|    Apr 24 Tue, 2018 12:30 pm
FLASH NEWS

വാഗമണ്‍ വില്ലേജിലെ പട്ടയങ്ങളിലെ തെറ്റുതിരുത്തലിന്റെ മറവില്‍ പണപ്പിരിവ്; വഞ്ചിതരാവരുതെന്ന മുന്നറിയിപ്പുമായി ജില്ലാ കലക്ടര്‍

Published : 11th March 2016 | Posted By: SMR

തൊടുപുഴ: പട്ടയങ്ങളിലെ തെറ്റുതിരുത്തല്‍ ചുളുവില്‍ നടത്തിത്തരാമെന്നു പറഞ്ഞു പണം പിരിക്കുന്നു.പീരുമേട് താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥര്‍ പണപ്പിരിവു നടത്തുന്നത്.വാഗമണ്‍ വില്ലേജില്‍ ചില പ്രദേശങ്ങളില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സര്‍വെ നമ്പരില്‍ പിശകു സംഭവിച്ചത് നേരത്തേ തന്നെ പുറത്തുവന്നതാണ്. വര്‍ഷങ്ങളായുള്ള ഇത്തരം പരാതികളില്‍ അടുത്ത കാലം വരെ റവന്യു വകുപ്പു കാര്യമായ നടപടിയെടുത്തിരുന്നില്ല.ഇതുമൂലം ഭൂമിഉടമകള്‍ നികുതി അടയ്ക്കാന്‍ കഴിയാതെയും മറ്റും വലയുന്ന സ്ഥിതിയായിരുന്നു.
എന്നാല്‍, ഏതാനും മാസം മുമ്പ് പട്ടയ സര്‍വെ നമ്പരിലെ തെറ്റു തിരുത്താന്‍ ഊര്‍ജിത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഒരു തഹസീല്‍ദാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ഈ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.നൂറുകണക്കിനു പരാതികളാണ് ഈ സംഘത്തിന്റെ മുമ്പിലുള്ളത്.അതിസങ്കീര്‍ണമായ ജോലിയാണ് ഇതെന്നതിനാല്‍ തെറ്റുകള്‍ കണ്ടുപിടിച്ചു തിരുത്താന്‍ ഏറെ സമയം എടുക്കും.
ഇതിനിടെയിലാണ് ഉടന്‍ പരാതികള്‍ പരിഹരിക്കാമെന്ന ഉറപ്പുനല്‍കി പണം പിരിക്കുന്നത്. ഇതിനു താലൂക്ക് ഓഫിസിലെ ഭരണപക്ഷ യൂനിയനിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതായി ആക്ഷേപമുണ്ട്.ഇപ്പോഴും നിരവധി പരാതികളാണ് സര്‍വെ നമ്പരുകളിലെ തെറ്റുകളുമായി ബന്ധപ്പെട്ടു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കാണേണ്ടവരെ വേണ്ടവിധം കണ്ടാല്‍ ഇവരുടെ പരാതിയാകും ആദ്യം പരിഗണിക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയ പരാതികള്‍ മാറ്റിവെച്ചു ഇത്തരക്കാരുടെ ഫയലുകളില്‍ തീര്‍പ്പാക്കുന്നതിനു അവസരമൊരുക്കുകയാണ് ചെയ്യുന്നത്. കാലതാമസമൊഴിവാക്കി കാര്യം എത്രയും പെട്ടെന്നു നടത്തിക്കിട്ടാന്‍ വന്‍തുകയാണ് റിസോര്‍ടധികൃതരും മറ്റു ഭൂഉടമകളും നല്‍കുന്നതെന്നാണ് വിവരം.
ഭൂമിയില്‍ സര്‍വെ നടത്തുന്നതിനു പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഇവരെ ഉപയോഗിച്ചാണ് താലൂക്കാഫിസിലുള്ളവര്‍ പണം പിരിക്കുന്നത്. തെറ്റു തിരുത്തുന്നതില്‍ ഏറ്റവും മുഖ്യമായ ജോലി സര്‍വെ വകുപ്പിനാണ്.അവരാണ് പട്ടയത്തില്‍പ്പറയുന്ന ഭൂമി അളന്നുതിട്ടപ്പെടുത്തി റിപോര്‍ടു നല്‍കേണ്ടത്. ഇവര്‍ തയ്യാറാക്കി നല്‍കുന്ന സ്‌കെച്ചും പ്ലാനുമനുസരിച്ചാണ് അനന്തര നടപടികളുണ്ടാവുക. ഇവരെ എത്തിക്കുന്നതിന്റെ പേരില്‍ വന്‍ അഴിമതിയാണ് നടത്തുന്നത്. ഇവരുടെ സേവനം ലഭ്യമാക്കാന്‍ ‘പ്രത്യേക സംവിധാനം’ തന്നെ താലൂക്കോഫിസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പണം കൂടുതല്‍ ആര് വാഗ്ദാനം ചെയ്യുന്നുവോ അവരുടെ പുരയിടത്തിലേക്കാവും സര്‍വെ ടീമെത്തുക.ഇവരെ വീതം വെച്ചെടുക്കുന്നതിനെച്ചൊല്ലി വാക്കേറ്റം പോലും ഓഫിസിലുണ്ടാകാറുണ്ടെന്നാണു ചില ജീവനക്കാര്‍ നല്‍കുന്ന വിവരം.ഇവിടുത്ത അനധികൃത സംവിധാനത്തിന്റെ പ്രവര്‍ത്തനം നിയന്ത്രണാധീതമായതിനെ തുടര്‍ന്നു ജില്ലാ കലക്ടര്‍ക്കു മുന്നില്‍ വിഷയമെത്തി.ഇതോടെ തെറ്റുതിരുത്തുന്നതിനായി പണം നല്‍കി വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടവും രംഗത്തെത്തി.
വാഗമണ്ണില്‍ യഥാര്‍ഥ സര്‍വ്വെ നമ്പരില്‍ നിന്നും വ്യത്യസ്തമായതായി കാണിച്ചു ജില്ലാ ഭരണകൂടത്തിന് ലഭിച്ച പരാതികള്‍ ഓരോന്നായി പരിശോധിച്ചു വരികയാണെന്നു കലക്ടര്‍ പറഞ്ഞു.വിശദമായ പട്ടയ പരിശോധന, പട്ടയ ഫയല്‍ പരിശോധന, സര്‍വെ നടപടികള്‍ എന്നിവയിലൂടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ തെറ്റുകള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ഇതിനായി നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥ സംഘം പരിശോധനകള്‍ ആരംഭിച്ചിട്ടുമുണ്ട്.
മേല്‍ പ്രകാരമുള്ള നടപടികള്‍ ലളിതമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊതുജനങ്ങളില്‍ നിന്നും ചിലര്‍ പണപ്പിരിവ് നടത്തുന്നതായി വിരമുണ്ട്.നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ മാത്രം പരിഹാരമുണ്ടാക്കാന്‍ സാധിക്കുന്ന വിഷയത്തില്‍ തെറ്റായ വാഗ്ദാനങ്ങളില്‍പ്പെട്ട് പൊതുജനങ്ങള്‍ വഞ്ചിതരാവരുതെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss