|    Oct 22 Sun, 2017 12:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വസ്ത്രശാലയുടെ മറവില്‍ മോഷണം; ജീവനക്കാരി പിടിയില്‍

Published : 4th July 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വസ്ത്രശാലയുടെ മറവില്‍ മോഷണം. ജീവനക്കാരി പിടിയിലായി. പെരുമ്പാവൂര്‍ പിപി ലിങ്ക് റോഡിലെ ഓപ്ഷന്‍ ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരിയാണ് കടയില്‍ തുണിത്തരങ്ങള്‍ വാങ്ങാനെത്തുന്നവരുടെ പിഞ്ചു കുഞ്ഞുങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായത്.
കൊട്ടാരക്കര ചിതറ അഭിജിത് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ സൗമ്യ (24)യെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. റമദാനോടനുബന്ധിച്ച് തുണിക്കടയില്‍ വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നവരുടെ കുട്ടികളെ മിഠായി നല്‍കി വശീകരിച്ച് സിസിടിവി കാമറയില്ലാത്ത സ്ഥലത്തുവച്ച് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചു മാറ്റുകയായിരുന്നു പതിവെന്ന് പോലിസ് പറഞ്ഞു.
ഇത്തരത്തില്‍ ഞായറാഴ്ച മാത്രം നാലര പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇവരില്‍നിന്ന് പോലിസ് പിടിച്ചെടുത്തത്. കുറേ നാളുകളായി ഇവര്‍ ഇത്തരത്തില്‍ മോഷണം തുടര്‍ന്നുവരുകയാണ്. മൂന്നു കുടുംബങ്ങളിലെ കുട്ടികളുടെ ആഭരണങ്ങളാണ് കവര്‍ന്നത്. ഇവരുടെ പരാതിയിലാണ് ജീവനക്കാരിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഈ തുണിക്കടക്കെതിരേ നിരവധി പരാതികളാണുള്ളത്. വാഹന പാര്‍ക്കിങിന് സ്ഥലമില്ലാത്തതിനാല്‍ സമീപത്തെ വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് പാര്‍ക്കിങ് നടത്തുന്നതെന്ന് സമീപത്തുള്ള വ്യാപാരികള്‍ പരാതിപ്പെട്ടു.
നഗരസഭയെ സ്വാധീനിച്ച് പൊതുസ്ഥലങ്ങളില്‍ താല്‍ക്കാലിക ഷെഡുകള്‍ കെട്ടിപ്പൊക്കുകയാണെന്നും ആക്ഷേപമുണ്ട്. അനധികൃത നിര്‍മാണങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ആരോപണം വ്യാപകമാണ്. ലേബര്‍ നിയമങ്ങള്‍ പാലിക്കാതെയാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നതെന്നും ആരോപണം നിലനില്‍ക്കെയാണ് മോഷണം കണ്ടെത്തിയിരിക്കുന്നത്. സിഐ ബൈജു പൗലോസ്, എസ്‌ഐ ഫൈസല്‍, സിപിഒമാരായ ബെന്നി, വനിതാ സിപിഒമാരായ രതി, ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക