|    Oct 19 Fri, 2018 6:23 am
FLASH NEWS

വഴി സൗകര്യമില്ല; പന്നിയാര്‍മലയില്‍ വിദ്യാര്‍ഥികളുടെ പഠനം ദുരിതപൂര്‍ണം

Published : 12th March 2018 | Posted By: kasim kzm

കൃഷ്ണന്‍    എരഞ്ഞിക്കല്‍

അരീക്കോട്: ഊര്‍ങ്ങാട്ടിരി തോട്ടുമുക്കത്തിനടുത്ത പന്നിയാര്‍ മല ആദിവാസി കോളനിയില്‍ വഴി സൗകര്യമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നാളെ കോളനി സന്ദര്‍ശനം നടത്തും.നാളെ മൂന്ന് മണിയോടെ കലക്ടറും സംഘവും കോളനി സന്ദര്‍ശിച്ച് നേരിട്ട് വിവരങ്ങള്‍ അന്വേഷിക്കുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം
കോളനിയില്‍ നിന്ന് വെറ്റിലപ്പാറ ഗവ.സ്‌കൂളിലുലേക്ക് നാലര കിലോമീറ്റര്‍ ദൂരമുണ്ട്. വിജനമായ വനപ്രദേശങ്ങളിലൂടെയുള്ള യാത്ര സുരക്ഷിതവുമല്ല.ദിവസവും നാലര കിലോമീറ്റര്‍ ദൂരം താണ്ടി കാട്ടിലൂടെയുള്ള യാത്ര വിദ്യാര്‍ത്ഥികളില്‍ പഠനത്തോട് മടുപ്പുണ്ടാക്കുകയും പഠനം ഉപേക്ഷിക്കുന്നതുമാണെന്ന് ആദിവാസികള്‍ പറഞ്ഞു.
വെറ്റിലപാറ ഗവ. എല്‍പി സ്‌കൂളിലെത്താന്‍ ചെറിയ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായം വേണം. ഒമ്പത് കിലോമീറ്റര്‍ നടത്തം കൊച്ചു കുട്ടികള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി ആദിവാസികള്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയാണ്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റും കാടിന്റെ മക്കളെ പാടേ ഉപേക്ഷിക്കുകയാണ്.
കഴിഞവര്‍ഷം തേജസ് പത്രവാര്‍ത്തയെ തുടര്‍ന്ന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് റോഡിന് ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപ്പടിയായിട്ടില്ലെന്നാണ് ബ്ലോക്കില്‍ നിന്നുള്ള വിവരം. യാത്ര സൗകര്യമില്ലാത്തത് നിരന്തരം പരാതിപ്പെട്ടിട്ടും പന്നിയാര്‍ മല കോളനിയെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തും അവഗണിക്കുകയാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എത്തുന്നവര്‍ഡ് പ്രതിനിധി പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്ന് ആദിവാസികള്‍ പരാതിപ്പെട്ടു.’
അടിയന്തിരമായി രോഗികളെയും കൊണ്ട് ആശുപത്രിയിലെത്തിക്കാന്‍ ജീപ്പ് വാടക രണ്ടായിരത്തി അഞ്ഞൂറ് നല്‍കണം. അതുകൊണ്ട് പലരും കാല്‍നടയായി വെറ്റിലപ്പാറ ഗവ. ആശുപത്രിയില്‍ എത്തുകയാണ് പതിവ്.
2005 ല്‍ ഒരു ലക്ഷം മുടക്കി നിര്‍മിച്ച കുടിവെള്ള പദ്ധതി കൊണ്ട് പ്രയോജനമില്ലാതായിരിക്കയാണ് കുടിവെള്ള പദ്ധതിയുടെ പേരില്‍ ഈ ഭാഗങ്ങളിലേക്ക് നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നെങ്കിലും ഫണ്ട് വിനിയോഗിച്ചതല്ലാതെ ഉപകാരപ്രദമല്ല.
കുടിവെള്ളത്തിന് രൂക്ഷതയുള്ള കോളനിയില്‍ കഴിഞ്ഞ വര്‍ഷം അരീക്കോട് പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ  സിനോദും സിവില്‍ ഓഫിസര്‍മാരും മൂന്ന് വാട്ടര്‍ ടാങ്ക് എത്തിച്ച് പൈപ്പിട്ടിരുന്നതുകൊണ്ട് താല്‍ക്കാലിക പരിഹാരമായിരുന്നതായി കോളനിയിലെ വീട്ടമ്മമാര്‍ പറഞ്ഞു.
ആദിവാസി വികസനത്തിനായി നിയോഗിക്കപ്പെട്ട പ്രമോട്ടര്‍ ഉണ്ടായിട്ടും ആദിവാസികളുടെ പ്രശനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നില്ല വികസന കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ട ഗ്രാമസഭക്ക് പകരമായുള്ള ഊരുകൂട്ടം ചേരുന്നത് മിനുട് സില്‍ മാത്രമാണെന്ന ആരോപണം ഉയരുന്നുണ്ട്. ഊരുകൂട്ടം വിളിച്ചു ചേര്‍ക്കേണ്ടത് വാര്‍ഡ് മെമ്പറാണെങ്കിലും പന്നിയാര്‍ മലയില്‍ ഊരുകൂട്ടം വിളിച്ചു ചേര്‍ക്കപ്പെടുന്നില്ല എന്ന പരാതിയുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss