|    Dec 13 Wed, 2017 1:04 pm
FLASH NEWS
Home   >  Editpage  >  Second edit  >  

വസൂരിയുടെ ശത്രു

Published : 3rd September 2016 | Posted By: SMR

ആഗസ്ത് മൂന്നാം വാരത്തില്‍ അമേരിക്കയില്‍ അന്തരിച്ച ഡൊണാള്‍ഡ് ഹെന്‍ഡേഴ്‌സനെക്കുറിച്ചു വളരെ കുറച്ചു പരാമര്‍ശങ്ങളേ മാധ്യമങ്ങളില്‍ വന്നുള്ളൂ. ലോകമെങ്ങും വസൂരിരോഗത്തെ കീഴ്‌പ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചവരില്‍ പ്രധാനിയായിരുന്നു ഹെന്‍ഡേഴ്‌സന്‍. 1966ലാണ് ലോകാരോഗ്യ സംഘടന വസൂരി നിര്‍മാര്‍ജനത്തിനായി ആഗോളപദ്ധതി ആവിഷ്‌കരിച്ചത്. അമേരിക്കയും റഷ്യയും കൈകോര്‍ത്തുപിടിച്ചതോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക തടസ്സങ്ങള്‍ നീങ്ങി. ലോകാരോഗ്യ സംഘടന 38 വയസ്സുള്ള ഹെന്‍ഡേഴ്‌സനെയാണ് പദ്ധതിയുടെ ചുമതല ഏല്‍പിച്ചത്. വസൂരിക്കെതിരേയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും ലോകമെങ്ങും വാക്‌സിനേഷന്‍ നടത്തുന്നതിന് ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. അനേകം ഭരണകൂടങ്ങളെയും ആരോഗ്യവകുപ്പുകളെയും ഡോക്ടര്‍മാരെയും ഒരേയവസരം പ്രവര്‍ത്തനനിരതമാക്കുക വളരെ പ്രയാസകരമായിരുന്നുവെങ്കിലും ഹെന്‍ഡേഴ്‌സനും സംഘവും ഒരിക്കലും നിരാശരായില്ല. വസൂരി രോഗം കാണുന്ന പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുകയെന്നതായിരുന്നു ഹെന്‍ഡേഴ്‌സന്റെ തന്ത്രം. വാക്‌സിനിന്റെ ദുര്‍വ്യയം ഒഴിവാക്കാന്‍ പ്രത്യേക സൂചി വികസിപ്പിച്ച ആരോഗ്യ വിദഗ്ധര്‍ എത്യോപ്യയില്‍ വാക്‌സിനേഷന്‍ നടത്തുന്നവരെ ആക്രമിക്കുന്ന ഒളിപ്പോരാളികളെ കണ്ടപ്പോള്‍ ഇന്ത്യയില്‍ വസൂരി ബാധിച്ചു മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ ഗംഗാനദിയില്‍ എറിയുന്നതാണ് കണ്ടത്. 1975 ആയതോടെ ആഫ്രിക്കയടക്കം വസൂരിവിമുക്തമായി. വസൂരിബാധയുണ്ടായ ഏറ്റവും അവസാനത്തെയാള്‍ ഒരു സോമാലി പാചകക്കാരനാണ്- 1977ല്‍. ഇപ്പോള്‍ വസൂരി രോഗാണുക്കള്‍ ചില വന്‍ശക്തികളുടെ ലാബില്‍ മാത്രമേ കാണൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക