|    Apr 25 Wed, 2018 5:59 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

വഴിയാത്രക്കാരെ വലയ്ക്കാത്ത സംഗമം

Published : 11th April 2016 | Posted By: SMR

slug-vettum-thiruthum”സഹിഷ്ണുത മാത്രം വിളംബരം ചെയ്ത മതമാണ് ഇസ്‌ലാം. സമാധാനം ദൈവത്തില്‍നിന്നാണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. ഒരുഘട്ടത്തിലും മറ്റൊരാളോട് അനീതിയോ അക്രമമോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം നിര്‍ദേശിച്ചു.”

കെഎന്‍എം കോഴിക്കോട് കടപ്പുറത്ത് വിളിച്ചുചേര്‍ത്ത അന്താരാഷ്ട്ര സമാധാനസമ്മേളനത്തിലെ ഉദ്ഘാടനപ്രസംഗത്തില്‍ മുഴങ്ങിയ ചില വാക്കുകളുടെ മലയാള മൊഴിമാറ്റമാണ് മുകളിലുദ്ധരിച്ചത്. ഒട്ടേറെ പ്രത്യേകതകള്‍ കെഎന്‍എമ്മിന്റെ ഈ മഹാസംഗമത്തിനുണ്ടായിരുന്നു. മലബാറിലെ വന്‍ മുസ്‌ലിം ജനസാന്നിധ്യം ഈ സംഗമത്തിനുണ്ടായി എന്നതും വിശേഷങ്ങളില്‍ സുപ്രധാനമാണ്.
സംഗമത്തോടനുബന്ധിച്ച് ‘സമാധാന സസ്യം’ നട്ടുനനയ്ക്കലും ജനങ്ങളെ സാക്ഷിയാക്കി മക്ക ഇമാം ഡോ. ശെയ്ഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ് നിര്‍വഹിച്ചു.
ഇതൊന്നുമല്ല ‘വെട്ടും തിരുത്തും’ എഴുതുന്നയാളെ ആകര്‍ഷിച്ചത്. കെഎന്‍എം പ്രവര്‍ത്തകരുടെ, വോളന്റിയര്‍മാരുടെ ജാഗരൂകമായ നിയന്ത്രണങ്ങള്‍ ആരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള വിവിധ ദേശങ്ങളില്‍നിന്നെത്തിയവരുടെ ബാഹുല്യം കോഴിക്കോട് കടപ്പുറത്തെ, ചുട്ടുപൊള്ളുന്ന വേനലിലും ശരിക്കും ഈറനണിയിച്ചു. മക്ക ഇമാമിന്റെ പ്രാര്‍ഥനയില്‍ കാലാവസ്ഥാരൂക്ഷതയില്‍നിന്നുള്ള മോചനവും മഴയ്ക്കായുള്ള ദീനവിലാപവും പങ്കെടുത്തവരെ യഥാര്‍ഥത്തില്‍ പ്രാര്‍ഥനാനേരത്ത് കണ്ണീരണിയിച്ചു. കോഴിക്കോട് ഇത്തിരിനേരത്തേക്കെങ്കിലും മേഘങ്ങള്‍ പെയ്തിറങ്ങുകയുമുണ്ടായി. ദൈവത്തിന്റെ അപാര ഔദാര്യങ്ങള്‍ക്കു നന്ദി. ശകലം ഫഌഷ് ബാക്ക്.
സമീപദിവസങ്ങളില്‍ കോഴിക്കോട് നഗരത്തിലും സാഗരതീരത്തുമായി ചില സംഗമങ്ങളും കുട്ടിപ്രകടനങ്ങളും അരങ്ങേറുകയുണ്ടായി. നല്ലത്. എല്ലാവര്‍ക്കും എപ്പോഴും സംഗമിക്കാനും മുദ്രാവാക്യം വിളിക്കാനും പോലിസിന്റെ തല്ലുകൊള്ളാനും രണ്ടുരാവ് ജയിലില്‍ ഉറങ്ങാനും ഇന്ത്യാരാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. അത്രയ്ക്ക് വിശാലവും അക്ഷരപ്പിഴവില്ലാത്തതുമാണ് നമ്മുടെ നീതിന്യായവ്യവസ്ഥകള്‍. പക്ഷേ, അതിന്റെയൊക്കെ തണലില്‍ യാത്രക്കാരെ പെരുവഴിയിലാക്കാനും മുദ്രാവാക്യങ്ങള്‍ എന്ന പേരില്‍ പോലിസ് സേനയ്‌ക്കെതിരേ സഭ്യമല്ലാത്ത വാക്കുകള്‍ പ്രയോഗിക്കാനും സംഘടനാപ്രവര്‍ത്തകര്‍ തുനിയുന്നത് നല്ല തല്ലുകൊള്ളാഞ്ഞിട്ടാണെന്ന് യാത്രക്കാരില്‍ ചില പക്വമതികള്‍ അമര്‍ഷംപൂണ്ട് വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘മഹാഭാരത’ സംഗമക്കാരുള്‍പ്പെടെ പലരും സാധാരണ ജനത്തെ കൊഞ്ഞനംകുത്തുമാറാണ് തെരുവീഥിയില്‍ പ്രവര്‍ത്തിച്ചത്.
കെഎന്‍എം പ്രവര്‍ത്തകരും വോളന്റിയര്‍മാരും സമാധാനസമ്മേളനത്തോടനുബന്ധിച്ച് നാനാദിക്കുകളില്‍നിന്നെത്തിയവരെ നിയന്ത്രിച്ച് കടപ്പുറത്ത് സംഗമിപ്പിച്ചതും മഹാമൗനങ്ങള്‍ കൂടുകെട്ടിയ മഗ്‌രിബ് പ്രാര്‍ഥനയുടെ തേനീച്ചസ്വരങ്ങളും കണ്ണീരണിഞ്ഞ പ്രാര്‍ഥനാനിമിഷങ്ങള്‍ക്കും ശേഷം സമാധാനപൂര്‍വം പിരിഞ്ഞ ജനത്തെ വഴിതിരിച്ച് ഗതാഗതം സുഗമമാക്കിയതും ഒരു സമാധാനസമ്മേളനത്തിനു യോജിച്ച സാമാന്യമര്യാദകളോടെയും തികഞ്ഞ അച്ചടക്കത്തോടെയുമായിരുന്നു.
നല്ലൊരു ദിനപത്രം സ്വന്തമായില്ലാതിരുന്നിട്ടും പ്രമുഖ ദിനപത്രങ്ങള്‍ സമാധാനസംഗമത്തിന്റെ പടവും വന്‍ ജനാവലിയും നമസ്‌കാരമുഹൂര്‍ത്തവും പ്രഥമ പേജില്‍ തന്നെ വാര്‍ത്തയാക്കി. ഇതെഴുതുന്നയാള്‍ മൂന്നു സംഭവങ്ങളിലും യാത്രാക്ലേശം അനുഭവിച്ചു. പക്ഷേ, കെഎന്‍എം വോളന്റിയര്‍മാര്‍ പുലര്‍ത്തിയ ആത്മസംയമനവും അധ്വാനശേഷിയും എത്ര വാഴ്ത്തിയാലും മതിയാവില്ല.
പോളിങ്ബൂത്തില്‍ ജനം എത്തുന്നതിനു മുന്നോടിയായി, മെയ് 16നു മുമ്പ് ‘പത്തു നൂറ് വോട്ട്’ തികച്ചു കിട്ടാത്തവരും അല്ലാത്തവരും പ്രകടനങ്ങളും സംഗമവും നടത്തി വോട്ടര്‍മാരടക്കം പാവം വഴിയാത്രക്കാരെ ദയവായി ക്ലേശിപ്പിക്കരുതേ എന്നാണപേക്ഷ. പത്തുമുക്കാല്‍ കൈയിലുണ്ടെങ്കില്‍ ജനത്തെ കൊഞ്ഞനംകുത്താം എന്ന് മോഹിച്ചവര്‍ പലരും ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലുള്ള കാര്യം ‘ആരും’ മറക്കാതിരുന്നാല്‍ നന്ന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss