|    Nov 17 Sat, 2018 4:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വസ്തുതാന്വേഷണ കമ്മീഷന് രൂപം നല്‍കണം: വി എം സുധീരന്‍

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ കാര്യകാരണങ്ങള്‍ വിലയിരുത്തുന്നതിന് ഫാക്ട് ഫൈന്‍ഡിങ് കമ്മീഷന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വി എം സുധീരന്‍. ഡാം മാനേജ്‌മെന്റ് സംബന്ധിച്ച് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും തീര്‍ച്ചയായും പരിശോധിക്കപ്പെടണം. കാലാകാലങ്ങളില്‍ മാറിമാറി വന്ന കേരളത്തിലെ ഭരണകൂടങ്ങളുടെ നടപടികളുടെ ഫലമായി പ്രകൃതിക്കേറ്റ ആഘാതങ്ങള്‍ എത്രമാത്രം ഈ ദുരന്തത്തില്‍ പ്രതിഫലിക്കപ്പെട്ടു എന്നതും വിലയിരുത്തപ്പെടണം. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും മാലിന്യ നിര്‍മാര്‍ജനത്തിലും അനിയന്ത്രിതവും നിയമവിരുദ്ധവുമായ നിര്‍മാണങ്ങളും ഖനന പ്രവര്‍ത്തനങ്ങളും തടയുന്നതിലും വന്നിട്ടുള്ള വീഴ്ചകളുടെ ഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്കേറ്റ മാരകമായ ക്ഷതങ്ങള്‍ ഈ ദുരന്തത്തിന്റെ ആക്കം കൂട്ടിയോ എന്നു പരിശോധിക്കണം. ഇതെല്ലാം വിലയിരുത്തുന്നതിന് ഒരു ഉന്നതാധികാര കമ്മീഷനെ നിയോഗിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും മറ്റു ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പൊതുസ്വീകാര്യതയുള്ള നിലയില്‍ ഈ കമ്മീഷന് രൂപം കൊടുക്കാവുന്നതാണ്. സാധാരണ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷനുകളുടെ പ്രവര്‍ത്തന ശൈലിയും നടപടിക്രമങ്ങളും മാറ്റിവച്ചു കൃത്യമായും ഒരു ഫാക്ട് ഫൈന്‍ഡിങ് സംവിധാനമായി അതു മാറണം. പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ പ്രതിനിധികളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികളും ദുരന്തബാധിത ജില്ലകളിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷന്മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു മോണിറ്ററിങ് കൗണിസിലിനു രൂപം നല്‍കുന്നതും ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss