|    Oct 22 Mon, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വഴി തെറ്റിയെത്തിയ ബാലനെ റെയില്‍വേ പോലിസ് തിരിച്ചേല്‍പിച്ചു

Published : 23rd September 2017 | Posted By: fsq

 

കോട്ടയം: വഴിതെറ്റി കേരളത്തിലെത്തിയ ബാലനെ റെയില്‍വേ പോലിസ് അമ്മയ്ക്ക് തിരിച്ചേല്‍പിച്ചു. മഹാരാഷ്ട്രയില്‍നിന്ന് ട്രെയിന്‍ മാറിക്കയറി കോട്ടയത്തെത്തിയ നാസിക് സ്വദേശിയെയാണ് കോട്ടയം റെയില്‍വേ പോലിസ് സുരക്ഷിതമായി അമ്മയെ ഏല്‍പിച്ചത്. ഗണേഷ് ഭഗവാന്‍ എന്ന പതിനഞ്ചുകാരന്‍ ഈമാസം ഒന്നാം തിയ്യതിയാണ് മുംബൈ കാണാനായി നാസിക്കില്‍നിന്നും വണ്ടി കയറിയത്. പക്ഷേ, ഈ ട്രെയിന്‍ കേരളത്തിലേക്കുള്ളതായിരുന്നു. വണ്ടി കോട്ടയത്തെത്തിയപ്പോള്‍ ചുഴലി അസുഖമുള്ള ഗണേഷ് ബോധംകെട്ട് വീണു. ഉടന്‍ റെയില്‍വേ പോലിസെത്തി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറാത്തി മാത്രം അറിയാവുന്ന ഗണേഷിന്റെ ചികില്‍സയ്ക്കായി സിവില്‍ പോലിസ് ഓഫിസര്‍ ശ്രീദീപ്, വനിതാ പോലിസ് നീതു എന്നിവര്‍ 12 ദിവസത്തോളം മാറിമാറി ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായി. തുടര്‍ന്ന് കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ദ്വിഭാഷിയുടെ സഹായത്തോടെ നാട്ടിലേക്ക് ബന്ധപ്പെട്ടു. ഇതിനിടയില്‍ ഗണേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ മുംബൈ പോലിസില്‍ പരാതി നല്‍കിയിരുന്നു. കോട്ടയം റെയില്‍വേ പോലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഗണേഷിന്റെ അമ്മ ശോഭ ഭായ്, അച്ഛന്‍ ഭഗവാന്‍, ബന്ധുക്കള്‍, നാസിക്കിലെ ലോക്കല്‍ സ്‌റ്റേഷനിലെ രണ്ട് പോലിസുകാര്‍ക്കൊപ്പം കോട്ടയത്തെത്തുകയായിരുന്നു. സുരക്ഷിതമായി മകനെ കണ്ടെത്തിയതോടെ ശോഭ ഭായ്ക്ക് സന്തോഷമടക്കാനായില്ല. എല്ലാവരില്‍നിന്നും സ്‌നേഹം മാത്രം കിട്ടിയ കേരളത്തെ ഒരിക്കലും മറക്കില്ലെന്നും കേരളത്തിലുള്ളവര്‍ നല്ലവരാണെന്നും ഗണേഷും പ്രതികരിച്ചു. ഗണേഷിനെ സഹായിച്ച പോലിസുകാരെ മുംബൈ പോലിസും അഭിനന്ദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മാതാപിതാക്കള്‍ ഗണേഷിനെയുമായി ഇന്നലെ ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. വഴിതെറ്റിയെത്തിയ കുട്ടിയെ അമ്മയെ കണ്ടെത്തി ഏല്‍പിച്ചതില്‍ അഭിമാനമുണ്ടെന്ന് റെയില്‍വേ പോലിസ് പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss