|    Apr 24 Tue, 2018 4:54 am
FLASH NEWS
Home   >  Top Stories   >  

വഴി തെറ്റിക്കുന്ന സംഘബോധം

Published : 22nd July 2016 | Posted By: mi.ptk

IMTHIHAN-SLUGകഴിഞ്ഞ ദിവസങ്ങളില്‍  കൊച്ചിയിലും തിരുവനന്തപുരത്തുമായി  ഒരു കൂട്ടം അഭിഭാഷകരുടെ നേതൃത്വത്തില്‍ നടന്ന അക്രമപരമ്പരകളും അരങ്ങേറിയ കോപ്രായങ്ങളും വലിയ സാംസ്‌കാരിക പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിന്റെ യശസ്സിനു തീരാകളങ്കമാണ് വരുത്തിവെച്ചിരിക്കുന്നതെന്നതില്‍ രണ്ടഭിപ്രായമുണ്ടാമെന്നു തോന്നുന്നില്ല. തങ്ങളില്‍ പെട്ട ഒരാള്‍ ചെയ്ത തീര്‍ത്തും അമാന്യമായ ഒരു പ്രവൃത്തിയെ മറ്റൊരു കൂട്ടര്‍ അവരുടെ ജോലിയുടെ ഭാഗമായി പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തെരുവുഗുണ്ടകളേക്കാളും അധ:പതിച്ച രീതിയില്‍ അതിനെതിരെ പ്രതികരിക്കാന്‍, നീതിയും നിയമവാഴ്ചയും സമൂഹത്തില്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞബദ്ധരായ വിഭാഗത്തിന് എങ്ങനെ സാധിച്ചുവെന്നത് പൊതുസമൂഹം ഗൗരവമായി വിശകലനം ചെയ്യേണ്ടതാണ്. കൊച്ചിയിലേത്  പെട്ടെന്നു സംഭവിച്ചു പോയ പ്രകോപനം എന്ന രീതിയില്‍ ന്യായീകരിച്ചാല്‍ പോലും തിരുവനന്തപുരം സംഭവത്തെ എങ്ങനെ ന്യായീകരിക്കും? മതിയായ വിദ്യാഭ്യാസം ലഭിക്കാതെ സാഹചര്യങ്ങളുടെ ഫലമായി ക്രിമിനല്‍ പശ്ചാത്തലത്തിലേക്ക് വഴുതിവീണവരല്ല ഈ ആക്രമണ സംഘത്തിലുളളവരാരും തന്നെ. എല്ലാവരും നല്ല അഭ്യസ്തവിദ്യര്‍. സംഭവങ്ങള്‍ അരങ്ങേറുന്നതാകട്ടെ നിയമവാഴ്ചയും ക്രമസമാധാനപാലനവും അങ്ങേയറ്റം ഉറപ്പുവരുത്തേണ്ട കോടതി പരിസരത്തും. എന്താണ് ഈ ആക്രമങ്ങള്‍ അഴിച്ചു വിടുന്ന സംഘങ്ങള്‍ക്ക് ധൈര്യം  പകരുന്ന വസ്തുത എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്വാഭാവികമായും തങ്ങളുടെ യൂണിയനുകള്‍ നല്‍കുന്ന സംഘബലമാണ് ഇത്തരക്കാര്‍ക്ക് ധൈര്യം പകരുന്നത് എന്നത് പകല്‍ പോലെ വ്യക്തം. ഈ പ്രവണത ഇപ്പോള്‍ അക്രമവും പേക്കൂത്തുകളും അഴിച്ചുവിട്ടവരില്‍ മാത്രം പരിമിതമല്ല. മിക്കവാറും എല്ലാ സംഘടിത വിഭാഗങ്ങളിലും ഏറിയും കുറഞ്ഞും ഈ പ്രവണത ദൃശ്യമാണ്. സമൂഹത്തില്‍ മാന്യതയും പദവിയും കൂടുതലുളള, പൊതുസമൂഹവുമായും അധികാരികളുമായും കൂടുതല്‍ മല്‍പിടുത്തത്തിന് ശേഷിയുളള  വിഭാഗങ്ങളില്‍ അതൊന്നു കൂടി ശക്തമാണ് എന്നു മാത്രം. കൂട്ടത്തില്‍ പെട്ട ഒരാള്‍ എന്തന്യായം പ്രവര്‍ത്തിച്ചാലും അവരെ സംരക്ഷിക്കുന്ന നിലപാടാണ് മിക്ക തൊഴിലാളി യൂണിയനുകളും കൈകൊളളാറ്. വിഷയത്തിന്റെ ശരി തെറ്റുകള്‍ പരിശോധിക്കാന്‍ പോലും മിനക്കെടാതെ ബന്ധപ്പെട്ട സംഘടന മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് തങ്ങളുടെ സംഘശക്തി ഉപയോഗിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്നു.
TVM_court_attack_vanjiyoor

പ്രശനത്തിന്റെ മറുവശവും പ്രസക്തമാണ്. ഇപ്പോള്‍ മാധ്യമ സ്വാതന്ത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമൊക്കെ ഇപ്പോള്‍  വെണ്ടക്ക നിരത്തുന്ന മാധ്യമസുഹൃത്തുക്കളുടെ പൗരബോധവും മാധ്യമനൈതികതയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിയും മറിഞ്ഞുമിരിക്കാറുണ്ട് എന്നതും വിസ്മരിക്കാവതല്ല. സംഘബോധം അവരെയും വഴിതെറ്റിക്കാറുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിലെ ബാര്‍ വിവാദത്തില്‍ അധിക മാധ്യമസുഹൃത്തുക്കളും സത്യത്തെ വിട്ട് തങ്ങളുടെ സംഘബോധത്തെ തൃപ്തിപ്പെടുത്തുകയായിരുന്നുവെന്ന് കാണാം. അതുപോലെ തൊഴിലെടുക്കാനുളള അവകാശത്തെപ്പറ്റി വാചാലരാകുന്ന മാധ്യമലോകത്തെ എന്റെ സഹപ്രവര്‍ത്തകരില്‍ പലരും വേണ്ടത്ര അവധാനതയില്ലാതെ വേണ്ടത്ര അന്വേഷിക്കാതെയും പഠിക്കാതെയും ആളുകള്‍ക്ക് തീവ്രവാദ മുദ്ര ചാര്‍ത്തികൊടുത്ത് അവര്‍ക്ക് തൊഴിലെടുക്കാനോ സ്വസ്ഥമായി  ജീവിക്കാനോ ഉളള  അവകാശം കവരുന്നതും അത്യന്തം വിഷമകരമായ ഒരു സന്ദര്‍ഭത്തിലാണെങ്കിലും പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ ഇപ്പഴുയര്‍ത്തുന്ന ഈ മുറവിളികള്‍ക്ക് ആത്മക്ഷക്കപ്പുറമുളള മാനങ്ങളും പൊതുസമൂഹത്തിന്റെ പിന്തുണയും ആര്‍ജ്ജിക്കാനാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss