|    Apr 29 Sat, 2017 7:09 am
FLASH NEWS

വവ്വാലുകളെ കൊന്നൊടുക്കി; രണ്ടുപേര്‍ അറസ്റ്റില്‍

Published : 26th November 2016 | Posted By: SMR

കട്ടപ്പന: അപൂര്‍വ ഇനത്തില്‍ പെട്ട വവ്വാലുകളെ കൊന്നൊടുക്കിയ രണ്ടു പേരെ വനപാലകര്‍ പിടികൂടി. ചത്ത 265 വവ്വാലുകളെ ഇവരില്‍ നിന്നു പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കട്ടപ്പന വള്ളക്കടവ് സ്വദേശി കൊച്ചുമണ്ണൂര്‍ വീട്ടില്‍ ബാബു ജോസഫ് (56), നരിയംപാറ പാലപ്ലാക്കല്‍ റെജി (48) എന്നിവരെയാണ് അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫിസര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അഞ്ചുരുളി തുരങ്കത്തിനുള്ളില്‍ നിന്ന് വല ഉപയോഗിച്ചാണ് ഇരുവരും വവ്വാലുകളെ പിടിച്ചത്. തുരങ്കത്തിനുള്ളില്‍ വ്യാപകമായി വവ്വാല്‍വേട്ട നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും രാത്രി അഞ്ചുരുളിയില്‍ പിടിയിലായത്. വല ഉപയോഗിച്ച് പിടികൂടിയ ശേഷം കൊന്ന 265 വവ്വാലുകളെ ചാക്കിലാക്കിയ നിലയിലാണ് പിടികൂടിയത്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്ന അപൂര്‍വ ഇനത്തില്‍ പെട്ട സലിം ആലിസ് ഫ്രൂട്ട് ബാറ്റ് വവ്വാലുകളെയാണ് ഇവര്‍ കൊന്നത്. ശ്വാസം മുട്ടലിനും മറ്റുമായി വവ്വാലിന്റെ ഇറച്ചി മരുന്നായതിനാലാണ് വവ്വാലുകളെ പിടിച്ചതെന്ന് ഇരുവരും വനം വകുപ്പ് ഉദ്യോഗഥരോടു പറഞ്ഞു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി. അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ റോയി ജെയിന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ കെ ബഷീര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോജി ജോസഫ്, എന്‍ എ മനോജ്, കെ കെ പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day