|    May 29 Mon, 2017 7:43 am
FLASH NEWS

വസ്ത്ര വ്യാപാരശാലയുടെ ഹോസ്റ്റലില്‍ മിന്നല്‍പ്പരിശോധന

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തിലെ വന്‍കിട വസ്ത്ര വ്യാപാരശാലയില്‍ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ മിന്നല്‍പ്പരിശോധന. വസ്ത്രശാലയിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ ദുരിതപൂര്‍ണമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നല്‍കി. 30 ദിവസത്തിനകം സൗകര്യങ്ങളോടെ പുതിയ താമസസൗകര്യം ഒരുക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്.
അട്ടക്കുളങ്ങരയിലും കോട്ടയ്ക്കകത്തുമായി നിരവധി ശാഖകളോടെ പ്രവര്‍ത്തിക്കുന്ന വസ്ത്രശാലയിലാണ് ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കി നല്‍കാത്തതായി കണ്ടെത്തിയത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികള്‍ ഇല്ലെന്നും ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും മനസ്സിലാക്കി. മുന്നൂറോളം വരുന്ന പെണ്‍കുട്ടികള്‍ താമസിക്കുന്നത് അലൂമിനിയം റൂഫ് കെട്ടിയ മേല്‍ക്കൂരയ്ക്ക് കീഴിലാണെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനെ തുര്‍ന്നാണ് മേയറുടെ നടപടി. വസ്ത്രശാലയെ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മേയര്‍ വി കെ പ്രശാന്തും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കെത്തിയത്.
രാവിലെ ഒമ്പതോടെയാണ് സംഘം സ്ഥാപനത്തിലെത്തിയത്. സ്ഥാപനത്തിന്റെ അഞ്ചാംനിലയില്‍ അലൂമിനിയം റൂഫ് കെട്ടിയ മേല്‍ക്കൂരയ്ക്ക് കീഴിലാണ് മൂന്നൂറോളം വരുന്ന പെണ്‍കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള പെണ്‍കുട്ടികളാണ് ഇവരില്‍ ഏറെയും. തീര്‍ത്തും ദുരിതപൂര്‍ണമായ അവസ്ഥയായിരുന്നു ഇവിടെ. പലതട്ടുകളായി കിടക്കയിട്ട് അതിലാണ് പെണ്‍കുട്ടികള്‍ക്ക് കിടക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. മൂട്ടയും പാറ്റയും എലികളും നിറഞ്ഞതായിരുന്നു താമസസ്ഥലം. പുതയ്ക്കാന്‍ മാത്രമാണ് ഷീറ്റ് നല്‍കുന്നത്. തലയിണകള്‍ ലഭ്യമാക്കിയിരുന്നില്ല. തലയിണകള്‍ക്ക് പകരം ബാഗാണ് പലരും ഉപയോഗിച്ചിരുന്നത്.
300 പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്ത് ആകെ 14 ശുചിമുറികളും അത്രയും തന്നെ പൈപ്പുകളുമാണ് ഉണ്ടായിരുന്നത്. ചായ ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല. പെണ്‍കുട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സാനിട്ടറി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇവിടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് തൊഴില്‍വകുപ്പിന് വിശദമായ കത്ത് നല്‍കുമെന്നും മേയര്‍ അറിയിച്ചു. പരിശോധനയില്‍ മേയറെ കൂടാതെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി ബിജു, ശശികുമാര്‍, സന്തോഷ്, സുനിത, വിനീത, സന്ധ്യ റാണി, ജിഷ, ശ്രീകാന്ത് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day