|    Jul 24 Mon, 2017 8:18 pm
FLASH NEWS

വാകേരി കോളനിവാസികളെ പുനരധിവസിപ്പിക്കാന്‍ നടപടിയില്ല

Published : 14th July 2016 | Posted By: SMR

മാനന്തവാടി: അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാതെ ദുരിതജീവിതം നയിക്കുന്ന ഒണ്ടയങ്ങാടി എടപ്പടിക്കുന്ന് വാകേരി കോളനിവാസികളെ പുനരധിവസിപ്പിക്കാന്‍ നടപടിയില്ല. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട അഞ്ചു കുടുംബങ്ങളാണ് ഇവിടെയുള്ളത്. കുടിവെള്ളം, വൈദ്യുതി, വഴി എന്നിവയെല്ലാം ഇവര്‍ക്കിന്നും അന്യം.
ഈ കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന മിച്ചഭൂമിയില്‍ നിന്നു കുറച്ചകലെ ക്വാറിക്ക് സമീപമായിരുന്നു വര്‍ഷങ്ങളായി ഇവര്‍ താമസിച്ചുവന്നത്. കാലപ്പഴക്കത്താലും ക്വാറിയുടെ പ്രവര്‍ത്തനങ്ങളാലും വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ച് വാസയോഗ്യമല്ലാതായ സാഹചര്യത്തില്‍ അഞ്ചു വര്‍ഷം മുമ്പ് മിച്ചഭൂമിയില്‍ ഷെഡ് കെട്ടി താമസം തുടങ്ങി. ഇതോടെ ഇവരുടെ ജീവിതം ദുരിതപൂര്‍ണമാവുകയായിരുന്നു. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ല. രണ്ടു കിലോമീറ്റര്‍ നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി വേണം കോളനിയിലെത്താന്‍. സുരേഷ്, രാജു, ബാലന്‍, വെള്ളി, സീത എന്നിവരുടെ കുടുംബങ്ങളിലായി കുട്ടികള്‍ ഉള്‍പ്പെടെ 30ഓളം പേ്ര്‍ ഗത്യന്തരമില്ലാതെ ജീവിതം തള്ളിനീക്കുന്നു. സീത കുടുംബം പുലര്‍ത്താനായി തലശ്ശേരിയില്‍ വീട്ടുജോലിക്ക് പോയിരിക്കുകയാണ്.
ഇവരുടെ ഒരു വയസ്സുള്ള മകനുള്‍പ്പെടെ മൂന്നു കുട്ടികളെ ഭര്‍ത്താവ് അനീഷാണ് നോക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ ഇവരുടെ ദുരിതം ഇരട്ടിയായി. മഴ പെയ്യുന്നതോടെ വെള്ളം മുഴുവന്‍ കൂരയ്ക്കുള്ളിലെത്തും. തണുപ്പകറ്റാനായി പുതപ്പോ നല്ല വസ്ത്രങ്ങളോ ഇവര്‍ക്കില്ല.
തണുപ്പ് കൂടുമ്പോള്‍ അടുപ്പില്‍ കനലുണ്ടാക്കി ഇതിനു ചുറ്റുമാണ് കുട്ടികളെ കിടത്തുന്നത്. ട്രൈബല്‍ പ്രമോട്ടര്‍ ഇടപെട്ട് ഷെഡുകള്‍ക്ക് മുകളില്‍ വിരിക്കാന്‍ ഷീറ്റുകള്‍ നല്‍കിയിട്ടുണ്ട്. റേഷന്‍കാര്‍ഡുള്ളതിനാല്‍ സൗജന്യമായി ലഭിക്കുന്ന അരി മാത്രമാണ് ഇവര്‍ക്കു ലഭിക്കുന്ന ഏക ആനുകൂല്യം.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌കൂളിലെത്താന്‍ വഴി പോലുമില്ല. രോഗികളെ ചുമന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. വഴിയില്ലാത്തതിനാല്‍ കോളനിയിലെ മൂന്നു സ്ത്രീകള്‍ ഇവിടെത്തന്നെ പ്രസവിച്ചു. കാട്ടുനായ്ക്ക വിഭാഗത്തിന് കോടികളുടെ പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോഴും ഈ കുടുംബങ്ങളെ ബന്ധപ്പെട്ടവര്‍ തീര്‍ത്തും അവഗണിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക