|    Jan 23 Mon, 2017 6:33 pm
FLASH NEWS

വാക്‌സിന്‍ വിരുദ്ധ പ്രചരണം: ജേക്കബ് വടക്കുംചേരിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍

Published : 23rd July 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: പ്രതിരോധ വാക്‌സിനുകള്‍ക്കെതിരേ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുന്ന പ്രകൃതിചികില്‍സകന്‍ ജേക്കബ് വടക്കുംചേരിക്കും അനുയായികള്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് വടക്കുംചേരിയും മറ്റും പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളും പ്രചാരണയോഗ വാര്‍ത്തകളും ശേഖരിച്ച് സംഘടന അഡ്വക്കറ്റ് ജനറലിനു സമര്‍പ്പിച്ചു.
വാക്‌സിന്‍വിരുദ്ധ പ്രചാരകര്‍ക്കെതിരേ ആരോഗ്യവകുപ്പ് നടപടിയാരംഭിക്കുന്നതിന്റെ ആദ്യപടിയാണെന്ന് ഇതെന്നാണു സൂചന. വടക്കുംചേരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ വാക്‌സിന്‍വിരുദ്ധ പ്രചാരകര്‍ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
ഇതു തടയണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന ജില്ലാ പോലിസ് സൂപ്രണ്ടിനും കലക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. വാക്‌സിനുകള്‍ ജനസംഖ്യ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ തന്ത്രമാണെന്നാണ് വടക്കുംചേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞത്.
മാര്‍ച്ചിനുശേഷം പ്രസംഗങ്ങള്‍ മുഴുവന്‍ പകര്‍ത്തി ഡോക്ടര്‍മാരുടെ സംഘടന ആരോഗ്യവകുപ്പിന് കൈമാറി നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഒന്നുംചെയ്തില്ല. വാക്‌സിന്‍വിരുദ്ധ പ്രചാരണം ക്രിമിനല്‍ കുറ്റമാക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും ആരോഗ്യവകുപ്പും നേരെത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇതു നിരസിക്കുകയായിരുന്നു.
മലപ്പുറത്ത് ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയും വാക്‌സിന്‍വിരുദ്ധ പ്രചാരകര്‍ക്കെതിരേ നടപടിവേണമെന്ന ജനകീയവികാരം ശക്തമാവുകയും ചെയ്തതോടെയാണ് ആരോഗ്യവകുപ്പും ഡോക്ടര്‍മാരുടെ സംഘടനകളും സജീവമായി രംഗത്തെത്തിയത്.
വാക്‌സിന്‍വിരുദ്ധ പ്രചാരകര്‍ക്കെതിരേ ഹാജരാക്കിയ തെളിവുകള്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ പരിശോധിച്ചുവരുകയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നാണു സൂചന. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ശാസ്ത്രീയ അടിത്തറയില്ലാത്ത വാദങ്ങള്‍ ഉന്നയിച്ച് പ്രതിരോധ കുത്തിവയ്പ് തടസ്സപ്പെടുത്തിയാല്‍ നടപടിയുണ്ടാവുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക