|    Jan 23 Mon, 2017 6:31 pm
FLASH NEWS

വഴിപിരിഞ്ഞു; 30 വര്‍ഷത്തെ യുഡിഎഫ് ബന്ധം കേരളാ കോണ്‍ഗ്രസ് (എം) അവസാനിപ്പിച്ചു

Published : 8th August 2016 | Posted By: SMR

എച്ച്  സുധീര്‍

ചരല്‍ക്കുന്ന് (പത്തനംതിട്ട): നീണ്ട 30 വര്‍ഷത്തെ മുന്നണിബന്ധം അവസാനിപ്പിച്ച് കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടു. ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയെയും നേതാവിനെയും കടന്നാക്രമിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്സിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണു തീരുമാനം. ചരല്‍ക്കുന്നില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന പാര്‍ട്ടി നേതൃക്യാംപിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണു ചെയര്‍മാന്‍ കെ എം മാണി നിര്‍ണായക തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എല്‍ഡിഎഫിലേക്കോ എന്‍ഡിഎയിലേക്കോ ഇല്ലെന്നു പറഞ്ഞ അദ്ദേഹം, സ്വതന്ത്രവീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതിനു നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമുള്ള മുന്നണിധാരണകള്‍ നിലവിലുള്ളതുപോലെ തുടരും. ഇതുസംബന്ധിച്ച കരാറുകള്‍ തുടര്‍ന്നും പാലിക്കുകയും ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യും. ദേശീയതലത്തില്‍ യുപിഎക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുമെന്നും മാണി അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്റെ പ്രഖ്യാപനത്തെ സഹപ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണു സ്വീകരിച്ചത്.
യുഡിഎഫ് ദുര്‍ബലപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടിക്കും ഘടകകക്ഷികള്‍ക്കും ആത്മപരിശോധനയ്ക്കും സ്വയം വിമര്‍ശനത്തിനും ഒരവസരം നല്‍കുന്നതിനു തങ്ങളുടെ തീരുമാനം സഹായിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. മുന്നണി വിടാനുള്ള കാരണത്തിനു പിന്നില്‍ ബാര്‍ കോഴ മാത്രമല്ല, നിരവധി വിഷയങ്ങളുണ്ട്. ബാര്‍ കോഴ അതില്‍ ഒന്നു മാത്രമാണ്- അദ്ദേഹം പറഞ്ഞു.
പരാതികള്‍ യുഡിഎഫില്‍ ചര്‍ച്ചചെയ്യാതെയാണോ നിലവിലെ തീരുമാനമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പോയിക്കഴിയുമ്പോള്‍ ഇനി എന്തെല്ലാം തങ്ങള്‍ക്കെതിരേ പറയുമെന്ന് അറിഞ്ഞുകൂടെന്നായിരുന്നു മാണിയുടെ പ്രതികരണം. ഇനി തങ്ങളുടെ നേരെ കല്ലെറിയാന്‍ വരും. അതില്‍ കാര്യമില്ല. അവര്‍ പറഞ്ഞോട്ടെ. തങ്ങള്‍ ഇങ്ങനെയാണ്. ഒരു വീടായാല്‍ സമാധാനം വേണം. കൂട്ടായ്മയ്‌ക്കൊപ്പം പരസ്പരസ്‌നേഹവും വിശ്വാസവുമാണു ഏറ്റവും വലിയ ബന്ധം. എന്നാല്‍, യുഡിഎഫില്‍ ആര്‍ക്കും പരസ്പരവിശ്വാസമില്ല.
സ്‌നേഹമില്ലെങ്കില്‍ ആ മുന്നണിയില്‍ എങ്ങനെ നില്‍ക്കാന്‍ പറ്റുമെന്നു മാണി ചോദിച്ചു. തങ്ങളെയൊക്കെ ശത്രുതാമനോഭാവത്തോടെയാണു ചിലര്‍ കാണുന്നത്. തങ്ങളെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ്സില്‍ പ്രത്യേക ബറ്റാലിയനുണ്ടാക്കി. ഇതിനായി ഫണ്ടുണ്ടാക്കി ചില മണ്ഡലങ്ങളില്‍  റിക്രൂട്ട്‌മെന്റും നടത്തി. ഇങ്ങനെയൊക്കെ ചെയ്യുകയെന്നത്  കേട്ടുകേള്‍വിയില്ലാത്തതാണ്. സഹിച്ചും ക്ഷമിച്ചുമാണു  ഇത്രയുംകാലം നിന്നത്. ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞ് അവസാനമാണു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബറ്റാലിയനില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഓരോരുത്തരുടെയും പേരെടുത്തു പറയുന്നില്ലെന്നായിരുന്നു മാണിയുടെ മറുപടി.
പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫുമായി കെ എം മാണി കൂടിക്കാഴ്ച നടത്തി. മുന്നണി വിടേണ്ടെന്ന നിലപാട് നേരത്തെ പി ജെ ജോസഫ് വിഭാഗത്തിനുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയിലെ പൊതുവികാരത്തെ തുടര്‍ന്ന് നിലപാട് മയപ്പെടുത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക