|    Jan 20 Fri, 2017 11:55 pm
FLASH NEWS

വാക്കുകള്‍ കൊണ്ട് ലോകാവസ്ഥ മാറ്റാനാവുമോ?

Published : 20th August 2016 | Posted By: SMR

ഒക്ടോബര്‍ 2 മുതല്‍ വയനാട് പ്ലാസ്റ്റിക്‌വിമുക്ത ജില്ലയായി മാറുമെന്നാണ് കലക്ടര്‍ കേശവേന്ദ്ര കുമാറിന്റെ പ്രഖ്യാപനം. പ്ലാസ്റ്റിക് കാരിബാഗുകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍ എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ്. ക്രിമിനല്‍ നടപടി നിയമത്തിന്റെ 133ാം വകുപ്പ് അനുസരിച്ചാണ് നിരോധനം. സമൂഹത്തിന്റെ ആരോഗ്യത്തിനും സുഖജീവിതത്തിനും ഹാനികരമായ ഏതു വസ്തുവിന്റെയും വില്‍പനയും ഉപയോഗവും തടയാന്‍ ഈ വകുപ്പനുസരിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ക്ക് അധികാരമുണ്ട്. അദ്ദേഹം അതു വിനിയോഗിക്കുന്നു.
ജനങ്ങളുടെ നിത്യജീവിതവുമായും ശീലങ്ങളുമായും ബന്ധപ്പെട്ട ഏറെ ഗൗരവമേറിയ ഒരു സംഗതിയില്‍ ഒരു ജില്ലാ ഭരണകൂടത്തിനു മാത്രം എങ്ങനെ ഫലപ്രദമായി ചില നടപടികള്‍ കൈക്കൊള്ളാനാവുമെന്ന ചോദ്യം പ്രസക്തമാണ്. മാത്രവുമല്ല, ജില്ലാ കലക്ടര്‍ സ്ഥലംമാറ്റത്തിന് ഏതു നിമിഷവും വിധേയനാകാവുന്ന ഉദ്യോഗസ്ഥനാണുതാനും. ആ നിലയ്ക്ക് പ്ലാസ്റ്റിക് നിരോധനം പോലുള്ള നയപരമായ ഒരു വിഷയം ഒരു ജില്ലയില്‍ മാത്രം, അതും അന്യദേശങ്ങളില്‍ നിന്നു ധാരാളം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ഒരു ജില്ലയില്‍ എത്രത്തോളം പ്രായോഗികമായി കൈകാര്യം ചെയ്യാനാവുമെന്നതു സംശയാസ്പദമാണ്. എങ്കിലും ഈ തീരുമാനത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധിയെയും ചങ്കൂറ്റത്തെയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ ഇങ്ങനെയായിരിക്കണം.
ജില്ലാ കലക്ടര്‍ ശരിയായ ഉള്‍ക്കാഴ്ചയോടെയാണ് പ്ലാസ്റ്റിക് ഉപയോഗത്തെ സമീപിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേ പ്ലാസ്റ്റിക് ജനങ്ങളുടെ ആരോഗ്യത്തിനും കടുത്ത പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. നാട് വിഷമയമാവുകയും അത് അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ മലിനജലത്തിന്റെ ഒഴുക്ക് തടയുകയും മണ്ണിന്റെ ഫലപുഷ്ടി നശിപ്പിക്കുകയും ചെയ്യുന്നു.
വയനാടിന്റെ ആവാസവ്യവസ്ഥയ്ക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ സൃഷ്ടിക്കുന്ന പരിക്ക് വളരെ വലുതാണെന്ന ജില്ലാ കലക്ടറുടെ നിലപാട് നൂറു ശതമാനം ശരിയാണ്. അതേസമയം, വയനാട്ടില്‍ ഒരു പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണ യൂനിറ്റും പ്രവര്‍ത്തിക്കുന്നില്ലതാനും. വിനോദസഞ്ചാരകേന്ദ്രമായ ജില്ലയില്‍ എത്തിച്ചേരുന്ന അന്യദേശക്കാരാണ് ജില്ലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ കാരണമാവുന്നത്. കലക്ടറുടെ ചോദ്യം തീര്‍ത്തും ന്യായം: അന്യനാട്ടുകാരുടെ ചവറ്റുകൂനയാവണമോ വയനാട്?
ജില്ലാ ഭരണനേതൃത്വത്തിന്റെ നടപടിയെ പ്രശംസിക്കുമ്പോഴും അതിന്റെ പ്രായോഗിക സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാവുന്നില്ല. ഇപ്പോഴത്തെ സാമൂഹിക കാലാവസ്ഥയില്‍ ഇത് എത്രത്തോളം പ്രായോഗികമാവും? പ്ലാസ്റ്റിക്‌വിമുക്ത നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ അവസ്ഥ മാത്രം മതി ധീരമായ വാക്കുകള്‍ കൊണ്ടു മാത്രം ഒന്നും നടപ്പാവില്ലെന്നു മനസ്സിലാക്കാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക