|    Sep 21 Fri, 2018 10:33 am
FLASH NEWS
Home   >  Editpage  >  Article  >  

വഴിപിഴയ്ക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയം

Published : 3rd January 2018 | Posted By: kasim kzm

എം ഷാജര്‍ഖാന്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് നിയമപഠന കാംപസില്‍ എസ്എഫ്‌ഐയുടെ അഭിപ്രായങ്ങളോട് വിയോജിപ്പു പ്രകടിപ്പിച്ച വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതും അവര്‍ക്കെതിരേ കാംപസ് വിലക്കു പ്രഖ്യാപിച്ചതും പരമോന്നത നീതിപീഠത്തിന്റെ ശക്തമായ ഇടപെടലിന് വഴിയൊരുക്കിയിരിക്കുകയാണ്. വിദ്യാര്‍ഥിനികളെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വെറുതെവിട്ടില്ലെന്നു മാത്രമല്ല, കെഎസ്‌യു സെക്രട്ടറി കൂടിയായ സോഫി ജോസഫിനെ കാംപസില്‍ കയറാന്‍ പോലും അവര്‍ അനുവദിച്ചില്ല. അപ്പോഴാണ് കലാലയ രാഷ്ട്രീയചരിത്രത്തിലെ ആദ്യസംഭവമെന്നു തന്നെ പറയാവുന്ന വിധത്തില്‍, ആ വിദ്യാര്‍ഥിനി പോലിസ് അകമ്പടിയോടു കൂടി കാംപസില്‍ വരേണ്ട സാഹചര്യമുണ്ടായത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ അപമാനകരമായ ഈ സംഭവത്തിലും പ്രതിസ്ഥാനത്ത് എസ്എഫ്‌ഐ തന്നെ.
കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്‌ഐക്ക് ആധിപത്യമുണ്ടെങ്കില്‍ മറ്റാര്‍ക്കും അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന അവസ്ഥ നിലനില്‍ക്കുകയാണ്. ഇതു പറയുമ്പോള്‍ എസ്എഫ്‌ഐ നേതാക്കള്‍ കലിതുള്ളും; എവിടെയാണ് അങ്ങനെയൊരു അവസ്ഥയുള്ളതെന്നു ചൂണ്ടിക്കാണിക്കാമോ എന്നവര്‍ ചോദിക്കും. ഏറ്റവും ഒടുവിലത്തെ സംഭവമാണ്, കണ്ണൂര്‍ തലശ്ശേരിയിലെ ധര്‍മടത്തെ പാലയാട് കാംപസില്‍ സോഫി എന്ന വിദ്യാര്‍ഥിനിക്ക് സ്വതന്ത്രമായി കോളജില്‍ പോവാന്‍ കഴിയുന്നില്ല എന്നത്. അവര്‍ക്കു പോലിസ് സംരക്ഷണം ഹൈക്കോടതി നല്‍കിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയാലും എസ്എഫ്‌ഐയുടെ പ്രതികരണം വെല്ലുവിളിയുടെ സ്വരത്തില്‍ തന്നെയാണ്. ആരെയാണ് ആ വിദ്യാര്‍ഥിനി ഭയപ്പെടുന്നത് എന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. കേള്‍ക്കുന്നവര്‍ അമ്പരക്കും. എസ്എഫ്‌ഐ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവര്‍ ആ സംഘടനയെ മോശമായി ചിത്രീകരിക്കാന്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നു തോന്നും.
എന്നാല്‍, മുഖാമുഖം ആ ചോദ്യം മാതൃഭൂമി ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ഉയര്‍ന്നുവന്നപ്പോള്‍ നേതാവിന് ഉത്തരം മുട്ടി. സോഫി പറഞ്ഞു: ”എനിക്കു സംരക്ഷണം വേണ്ടത് എസ്എഫ്‌ഐയില്‍നിന്നാണ്.”
ഈ കേസില്‍ മര്‍ദനമേറ്റ സോഫി നടന്ന് ആശുപത്രിയില്‍ പോയത് എസ്എഫ്‌ഐയെ സംബന്ധിച്ചിടത്തോളം കുറ്റബോധമുള്ള കാര്യമാണ്. സാധാരണ അവര്‍ ഉപയോഗിക്കുന്ന പണിയായുധങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ സോഫിയെ എടുത്തോണ്ടുപോവേണ്ടിവരുമായിരുന്നല്ലോ. അത്രയൊന്നും ചെയ്തില്ല. എന്നിട്ടാണ് കശ്മലന്‍മാര്‍ പറയുന്നത്, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഒരു വിദ്യാര്‍ഥിനിയെ അടിച്ച് ആശുപത്രിയിലാക്കിയെന്ന്! എന്നാല്‍, ഇടിക്കട്ടയും കമ്പിപ്പാരയുമൊക്കെ വിദ്യാര്‍ഥികളുടെ മേല്‍ പ്രയോഗിച്ചതിന്റെ റിപോര്‍ട്ട് പത്രങ്ങളില്‍ ഇതിനകം വന്നുകഴിഞ്ഞതാണ്. എല്ലാ കാംപസുകളിലും ഏറിയും കുറഞ്ഞുമുള്ള അളവില്‍ സമാനമായ ഇടിക്കട്ടകളും ഇടിമുറകളുമൊക്കെ സ്വന്തമായുള്ള വിദ്യാര്‍ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് വടിവാളും വെട്ടുകത്തിയും പിടിച്ചെടുത്തപ്പോള്‍ അതൊക്കെ വാര്‍ക്കപ്പണിക്കു കൊണ്ടുവന്നതാണെന്നു പറഞ്ഞ് തടിതപ്പാന്‍ എസ്എഫ്‌ഐ നേതാക്കള്‍ കുറേ കഷ്ടപ്പെട്ടതാണ്. അതൊക്കെ സൂക്ഷിക്കുന്നത് കോളജ് യൂനിയന്‍ ഓഫിസുകളിലാണ് എന്നത് മറ്റൊരു വസ്തുത. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ ഓഫിസ് ആയുധപ്പുരയെന്നാണ് പണ്ടു മുതലേ അറിയപ്പെടുന്നത്.
എതിര്‍ശബ്ദങ്ങള്‍ നിശ്ശബ്ദമാക്കാന്‍ എസ്എഫ്‌ഐ വര്‍ഷങ്ങളായി നടത്തിവരുന്ന സംഘടിത ഗുണ്ടാപ്രവര്‍ത്തനങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമേ പുറത്തുവരാറുള്ളൂ. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നടന്നുകൊണ്ടിരിക്കുന്നത് നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണ്. ആ കോളജില്‍ ലൈബ്രറിയില്‍ പോവണമെങ്കില്‍ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയുടെ അനുമതി വേണം. എസ്എഫ്‌ഐയുടെ മാഗസിന്‍ ‘സ്റ്റുഡന്റി’ന്റെ വരിക്കാരായിരിക്കണം മുഴുവന്‍ വിദ്യാര്‍ഥികളും എന്നു നിര്‍ബന്ധപൂര്‍വം പറയുകയും അത് അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുതരം ഗുണ്ടാപ്പിരിവ് നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പരാതി പറയുന്നു. പക്ഷേ, എതിര്‍ക്കാന്‍ ധൈര്യമില്ല. കാരണം, ഇടിമുറിയില്‍ പരീക്ഷിക്കപ്പെടുമെന്ന ഭീതി തന്നെ. ‘രാഖി’ കെട്ടിക്കൊണ്ടു ചെല്ലുന്ന വിദ്യാര്‍ഥികള്‍ എബിവിപിക്കാരാണെന്ന മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ കായികമായ ആക്രമണത്തിന് ഇരകളാവേണ്ടിവരുന്ന സാഹചര്യം അവിടെയുണ്ട്. ജാതിമത-വര്‍ഗീയ സംഘടനകളെ നേരിടേണ്ടത് കായികമായാണോ?
അണികള്‍ക്കു നല്‍കുന്ന പരിശീലനം കായികമായി അവരെ ഉന്‍മൂലനം ചെയ്യുന്ന വിധത്തിലാണ്. ജനാധിപത്യബോധം തീരെയില്ലാത്ത അക്രമിസംഘത്തെ വളര്‍ത്തിയെടുക്കുക എന്ന ശൈലി എത്രമേല്‍ വിപല്‍ക്കരമാണെന്നു ചിന്തിക്കാനുള്ള ഇടം പൂര്‍ണമായി നഷ്ടപ്പെട്ടുപോയിരിക്കുന്നു. കേരളത്തിലെ മിക്ക കാംപസുകളിലും ഇപ്പോള്‍ ജനാധിപത്യമില്ല. അഥവാ, വളരെ ഔപചാരികമായ തലത്തില്‍ അതു നിലനില്‍ക്കുന്നുവെങ്കില്‍ തന്നെ അതിന്റെ അന്തസ്സത്തയ്ക്ക് കളങ്കം ചാര്‍ത്താന്‍ അക്രമസംഭവങ്ങള്‍ക്കു വളംവയ്ക്കുന്നവരും നേതൃത്വം നല്‍കുന്നവരുമാണ് ഓരോ കാംപസിലെയും ‘നേതാക്കള്‍.’ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. എതിര്‍ശബ്ദങ്ങളോട് അസഹിഷ്ണുതയുള്ളവര്‍ ജില്ലാ നേതാക്കളാവുമ്പോള്‍ കുറേക്കൂടി സഹിഷ്ണുത പ്രതീക്ഷിക്കും.
പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, രാഷ്ട്രീയ സഹിഷ്ണുത തൊട്ടുതീണ്ടാത്തവരുടെ വലിയ പടയാണ് ജില്ലാ നേതാക്കള്‍. പിന്നെ, സംസ്ഥാന നേതാക്കള്‍. അവരുടെ നിലവാരമെന്തെന്ന് ചാനല്‍ അന്തിച്ചര്‍ച്ചകളില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. എതിര്‍ രാഷ്ട്രീയം പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയെന്ന നീചമായ രാഷ്ട്രീയ സംസ്‌കാരമാണ് നേതാക്കള്‍ പ്രദര്‍ശിപ്പിക്കുന്നത്. മറ്റു വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് അഭിപ്രായം പറയണമെങ്കില്‍ വലിയ ആള്‍ബലം വേണമെന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ പഠിച്ചുവച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് എത്ര വോട്ട് ലഭിച്ചുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനോട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചോദിക്കുന്നതു കേട്ടു. പാലയാട് കാംപസില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നു പറഞ്ഞപ്പോഴാണ് വോട്ടിന്റെ കണക്കു ചോദിക്കുന്നത്. എത്ര അധഃസ്ഥിതമായ രാഷ്ട്രീയ പാപ്പരത്തമാണതെന്നു മനസ്സിലാക്കാനുള്ള വിവേകം പോലും ‘ഇടത്’ എന്നു സ്വയം വിശേഷിപ്പിക്കുന്ന സംഘടനാപ്രവര്‍ത്തകര്‍ക്ക് ഇല്ലെങ്കില്‍, പിന്നെന്തു രാഷ്ട്രീയമാണ് നിങ്ങള്‍ക്കുള്ളതെന്നു ചോദിക്കാതെ വയ്യ.
ഈ അരാഷ്ട്രീയ അക്രമപ്രവര്‍ത്തനങ്ങള്‍ എസ്എഫ്‌ഐ കാട്ടിക്കൂട്ടുന്നത് ഏതു കാലഘട്ടത്തിലാണ് എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. എസ്എഫ്‌ഐ ഇക്കാലമത്രയും നടത്തിയ ഏകാധിപത്യ അക്രമരാഷ്ട്രീയത്തിന്റെ ഫലമായി കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയപ്രവര്‍ത്തനമോ സംഘടനാ പ്രവര്‍ത്തനങ്ങളോ പാടില്ലെന്ന ആവര്‍ത്തിച്ചുള്ള ഹൈക്കോടതി വിധികളുടെ പശ്ചാത്തലം നിലനില്‍ക്കുമ്പോഴാണ് ഇത്തരം ഛിദ്രപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി എസ്എഫ്‌ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ അന്തകനാവാന്‍ കച്ചകെട്ടുന്നത്. യഥാര്‍ഥത്തില്‍, കേരളത്തിലെ കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിനു കാരണക്കാരായ പ്രമുഖ വിദ്യാര്‍ഥി പ്രസ്ഥാനം എസ്എഫ്‌ഐയാണ്. എബിവിപിക്കും മറ്റുള്ളവര്‍ക്കും അതില്‍ പങ്കില്ലെന്നല്ല പറയുന്നത്. തീര്‍ച്ചയായും ഒരു പങ്ക് അവര്‍ക്കുമുണ്ട്. പക്ഷേ, പാലാ സെന്റ് തോമസ് കോളജിലെ 2004ലെ സോജന്‍ ഫ്രാന്‍സിസ് കേസ് മുതല്‍ 2017ല്‍ പൊന്നാനി എംഇഎസ് കോളജിലെ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിക്കാന്‍ കാരണമായ കേസുകളില്‍ വരെ എസ്എഫ്‌ഐ നടത്തിയ അക്രമസംഭവങ്ങളാണ് കോടതി പരിഗണിച്ചിട്ടുള്ളത്. കലാലയങ്ങളില്‍ ജനാധിപത്യപരമായി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഇന്നേവരെ എസ്എഫ്‌ഐ നേതാക്കള്‍ പഠിച്ചിട്ടില്ല. അതിന് ഉത്തരവാദികള്‍ അവര്‍ക്കു നേതൃത്വം നല്‍കുന്ന സിപിഎം എന്ന പ്രസ്ഥാനം തന്നെയാണ്. കുട്ടിക്കുറ്റവാളികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയം അപകടം ചെയ്യുമെന്നു തിരിച്ചറിയാനോ കലാലയങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനോ ഒരു നടപടിയും അവര്‍ കൈക്കൊള്ളുന്നില്ല. അതുകൊണ്ടു തന്നെ കലാലയങ്ങളില്‍ നിന്ന് ആശയങ്ങളും ആദര്‍ശങ്ങളും പടിയിറങ്ങിയിരിക്കുന്നു. സര്‍ഗാത്മകമായ സംവാദങ്ങള്‍ കാംപസുകളില്‍ ഉണ്ടാവുന്നില്ല. എല്ലാ സംവാദങ്ങളുടെയും വാതിലുകള്‍ കൊട്ടിയടച്ച് വിദ്യാര്‍ഥികളില്‍ ഭീതി പരത്തി അക്രമത്തിന്റെ വേദികളാക്കി കാംപസുകളെ മാറ്റിത്തീര്‍ക്കുന്ന സംഘടനകള്‍ യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കെതിരേ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ജനാധിപത്യ വ്യവസ്ഥയെ തന്നെ അവര്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നു കുട്ടിനേതാക്കള്‍ക്ക് ആരാണ് പറഞ്ഞുകൊടുക്കുക?
എന്നാല്‍, കേരളത്തിലെ കലാലയ രാഷ്ട്രീയത്തെ ജനാധിപത്യപരമായി സംരക്ഷിക്കാന്‍ മറ്റ് ഇടതു-പുരോഗമന വിദ്യാര്‍ഥി, രാഷ്ട്രീയ-ബഹുജന പ്രസ്ഥാനങ്ങള്‍ക്കു കഴിയണം. ശരിയായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കണം. വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയബോധം പകര്‍ന്നുനല്‍കാന്‍ കഴിയുന്ന സംവാദ സദസ്സുകള്‍ സംഘടിപ്പിക്കണം. സാഹിത്യ പ്രവര്‍ത്തനങ്ങള്‍, മറ്റു സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് നാനാവിധത്തിലുള്ള പ്രോല്‍സാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കാന്‍ കഴിയണം.             ി

കര

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss