|    Nov 21 Wed, 2018 2:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ മായ്ച്ചതിലൂടെ റെയില്‍വേ ഫാഷിസത്തിന് കീഴടങ്ങിയെന്ന് ചിത്രകാരന്‍

Published : 8th November 2018 | Posted By: kasim kzm

പൊന്നാനി: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ താന്‍ വരച്ച വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ മായ്ചതിലൂടെ റെയില്‍വേ ഫാഷിസത്തിന് കീഴടങ്ങിയതായി ചിത്രങ്ങള്‍ വരച്ച ചിത്രകാരന്‍ പ്രേംകുമാര്‍ കുറ്റിപ്പുറം.
കുറ്റിപ്പുറം മിനി പമ്പ സ്വദേശിയായ പ്രേംകുമാര്‍ തന്റെ ചിത്രങ്ങള്‍ മായ്ക്കാന്‍ റെയില്‍വേ മന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടതറിഞ്ഞപ്പോള്‍ മുതല്‍ ഏറെ വിഷമത്തിലായിരുന്നു. വാഗണ്‍ ട്രാജഡി എന്ന ആശയം റെയില്‍വേ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ ഇങ്ങോട്ട് സൂചിപ്പിച്ചതായിരുന്നു. പക്ഷേ, ഇപ്പോള്‍ എന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതുപോലെയായി ആ മായ്ക്കല്‍. ചിത്രത്തിനെതിരേ സംഘപരിവാരപ്രവര്‍ത്തകര്‍ റെയില്‍വേ മന്ത്രിയില്‍ സമ്മര്‍ദംചെലുത്തുകയായിരുന്നു. മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഇടപെടലാണ് ചിത്രങ്ങള്‍ തിരക്കിട്ട് മായ്പ്പിക്കാന്‍ കാരണമാക്കിയതെന്ന് പ്രേംകുമാര്‍ പറയുന്നു. കുട്ടികളില്‍ ഭീതിയുണര്‍ത്തുന്നുവെന്നാണ് ഔദ്യോഗികമായി റെയില്‍വേ നല്‍കിയ വിശദീകരണം. എന്നാല്‍ തന്റെ ചിത്രങ്ങളില്‍ ഭീതിപ്പെടുത്തുന്ന യാതൊന്നുമില്ല. വര്‍ഷങ്ങളായി ചിത്രരചനാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് ആദ്യ അനുഭവമാണെന്ന് ഇദ്ദേഹം പറയുന്നു.
നാലുപേരുടെ ആറു ദിവസത്തെ പ്രയത്‌നത്തിലാണ് രചന പൂര്‍ത്തിയാക്കിയത്. അക്രിലിക് രീതിയില്‍ സേ ഉപയോഗിച്ചാണ് ചിത്രം തീര്‍ത്തത്. ഒക്ടോബര്‍ 28നായിരുന്നു തുടക്കം. അടുത്തദിവസം ചില ബിജെപിക്കാര്‍ എത്തി വാഗണ്‍ ട്രാജഡി വരയ്ക്കുന്നതില്‍ സ്റ്റേഷന്‍മാസ്റ്ററെ പ്രതിഷേധം അറിയിച്ചിരുന്നു. പ്രവൃത്തി തുടര്‍ന്നാല്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭീഷണിയും മുഴക്കിയാണ് അവര്‍ മടങ്ങിയത്. 10ന് റെയില്‍വേ സ്റ്റേഷനിലെ പുതിയ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനാല്‍ തിരക്കിട്ട് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് വാഗണ്‍ ട്രാജഡിയും എഴുത്തച്ഛനും ഇപ്പോള്‍ വരച്ചത്. ഇനി മാമാങ്ക സ്മാരക ചിത്രങ്ങളുള്‍പ്പെടെ മറ്റ് ചുമരുകളില്‍ വരയ്ക്കാനുണ്ട്. അവയുടെ ഭാവികൂടി ഇതോടെ ത്രിശങ്കുവിലായെന്ന് പ്രേംകുമാര്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ ഛായങ്ങളോട് കൂട്ടുകൂടിയ കുറ്റിപ്പുറം മിനിപമ്പയ്ക്കടുത്ത് കൂളത്ത് കുഞ്ഞിരാമന്റെ മകനായ പ്രേംകുമാര്‍ കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളില്‍ താല്‍ക്കാലിക ചിത്രകലാ അധ്യാപകനാണ്.
റെയില്‍വേ നടപടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഇദ്ദേഹവുമുണ്ട്. വെള്ളിയാഴ്ച റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടക്കുന്ന പ്രതിഷേധവര ഉദ്ഘാടനത്തിന് ഈ കലാകാരന്‍ വീണ്ടും തിരൂരിലെത്തും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss