|    Nov 20 Mon, 2017 10:47 pm
FLASH NEWS

വാകത്താനം പോലിസ് സ്റ്റേഷനില്‍ സിപിഎം അതിക്രമം

Published : 13th September 2017 | Posted By: fsq

 

കോട്ടയം: സിപിഎമ്മുകാരുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനില്‍ ഓടിക്കയറി. തുടര്‍ന്ന് സിഎസ്ഡിഎസ് പ്രവര്‍ത്തകരെ വിട്ടുകിട്ടാന്‍ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമം കാട്ടി. തിങ്കളാഴ്ച വൈകീട്ട് വാകത്താനം പോലിസ് സ്റ്റേഷനിലാണ് സംഭവം. തൃക്കോതമംഗലത്ത് സിഎസ്ഡിഎസ് കുടുംബ സംഗമത്തോട് അനുബന്ധിച്ചാണ് സിപിഎം പ്രവര്‍ത്തകരും സിഎസ്ഡിഎസ് പ്രവര്‍ത്തകരും സംഷര്‍ഷമുണ്ടായത്. സംഭവം അറിഞ്ഞ് വാകത്താനം പോലിസെത്തി രംഗം ശാന്തമാക്കി. പിന്നീട് കുടുംബ സംഗമം കഴിഞ്ഞ് ഓട്ടോയില്‍ പോവുകയായിരുന്ന സിഎസ്ഡിഎസ് പ്രവര്‍ത്തകരെ ഞാലിയകുഴിയില്‍ വച്ച് 25ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. എന്നാല്‍ ഓട്ടോയില്‍ മൂന്നു സിഎസ്ഡിഎസ് പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. സിപിഎമ്മുകാരെ നേരിടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ ഓട്ടോ വാകാത്താനം പോലിസ് സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിലേക്ക് ഓടിക്കയറി. എന്നാല്‍ പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ എത്തിയതോടെ പോലിസ് സ്റ്റേഷന്റെ ഗ്രില്ല് അടച്ചെങ്കിലും സിപിഎമ്മുകാര്‍ അതു തുറന്നു. സിഎസ്ഡിഎസുകാരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പോലിസ് തയ്യാറായില്ല. തുടര്‍ന്ന് സിപിഎമ്മുകാര്‍ സ്റ്റേഷനിലെ പ്രിന്റര്‍ തള്ളിതാഴെയിട്ടു. സ്റ്റേഷനില്‍ അതിക്രമവും കാട്ടുകയും ചെയ്തു. ഈ സമയം മൂന്നു പോലിസുകാര്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. പിന്നീട് സിഎസ്ഡിഎസുകാരുടെ ഓട്ടോയുമായി പോയി ഓട്ടോ തല്ലിത്തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷന്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി. സിഎസ്ഡിഎസ് പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 30ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ സ്‌ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയതായി വാകത്താനം സിഐ പി വി മനോജ് കുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക