016 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ഥിയായതിന്റെ പേരില്‍ കലാരംഗം ഉപേക്ഷിക്കാന്‍ തയ്യാറല്ല. സജീവ രാഷ്ട്രീയത്തില്‍ തുടരണോ എന്ന കാര്യം ജനം തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ ഉണ്ടായ തര്‍ക്കങ്ങളെ കുറിച്ച് അറിയില്ല. സിറ്റിങ് എംഎല്‍എയെ മാറ്റയതിനെ കുറിച്ച് വിശദീകരിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. പാര്‍ട്ടി സ്ഥാനാര്‍ഥിയായതു മുതലുള്ള കാര്യങ്ങള്‍ മാത്രമെ താന്‍ അറിയേണ്ടതുള്ളു. പി കെ ഗുരുദാസന്‍ ആദരണീയനായ സഖാവാണ്. അദ്ദേഹത്തെ കണ്ടുകൊണ്ടാണ് പ്രചാരണം ആരംഭിച്ചത്. അദ്ദേഹം ആശീര്‍വദിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പേമെന്റ് സീറ്റെന്ന ആരോപണം കേട്ട തന്നെ കുറിച്ച് അറിയാവുന്നവര്‍ ഇതുവരെ ചിരി നിര്‍ത്തിയിട്ടില്ല. പണം കൊടുത്ത് സീറ്റുവാങ്ങേണ്ട കാര്യം തനിക്കില്ല. താരങ്ങള്‍ സ്ഥാനാര്‍ഥികളാകുന്നത് ശരിയാണോ എന്ന ചോദ്യത്തിന് താന്‍ ഒരു നടനായത് തെറ്റാണോ എന്നായിരുന്നു മുകേഷിന്റെ മറുപടി. സിനിമയില്‍ ധാരാളം പേര്‍ ഒരു സീനില്‍ അഭിനയിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നുണ്ട്. ആ പ്രഫഷനില്‍ ആണ് താനും ജഗദീഷുമൊക്കെ വര്‍ഷങ്ങളായി നില്‍ക്കുന്നത്. അത് ഒരു ജോലിയാണ്. കള്ളക്കടത്തും കരിഞ്ചന്തയും ഒന്നുമല്ല. പ്രതിബദ്ധതയുള്ള ആര്‍ക്കും രാഷ്ട്രീയം ആവാം. സാംസ്‌കാരിക രംഗത്തു നിന്നു കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നുവരേണ്ടതുണ്ട്.
കൊല്ലത്ത് ഇടതുസ്ഥാനാര്‍ഥിയാകുമ്പോള്‍ സന്ദേഹത്തിന്റെ ആവശ്യമില്ല. താന്‍ അടിസ്ഥാനപരമായി കൊല്ലത്തുകാരനാണ്. ഒപ്പം തന്നെ തന്റെ അച്ഛനും അമ്മയും കുടുംബവും അവരുടെ നാടകപ്രവര്‍ത്തനവുമെല്ലാം ഇടതുപക്ഷത്തോടൊപ്പമാണ്. 5 കൊല്ലം മുമ്പ് സംഗീത നാടക അക്കാദമി ചെയര്‍മാനായത് ഇടതുപക്ഷത്തിന്റെ നോമിനിയായാണ്. അത് സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. അന്ന് ആരും നെറ്റി ചുളിച്ചില്ല. കല, സിനിമ, രാഷ്ട്രീയം തുടങ്ങി ജനങ്ങള്‍ക്ക് സന്തോഷമുണ്ടാകുന്നതെല്ലാം താന്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 69 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക