|    Dec 16 Sat, 2017 8:32 pm
FLASH NEWS

വഴിമാറിയ കൃഷി പരീക്ഷണം കൃഷ്ണദേവിന്റെ ജീവിതത്തിന് പട്ടിന്റെ പകിട്ട്

Published : 22nd November 2016 | Posted By: SMR

കാളികാവ്: കൃഷ്ണദേവിന് കൃഷിയാണ് ജീവിതം. പച്ചക്കറി, കോഴി വളര്‍ത്തല്‍ തുടങ്ങിയ പരമ്പരാഗത കൃഷിയില്‍ നിന്നു മാറി പരീക്ഷണത്തിനിറങ്ങിയ തോട്ടപ്പാശ്ശേരി കൃഷ്ണദേവിന്റെ ജീവിതത്തിന് പട്ടിന്റെ പകിട്ടാണ്. ശുദ്ധമായ പട്ടുനൂലിന്റെ ഉല്‍പ്പാദനം ജനകീയമാക്കുന്നതിന്റെ ശ്രമത്തിലാണ് ഈ മുപ്പത്തിരണ്ടുക്കാരന്‍. ശാസ്ത്രീയമായ അറിവും പരിശീലനവും അതിലേറെ ക്ഷമയുമുണ്ടെങ്കില്‍ പണം വാരാന്‍ പറ്റുന്നതാണു പട്ടുനൂല്‍ കൃഷിയെന്നു യുവാവ് പറയുന്നു.എമ്പതുകളുടെ തുടക്കത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വന്‍ പ്രചാരണവും സാമ്പത്തിക സഹായവും നല്‍കി സെറികള്‍ച്ചര്‍ വ്യാപിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് ജനം ഏറ്റെടുത്തില്ല. ഇതിനായി രൂപീകരിച്ച സെറി ഫെഡും പിന്നീട് പിരിച്ചുവിട്ടു.  ഈ വര്‍ഷാദ്യമാണു കൃഷ്ണദേവ് ഈ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോള്‍ ഒന്നര ലക്ഷം മുട്ടകളുള്ള നാലു യൂനിറ്റ് കൃഷിയിലേക്ക് യുവാവ് എത്തി. സഹായത്തിനായി സെറികള്‍ച്ചര്‍ പരിശീലനം നേടിയ അട്ടപ്പാടിയിലെ ഭാസ്‌കരന്‍ ആശാന്‍ എന്നയാളെ കൂട്ടുപിടിച്ചാണു കൃഷി തുടങ്ങിയത്. പാലക്കാട്ടുള്ള സില്‍ക്ക് ബോഡിന്റെ ഹാച്ചറിയില്‍ നിന്നാണ് മുട്ടശേഖരിക്കുന്നത്. ശേഖരിച്ച മുട്ടകള്‍ ഏഴ് ദിവസം സംരക്ഷണത്തില്‍ നിര്‍ത്തി വിരിയിച്ചാണ് ഇതിനായി സ്ഥാപിച്ച ബോഡുകളില്‍ നിക്ഷേപിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്തും. വിളവെടുത്ത കൊക്കൂണ്‍ കര്‍ണാടകയിലെ രാംനഗറിലാണ് വില്‍പന നടത്തുന്നത്. മാസത്തില്‍ അമ്പതിനായിരത്തോളം രൂപ വരുമാനം ലഭിക്കും. കേന്ദ്ര സില്‍ക്ക് ബോഡിന്റെ കീഴില്‍ സംസ്ഥാന ഗ്രാമവികസന വകുപ്പാണു പട്ടുനൂല്‍ കൃഷിക്ക് സാങ്കേതികവും സാമ്പത്തിക സഹായവും നല്‍കുന്നത്. മുതല്‍ മുടക്കിന്റെ പകുതിയിലേറെ തുക സബ്‌സിഡി ലഭിക്കുന്ന ഏക കൃഷിയുമാണിത്. രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷ്ണദേവ് മള്‍ബറി കൃഷി നടത്തുന്നത്. വന്‍ വിപണന സാധ്യതയും വരുമാനവും ലഭിക്കുന്ന പട്ടുനൂല്‍ കൃഷിയിലേക്ക് ആരും കടന്നു വരുന്നില്ല. ഗ്രാമവികസന വകുപ്പിലെ പരിശീലനം നേടിയ മന്‍സൂര്‍, മുസ്തഫ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് യുവാവിനെ ഈ കൃഷിയിലേക്ക് വഴി കാണിച്ചത്. കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് വന്‍തോതില്‍ കൃഷി വ്യാപിപ്പിക്കാനാണ് യുവാവൊരുങ്ങുന്നത്. ആവശ്യമുള്ളവര്‍ക്ക് വിവര കൈമാറ്റത്തിനും സഹായത്തിനും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ യുവാവ് ഒരുക്കമാണ്. 9946212000 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss