|    Dec 17 Sun, 2017 3:23 pm
FLASH NEWS
Home   >  Life  >  Health  >  

വാക്‌സിനുകളെ കുറ്റം പറയരുത്

Published : 24th July 2016 | Posted By: mi.ptk

vaccine

കലീം
ക്കസമയത്ത് രോഗപ്രതിരോധ കുത്തിവയ്പ് നടത്താത്തതുകൊണ്ടാണെന്നു കരുതപ്പെടുന്നു മലപ്പുറം ജില്ലയിലെ തീരപ്രദേശത്തുള്ള രണ്ടു മുസ്‌ലിം ബാലന്മാര്‍ ഡിഫ്ത്തീരിയ പിടിച്ചു മരണപ്പെട്ടു. ഡിഫ്ത്തീരിയ, ടെറ്റനസ്, കൊക്കക്കുര, പോളിയോ, വസൂരി തുടങ്ങിയ രോഗങ്ങള്‍ അവികസിതരാജ്യങ്ങളില്‍വരെ ഏതാണ്ട് നിയന്ത്രണാധീനമാണ്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന വിധത്തില്‍ ആരോഗ്യപ്രവര്‍ത്തനത്തില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനത്താണ് അപമാനകരമായ ഈ ദാരുണ മരണങ്ങള്‍ ഉണ്ടായത്. യുദ്ധം താറുമാറാക്കിയ അഫ്ഗാനിസ്ഥാനിലും അഫ്-പാക് അതിര്‍ത്തിയിലെ ഗോത്രപ്രദേശങ്ങളിലും സോമാലിയയിലുമൊക്കെ സമയത്ത് കുത്തിവയ്പ്പു നടത്താത്തതിനാല്‍ രോഗങ്ങള്‍ തിരിച്ചുവരുന്നതായി റിപോര്‍ട്ടുണ്ട്. ഉത്തരപ്രദേശില്‍ ദരിദ്ര മുസ്‌ലിം ഗ്രാമങ്ങളില്‍ പോളിയോ പ്രത്യക്ഷപ്പെട്ടതായി കേട്ടിരുന്നു.
ഇതിനൊരു കാരണം ആധുനിക വൈദ്യത്തെക്കുറിച്ച, തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലുള്ള, ദുഷ്പ്രചാരണമാണ് എന്ന് കാണാന്‍ കഴിയും. പലയിടത്തും മതപുരോഹിതന്മാരും വേണ്ടത്ര ശാസ്ത്രീയാടിത്തറയില്ലാത്ത പ്രകൃതി ചികിത്സകരും സമാന്തര ഭിഷഗ്വരന്മാരുമാണ് ഈ പ്രചാരവേലക്ക് പിന്നില്‍. നാല് കക്കിരി തിന്നാല്‍, രണ്ടു നേരം മത്തന്‍ജൂസ് കഴിച്ചാല്‍, കരിഞ്ചീരകസത്ത് രുചിച്ചാല്‍ മാറാരോഗങ്ങളൊക്കെ ശമിക്കുമെന്നു പ്രസംഗിച്ചു പാമരരെ കബളിപ്പിക്കുന്നവര്‍ ഏറെയുണ്ട്. അല്‍പം ശക്തികൂടിയ മൈക്രോസ്‌കോപ്പ് ഉപയോഗിച്ചാല്‍ കാണാവുന്ന ബാക്റ്റീരിയ അടക്കമുള്ള രോഗാണുക്കള്‍ ഇല്ലെന്നു സ്ഥാപിക്കുന്ന ഒരു ഗ്രന്ഥം ഒരു പ്രകൃതി ചികിത്സകന്‍ അച്ചടിച്ചു വില്‍ക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിനു എന്തെങ്കിലും അബദ്ധം പറ്റിയാല്‍ അതിന്നെതിരെ പുരപ്പുറത്തു കയറി കൂക്കിവിളിക്കുന്നവരെയും കാണാം. പ്രവാചകവൈദ്യം എന്നു പറഞ്ഞു, ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊമ്പുവച്ചാല്‍ മാത്രമേ പ്രവാചകചര്യ പൂര്‍ത്തിയാവൂ എന്നു കരുതുന്നവര്‍ ഇപ്പോള്‍ ബോഡുവച്ച് വഴിയില്‍ കാണുന്ന വിശ്വാസികളെ പിടികൂടി ചോര വീഴ്ത്തുന്നു.
മനുഷ്യര്‍ വികസിപ്പിച്ചെടുക്കുന്ന ഒരു ചികിത്സാരീതിയും അന്യൂനവും കുറ്റമറ്റതുമാവണമെന്നില്ല. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രമെന്നത് നൂറ്റാണ്ടുകളിലൂടെ മനുഷ്യന്‍ സ്വായത്തമാക്കിയ അറിവുകളുടെ സമാഹാരമാണ്. അതില്‍ പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ വിവേചനമില്ല. യൂറോപ്പില്‍ വികസിച്ചുണ്ടായ വൈദ്യശാസ്ത്രം അറബികളില്‍നിന്നും ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും പലതും പകര്‍ത്തിയിട്ടുണ്ട്.
ആധുനിക വൈദ്യശാസ്ത്രം വന്‍വിജയം നേടിയത് മാരകമാവുന്ന പല രോഗങ്ങളുടെ മേലാണ്. വസൂരി, പോളിയോ, ടെറ്റനസ്, മീസ്ല്‍സ് എന്നിവക്കെതിരെയുള്ള വാക്‌സിനേഷന്‍ ആ വിജയത്തിനു പ്രധാന കാരണമായി. വയറിളക്കത്തിനും കോളറക്കും മരുന്നുണ്ടായി. ക്ഷയരോഗം നിയന്ത്രണവിധേയമായി. മലമ്പനിക്കെതിരെയുള്ള പ്രതിരോധ നടപടികള്‍മൂലം ദശലക്ഷകണക്കിനു മരണം തടയാന്‍ പറ്റി.
ബില്‍ ആന്റ് മെലിന്റഗേറ്റ്‌സ് ഫൗണ്ടേഷന്‍ മലമ്പനി തടയുന്ന വാക്‌സിന്‍ കണ്ടുപിടിക്കാന്‍ അനേകകോടി ഡോളര്‍ ചെലവഴിക്കുന്നു. പോഷകാഹാരക്കുറവ് പരിഹരിച്ചുകൊണ്ടു കുഞ്ഞുങ്ങളുടെ വളര്‍ച്ചാമുരടിപ്പ് തടയുന്നതിനു മറ്റുപല ഏജന്‍സികളും രംഗത്തുണ്ട്.
പൊതുജനാരോഗ്യപ്രവര്‍ത്തനത്തിനു അടിസ്ഥാനം സ്ഥിതിവിവരകണക്കുകളാണ്. ഇന്നു കേരളത്തില്‍ ക്രച്ചസില്‍ സഞ്ചരിക്കുന്ന കുഞ്ഞുങ്ങളെ കാണാന്‍ പറ്റാത്തതിന്റെ കാരണം പോളിയോ കുത്തിവയ്പ്പാണ്. വസൂരിക്കല വികൃതമാക്കിയ മുഖങ്ങളുള്ളവര്‍ ഇക്കാലത്ത് സിനിമയില്‍ മാത്രമേ കാണൂ. മേനകാഗാന്ധി താലോലിക്കുന്ന തെരുവുപട്ടികള്‍ പെറ്റു പെരുകിയിട്ടും ഭ്രാന്തന്‍നായയുടെ വിഷമേറ്റ് മരിക്കുന്നവരുടെ എണ്ണം നന്നായി കുറഞ്ഞു.  മറ്റു പല മഹാമാരികളുടെയും അവസ്ഥ അതാണ്. പല വികസിത രാജ്യങ്ങളിലും ഇത്തരം രോഗങ്ങള്‍ ഏതാണ്ട് അപ്രത്യക്ഷമായി.
സ്ഥിതിവിവരകണക്കുകള്‍ എന്നു പറഞ്ഞുവല്ലോ! ഒരു ലക്ഷം പേര്‍ക്ക് അനസ്തീഷ്യ നല്‍കുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ക്ക് ബോധം തിരിച്ചുകിട്ടിയെന്നുവരില്ല. അതുകൊണ്ട് ആരും ശസ്ത്രക്രിയക്ക് വിധേയമാവില്ല എന്നു പറയാറില്ല. ഔഷധങ്ങളെ തോല്‍പിക്കുന്ന രോഗാണുക്കള്‍ ഉണ്ടാവുന്നു എന്നതുകൊണ്ട് ആന്റിബയോട്ടിക്കുകള്‍ ഒന്നായി ഓടയിലെറിയരുത്.
വാക്‌സിനുകളുടെ സ്ഥിതിയുമതാണ്. ഒരു ഭരണകൂടത്തിനു, പൊതുജനാരോഗ്യപ്രവര്‍ത്തനത്തിനു കണക്കുകള്‍ നോക്കാനേ പറ്റൂ. മാത്രമല്ല, പകര്‍ച്ചവ്യാധികള്‍ തടയാന്‍ പൊതുവായി ഉപയോഗിക്കാവുന്ന ഔഷധങ്ങള്‍ മാത്രമേ ഉപകാരപ്പെടൂ. ഓരോ മനുഷ്യനും ഓരോ മരുന്ന് എന്ന സൂത്രവാക്യം അതിനു പറ്റില്ല. മാത്രമല്ല, വാക്‌സിനുകള്‍ പാശ്ചാത്യ ഔഷധ കുത്തകകളെ സഹായിക്കാനാണ് എന്നും പൗരസ്ത്യരെ മുഴുവന്‍ മന്ദബുദ്ധികളാക്കുകയാണ് അവയുടെ ലക്ഷ്യമെന്നും പറയുന്നത് ശുദ്ധ വങ്കത്തമാണ്. യൂറോ-അമേരിക്കന്‍-ജാപ്പനീസ് ഔഷധ കുത്തകകള്‍ വാക്‌സിന്‍ ഗവേഷണത്തിനു പണം നല്‍കില്ല. അതില്‍ വലിയ ലാഭമില്ല എന്നതാണ് കാരണം. അവര്‍ ഗവേഷണം നടത്തുന്നത് സമ്പന്നരുടെ രോഗത്തിനുള്ള മരുന്നുകള്‍ വികസിപ്പിക്കാനാണ്. ആധുനിക വൈദ്യത്തിനു പരിമിതികളുണ്ട് എന്നതു ശരിയാണ്. പ്രഗത്ഭ ചിന്തകനായിരുന്ന ഇവാന്‍ ഇലിച്ചിനെപോലുള്ളവര്‍ അത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍  ഇലിച്ച്‌പോലും ആധുനിക വൈദ്യശാസ്ത്രത്തെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞിട്ടില്ല. പകരം വരുന്ന രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് കാലിഗുളികയുടെ ഗുണഫലമേയുള്ളൂ. കാലിഗുളികകൊണ്ട് ഡിഫ്ത്തീരിയ മാറില്ല.
തങ്ങള്‍ക്കുകൂടി പങ്കുള്ള പരാജയത്തിനു അന്യരെ മാത്രം കുറ്റം പറയാനുള്ള തൃഷ്ണയാണ് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് പിന്നില്‍. ലോകത്ത് ഗൂഢാലോചനകള്‍ പലതും നടക്കുന്നുണ്ട്. എന്നാല്‍, ഒരു ചെറുസംഘത്തിനു നിയന്ത്രിക്കാന്‍ പറ്റാത്ത വിധം അതിസങ്കീര്‍ണ്ണമാണ് മനുഷ്യസമൂഹം. നിയന്ത്രണമേറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരെ മറികടക്കുന്ന വേഗത്തിലാണ് ചരിത്രം സഞ്ചരിക്കുന്നത്. പ്രപഞ്ചനാഥനാണ് ഏറ്റവും വലിയ തന്ത്രശാലി എന്നു ഖുര്‍ആന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss