|    May 27 Sat, 2017 4:21 am
FLASH NEWS

വസ്തു റീസര്‍വേ ചെയ്ത് നല്‍കിയില്ല; വീട്ടമ്മ ആത്മഹത്യ ചെയ്തു

Published : 11th July 2016 | Posted By: SMR

തൊടുപുഴ: റവന്യൂ അധികൃതര്‍ വസ്തു റീസര്‍വേ ചെയ്ത് നല്‍കാത്തതില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. ഉടുമ്പന്‍ചോല മേലേ ചെമ്മണ്ണാര്‍ ചെട്ടിശ്ശേരില്‍ സജിയുടെ ഭാര്യ ബെറ്റിയെ (44) ആണ് ഞായറാഴ്ച രാവിലെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെമ്മണ്ണാറിലെ 2.70 ഏക്കര്‍ സ്ഥലം 53 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ബെറ്റി പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം തൊടുപുഴ കുടയത്തൂരില്‍ സ്ഥലം വാങ്ങാന്‍ 26 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. അഡ്വാന്‍സായി കിട്ടിയ തുകയില്‍നിന്ന് എട്ട് ലക്ഷം തൊടുപുഴയില്‍ അഡ്വാന്‍സും നല്‍കി. റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ചെമ്മണ്ണാറിലെ സ്ഥലത്തിന് കരം ഒടുക്കാനായില്ല. റീസര്‍വേ ചെയ്ത് കിട്ടാന്‍ ബെറ്റി അഞ്ച് മാസമായി വില്ലേജ്, താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും കയറിയിറങ്ങി.
ഇതിനിടെ, ഉടന്‍ റീസര്‍വേ നടത്താന്‍ കലക്ടര്‍ പ്രത്യേക ഉത്തരവിട്ടെങ്കിലും റവന്യൂ അധികൃതര്‍ അലംഭാവം തുടര്‍ന്നു.
തൊടുപുഴയിലെ സ്ഥലത്തിന് ബാക്കി 18 ലക്ഷം നല്‍കേണ്ട അവസാന സമയം കഴിഞ്ഞ അഞ്ചാം തിയ്യതിയായിരുന്നു. സമയം കഴിഞ്ഞതോടെ ബെറ്റി മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ഇതിനിടെ, വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ച സര്‍വേയറോട് നടപടികള്‍ വൈകിയാല്‍ ആത്മഹത്യയല്ലാതെ മാര്‍ഗമില്ലെന്ന ബെറ്റി പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ബെറ്റിയുടെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ശാന്തന്‍പാറ പോലിസ് മേല്‍നടപടി സ്വീകരിച്ചു. സിയ, അമ്മു എന്നിവരാണ് മക്കള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day